സാധാരണക്കാരന് വേണ്ടി ഒരു ലക്ഷത്തിന്‍റെ കാറും നാല് ലക്ഷം രൂപയ്ക്ക് ഫ്ലാറ്റും അവതരിപ്പിച്ച ടാറ്റ ധനികര്‍ക്കായി ആഡംബര ഫ്ലാറ്റുകളുമായി രംഗത്തു വരുന്നു. മൂന്ന് മുതല്‍ ഏഴു കോടി രൂപ വരെ വിലവരുന്ന ഫ്ലാറ്റുകളാണ് ടാറ്റ ഹൌസിംഗ് ഡവലപ്മെന്‍റ് അവതരിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ് ടാറ്റ സാധാരണക്കാരന് വേണ്ടി 3.9 ലക്ഷത്തിന്‍റെ ‘ശുഭ ഗ്രഹ’ഫ്ലാറ്റുകള്‍ അവതരിപ്പിച്ചത്. ഒരു ബെഡ്‌റൂമും കിച്ചനും അടങ്ങുന്നതായിരുന്നു ഇവ. എന്നാല്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ആഡംബര ഫ്ലാറ്റ് പൂര്‍ണമായും ധനികര്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തതാണ്. മുബൈയ്ക്കടുത്ത് ലോണോവാലയിലാണ് ആഡംബര ഫ്ലാറ്റ് ഒരുങ്ങുന്നത്.
4000 മുതല്‍ 10000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 73 വില്ലകളാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. സ്വിമ്മിംഗ് പൂള്‍ അടക്കമുള്ള എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉള്ളതായിരിക്കും ഈ ഫ്ലാറ്റുകള്‍. 73 വില്ലകളില്‍ 23 എണ്ണം ഇപ്പോഴേ വിറ്റു പോയെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
മറ്റ് വിഭാഗങ്ങളിലുള്ള പ്രീമിയം (80 ലക്ഷം മുതല്‍ 2.5 കോടി), അഫോര്‍ഡബിള്‍ (15-50 ലക്ഷം), വാല്യു ഹോംസ് (10 ലക്ഷം) തുടങ്ങിയ ഭവന നിര്‍മാണ പദ്ധതികള്‍ തുടരുമെന്നും ടാറ്റ ഹൌസിംഗ് ഡെവലപ്മെന്‍റ് മാനേജിംഗ് ഡയറകടറും സി ഇ ഒയുമായ ബ്രോട്ടിന്‍ ബാനര്‍ജി പറഞ്ഞു.