രണ്ട് വര്‍ഷത്തെ അനിശ്ചിതത്വത്തിന് ശേഷം രാജ്യത്തെ ഇരുചക്രവാഹന വിപണി തിരിച്ചുവരവിന്‍റെ പാതയിലെന്ന് റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ വിപണി കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 14.9 ശതമാനത്തിന്‍റെ വളര്‍ച്ച രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ 30.6 ലക്ഷം യൂണിറ്റിന്‍റെ വില്‍പനയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇക്കുറി ഇത് 35.2 ലക്ഷം യൂണിറ്റിലെത്തി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്ന 2008 ല്‍ ഇരുചക്രവാഹന വിപണിയില്‍ 11.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിപണിക്ക് കാര്യമായി കരകയറാനുമായിരുന്നില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വില്‍പനയില്‍ 1.2 ശതമാനം മാത്രമായിരുന്നു ഉയര്‍ച്ചയുണ്ടായത്.
75 സിസി മുതല്‍ 124 സിസി വരെ എഞ്ചിന്‍ ക്ഷമതയുള്ള ബൈക്കുകള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാരേറെ. വില്‍പനയില്‍ പതിനാറ് ശതമാനം വളര്‍ച്ചയാണ് ഇത്തരം ബൈക്കുകള്‍ക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 125 മുതല്‍ 249 സിസി വരെ ക്ഷമതയുള്ള ബൈക്കുകള്‍ക്ക് 11.8 ശതമാനമാണ് വില്‍പന വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.
ബൈക്ക് വില്‍പനയില്‍ 60-65 ശതമാനം വരെ ഗ്രാമീണമേഖലയില്‍ നിന്നാണെന്നതും വിപണിക്ക് പ്രതീക്ഷ നല്‍കുന്നു. ടാറ്റയുടെ വില കുറഞ്ഞ കാറായ നാനോയുടെയും മറ്റും വരവ് ഇരുചക്രവാഹന വിപണിയെ പ്രതിസന്ധിയിലാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇരുചക്രവാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് പ്രതീക്ഷയേകുന്ന ഈ വിവരം.