ആവശ്യങ്ങളോട് അനുകൂല നിലപാട് സ്വീകരിക്കാതെ ഇനി മാനേജ്മെന്‍റുമായി ചര്‍ച്ചയ്ക്കില്ലെന്ന് സമരത്തിലേര്‍പ്പെട്ടിരിക്കുന്ന എയര്‍ ഇന്ത്യ പൈലറ്റുമാര്‍ അറിയിച്ചു. ഒരു നീക്കുപോക്കിനും തയ്യാറല്ലെന്നും പൈലറ്റുമാരുടെ പ്രതിനിധി വ്യക്തമാക്കി.
മൂന്ന് മാസത്തെ അലവന്‍സ് കുടിശ്ശിഖയും വെട്ടിക്കുറച്ച പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ഇന്‍സെന്‍റീവും പുനസ്ഥാപിക്കണമെന്ന് പൈലറ്റുമാര്‍ ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യ ചീഫ് മാനേജിംഗ് ഡയറക്ടര്‍ അരവിന്ദ് ജാദവ് പൈലറ്റുമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്കില്ലെന്ന് പൈലറ്റുമാരുടെ പ്രഖ്യാപനം പ്രശ്നം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
മുംബൈ ആസ്ഥാനമായുള്ള ചില പൈലറ്റുമാരെ മാത്രമേ മാനേജ്മെന്‍റ് ചര്‍ച്ചകള്‍ക്ക് സമീപിക്കുന്നുള്ളുവെന്നും കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഒഴിവാക്കുന്നതായും പൈലറ്റുമാര്‍ക്കിടയില്‍ പരാതിയുണ്ട്. 20 എയര്‍ ഇന്ത്യ വിമാനങ്ങളാണ് ഇന്ന് സമരം മൂലം റദ്ദാക്കിയത്. ഇതില്‍ പതിനഞ്ചെണ്ണം ഡല്‍ഹിയില്‍ നിന്നുള്ളവയാണ്.