എല്ലാം മടുത്തുപോയി എന്ന് ലോകസമ്പന്നന്‍!

ബുധന്‍, 30 മാര്‍ച്ച് 2011 (19:16 IST)
PRO
‘ലോകത്തിലെ ഒരു പെയിന്റിംഗും ഇപ്പോള്‍ എന്റെ ഉറക്കം കെടുത്തുന്നില്ല’ - പറയുന്നത് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ കാര്‍ലോസ് സ്ലിം. ഏറ്റവും വലിയ പെയിന്റിംഗ് ശേഖരത്തിനുടമയായ കാര്‍ലോസ് തന്റെ ഭാര്യയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പെയിന്റിംഗ് ശേഖരണം തുടങ്ങിയത്. ലോക ക്ലാസിക്കുകളെല്ലാം തന്നെ തന്റെ ശേഖരത്തില്‍ വേണമെന്ന വാശിയോടെയാണ് ഓരോ ലേലവും അദ്ദേഹം കൊണ്ടത്. പോള്‍ ഗോഗിനും വിന്‍സെന്റ് വാന്‍‌ഗോഗും സാല്‍‌വദോര്‍ ദാലിയും പിക്കാസോയുമെല്ലാം കാര്‍ലോസിന്റെ ഭാര്യയുടെ പേരിലുള്ള മ്യൂസിയത്തില്‍ നിറഞ്ഞു. നിലവില്‍ സൌമായ മ്യൂസിയത്തില്‍ 66000 പെയിന്റിംഗുകളുണ്ട്.

“പെയിന്റിംഗുകള്‍ തിരഞ്ഞു നടക്കുമ്പോള്‍ ഞാനൊരു കുഞ്ഞിനെപ്പോലെയായിരുന്നു. കണ്ണില്‍ കണ്ടതെല്ലാം എനിക്കു വേണം. എന്നാലിന്ന് ഏതെങ്കിലും ചിത്രം സ്വന്തമാക്കണമെന്നോര്‍ത്ത് എനിക്ക് ഉറക്കം നഷ്ടപ്പെടുന്നില്ല. ഞാന്‍ മതിയാക്കി” - ഫോബ്സ് മാഗസിന്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി തിരഞ്ഞെടുത്ത കാര്‍ലോസ് സൌമായയില്‍ നടന്ന മ്യൂസിയം ഉദ്ഘാടനച്ചടങ്ങില്‍ വച്ച് പറഞ്ഞു.

ഭ്രാന്തമായ യാത്രകളാണ് ചിത്രങ്ങള്‍ക്ക് പിന്നാലെ താന്‍ ദശകങ്ങളോളം നടത്തിയതെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. ഏതാണ്ട് 74 ബില്യന്‍ ഡോളറാണ് കാര്‍ലോസിന്റെ സമ്പാദ്യം. ഉദ്ഘാടനച്ചടങ്ങില്‍ ലോകപ്രശസ്ത സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസും കാര്‍ലോസിനൊപ്പമെത്തി. മെക്സിക്കന്‍ പ്രസിഡന്റ് ഫെലിപ് കാര്‍ഡറോണും ചടങ്ങില്‍ പങ്കെടുത്തു. തന്റെ മ്യൂസിയം മാനവികതയ്ക്ക് വലിയൊരു മൂലധനമായി മാറുമെന്ന് കാര്‍ലോസ് പ്രത്യാശിച്ചു.

വെറും വിദ്യാഭ്യാസത്തിന് അപ്പുറമുള്ള ചിലത് വിനിമയം ചെയ്യാന്‍ ചിത്രങ്ങള്‍ക്ക് സാധിക്കുന്നു. ഉയര്‍ന്ന സംവേദകത്വം വളര്‍ത്താനും ഇതുവഴി സാധിക്കുമെന്നും മര്‍ക്കേസിന്റെ കൂട്ടുകാരന്‍ വ്യക്തമാക്കി.

കാര്‍ലോസിന്റെ ഭാര്യ സൌമയ്യ മരിക്കുന്നത് 1999ലാണ്. തന്റെ ഈ മ്യൂസിയം 100 ശതമാനവും മെക്സിക്കന്‍ പരിശ്രമത്തിന്റെ ഫലമാണെന്ന് കാര്‍ലോസ് അറിയിച്ചു. മ്യൂസിയത്തില്‍ പെയിന്റിംഗുകള്‍ കൂടാതെ ടെക്‌സ്‌റ്റൈല്‍‌സ്, ഫാഷന്‍ ഫോട്ടോഗ്രഫി, സെറാമിക്സ്, നാണയങ്ങള്‍ തുടങ്ങിയവയുടെ ശേഖരവുമുണ്ടാകും.

വെബ്ദുനിയ വായിക്കുക