എച്ച്ടിസിയുടെ ഏറ്റവും പുതിയ സ്മാർട് ഫോണ്‍ എച്ച്ടിസി 10 ഇന്ന് വിപണിയിലെത്തും. രണ്ടു വ്യത്യസ്ത വേരിയന്റുകളിൽ എത്തുന്ന ഫോണുകളിൽ പ്രോസസർ ഒഴികെ മറ്റൊന്നിനും കാര്യമായ മാറ്റങ്ങളില്ല. ഫോൺ വാങ്ങിയ ശേഷം ആദ്യത്തെ ഒരു വർഷത്തിനുള്ളിൽ ഫോൺ വെള്ളത്തിൽ വീണുണ്ടാകുന്ന തകരാറുകൾക്കും, സ്ക്രീൻ തകരുന്നതിനും പ്രത്യേക സൗജന്യ റീപ്ലേസ്മെന്റ് പ്ലാനുകളും ഫോണിനൊപ്പം ലഭ്യമാണ്.
ആഗോള വിപണിയിൽ എച്ച്ടിസി 10 എന്ന പേരിൽ എത്തുന്ന ഫോണിന്റെ മറ്റൊരു വേരിയന്റായ579 എച്ച്ടിസി 10 ലൈഫ് സ്റ്റൈലാകും ഇന്ത്യൻ വിപണിയിലെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കൻ വിപണിയിലെത്തിയ എച്ച്ടിസി 10 സ്മാർട്ട്ഫോൺ ക്വാൾകോം സ്നാപ്ഡ്രാഗൺ 820 പ്രോസസർ ഘടിപ്പിച്ച് എത്തിയപ്പോൾ എച്ച്ടിസി 10 ലൈഫ് സ്റ്റൈൽ ഫോൺ ക്വാൾകോം സ്നാപ്ഡ്രാഗൺ 652 പ്രോസസറോടെയാകും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ലഭിക്കുക. സിൽവർ, കാർബൺ ഗ്രേ എന്നീ രണ്ടു നിറങ്ങളിൽ ലഭ്യമാകുന്ന എച്ച്ടിസി 10 സ്മാർട് ഫോൺ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും 46,500 രൂപയ്ക്ക് ലഭിക്കും.