വ്യാപാര ആഴ്ചയിലെ അവസാന ദിനമായ വെള്ളിയാഴ്ച മാത്രം നിക്ഷേപകർക്ക് നഷ്ടമായത് 3.2 ലക്ഷം കോടി രൂപയാണ്. സെൻസെക്സ് 1,017 പോയന്റ് താഴ്ന്ന് 54,303ലും നിഫ്റ്റി 284 പോയന്റ് നഷ്ടത്തില്‍ 16,193ലുമാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ആഗോളതലത്തിൽ ഉത്പന്നങ്ങളുടെ വിലയുയരുന്നതും വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഒപ്പം പണപ്പെരുപ്പ നിരക്ക് റെക്കോർഡ് നിലവാരത്തിലെത്തുമെന്ന യുഎസിൽ നിന്നുള്ള വാർത്തയും വിപണിയെ തളർത്തുകയായിരുന്നു.
യുഎസിലെ ബോണ്ട് ആദായം മൂന്ന് ശതമാനത്തിന് മുകളിലെത്തിയത് നിക്ഷേപകരെ പിന്നോട്ട് വലിക്കുകയാണ്.ജൂണ്‍ ഒന്നിന് ലോക്ഡൗണില്‍ ഇളവുവരുത്തിയതിനുശേഷം ഷാങ്ഹായില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയത് വിതരണ ശൃംഖലയിലെ തടസങ്ങള്‍ തുടര്‍ന്നും നേരിടേണ്ടിവരുമെന്ന സൂചനയാണ് നിക്ഷേപകർക്ക് നൽകുന്നത്. ഇതും വിപണിയുടെ വീഴ്ചയ്ക്ക് ആക്കം കൂട്ടി.