ആഭ്യന്തര ഓഹരി വിപണിയില്‍ വെള്ളിയാഴ്ച തുടക്കം മുതല്‍ മുന്നേറ്റം കാഴ്ച വച്ച സൂചികകള്‍ മികച്ച നിലയില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് ഈ സമയം 744 പോയിന്‍റ് ലാഭത്തില്‍ 9788 എന്ന നിലയിലേക്കുയര്‍ന്നു.
ഇതിനു സമാനമായി ദേശീയ ഓഹരി വിപണി സൂചിക നിഫ്റ്റിയാവട്ടെ 189 പോയിന്‍റ് ലാഭത്തില്‍ 2886 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.
ആഗോള ഓഹരി വിപണിയിലെ മികച്ച മുന്നേറ്റമാണ് ഏഷ്യന്‍ വിപണിക്കൊപ്പം ആഭ്യന്തര ഓഹരി വിപണിയിലും മികച്ച മുന്നേറ്റത്തിനു വഴിയൊരുക്കിയത് എന്ന് ഓഹരി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ച സമയത്ത് മുംബൈ വിപണിയില്‍ വ്യാപാരത്തിനെത്തിയ 2575 സ്ഥാപനങ്ങളുടെ ഓഹരികളില്‍ 1577 എണ്ണം മുന്നേറിയപ്പോള്‍ 915 എണ്ണം നഷ്ടത്തിലും ബാക്കിയുള്ളവ സ്ഥിരത കൈവരിക്കുകയും ചെയ്തു.
അതേ സമയം മഹീന്ദ്ര ഓഹരി വില 23 ശതമാനം വര്‍ദ്ധനയോടെ 372 രൂപയിലേക്കുയര്‍ന്നപ്പോള്‍ എച്ച്.ഡി.എഫ്.സി 17.5 ശതമാനവും ജയപ്രകാശ് അസോസിയേറ്റ്സ് 16.5 ശതമാനവും വര്‍ദ്ധന കൈവരിച്ചു.
ഐ.സി.ഐ.സി.ഐ ബാങ്ക് 15.5 ശതമാനം വര്‍ദ്ധന കൈവരിച്ചപ്പോള്‍ സ്റ്റെറിലൈറ്റ് 14.5 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്നിവ 13.8 ശതമാനം വീതവും മുന്നേറ്റം കൈവരിച്ചു.
ഇതിനൊപ്പം ഹിന്‍ഡാല്‍ക്കോ, ടാറ്റാ സ്റ്റീല്‍, ടാറ്റാ പവര്‍ എന്നിവയും മികച്ച മുന്നേറ്റത്തോടെ വ്യാപാരം അവസാനിപ്പിച്ചു.