മൂന്ന് ദിവസത്തെതുടർച്ചയായ നഷ്ടത്തിനൊടുവിൽ പ്രതാപം തിരിച്ചുപിടിച്ച് ഓഹരിവിപണി. വ്യാപാര ആഴ്‌ചയുടെ അവസാന ദിനം മികച്ച നേട്ടത്തിലാണ് വിപണി ക്ലോസ് ചെയ്‌തത്. സെൻസെക്‌സ് 767 പോയന്റ് നേട്ടത്തിൽ 60,686.69ലും നിഫ്റ്റി 229.20 പോയന്റ് ഉയർന്ന് 18,102.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐടി, പവർ, ക്യാപിറ്റൽ ഗുഡ്‌സ്, റിയാൽറ്റി സൂചകകൾ ഒരുശതമാനംവീതം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. ആഴ്ചയുടെ തുടക്കത്തിൽ രൂപപ്പെട്ട ദുർബലാവസ്ഥയിൽനിന്ന് കരകയറാൻ വിപണിക്കായി. പണപ്പെരുപ്പ ഭീതിയിൽനിന്നകന്ന് പ്രവർത്തനഫലങ്ങളിൽ നിക്ഷേപകർ വിശ്വാസമർപ്പിച്ചതാണ് വിപണിക്ക് നേട്ടമായത്.