ഇന്‍ഷ്വറന്‍സ് : റിലയന്‍സ് രണ്ടാംസ്ഥാനത്ത്

വ്യാഴം, 31 മെയ് 2007 (18:44 IST)
ഇന്ത്യയിലെ ഇന്‍ഷ്വറന്‍സ് മേഖലയില്‍ റിലയന്‍സ് ഗ്രൂപ്പിന്‍റെ റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ളത് ഐ.സി.ഐ.സി.ഐ ആണ്.

2007 ലെ ഏപ്രില്‍ മാസത്തെ പ്രീമിയം വഴിയുള്ള വരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിലയന്‍സ് ഇന്‍ഷ്വറന്‍സ് ഈ നിലയിലെത്തിയത്. അനില്‍ ധീരുഭായ് ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലുള്ളതാണ് റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ്. ഇതുവരെ രണ്ടാം സ്ഥാന്‍ത്തുണ്ടായിരുന്ന ബജാജ് അലയന്‍സായിരുന്നു. ബജാജ് അലയന്‍സ് ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണ്.

2007 ഏപ്രിലില്‍ മാത്രം 221 കോടി രൂപയാണ് റിലയന്‍സിന് പ്രീമിയമായി ലഭിച്ചത്. ഈയിനത്തില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 215 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. ഒന്നാം സ്ഥാനത്തുള്ള ഐ.സി. ഐ.സി.ഐക്ക് 448.65 കോടി രൂപയുടെ പ്രീമിയമാണ് ലഭിച്ചത്.

അതേ സമയം ഏപ്രില്‍ മാസത്തെ പ്രീമിയം മാത്രം വച്ച് നോക്കുമ്പോള്‍ റിലയന്‍സ് ഒന്നാം സ്ഥാനത്താണുള്ളത് - 151 കോടി രൂപ. മുന്‍ നിരയിലുള്ള ഐ.സി.ഐ.സി.ഐ ആവട്ടെ ഈ സമയത്ത് 118 കോടി രൂപ മാത്രമാണ് സ്വരൂപിച്ചത്. ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍റ് ഡെവലപ് മെന്‍റ് അതോറിറ്റി നല്‍കിയതാണ് ഈ വിവരം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ പ്രീമിയം ഇനത്തിലുള്ള വരുമാനം കേവലം 70.3 കോടി മാത്രമായിരുന്നു എന്നതും ശ്രദ്ധേയമാണ്.

മൂന്നാം സ്ഥാനത്തുള്ള ബജാജ് അലയന്‍സിന്‍റെ ഇത്തവണത്തെ പ്രീമിയം ഇനത്തിലുള്ള വരുമാനം 215.3 കോടി ആയി ഉയര്‍ന്നിട്ടുണ്ട് - 17.90 ശതമാനം വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 183.6 കോടിയായിരുന്നു.

എന്നാല്‍ ഈ രംഗത്തുള്ള ഇഫ്കോ-ടോക്യോയുടെ പ്രീമിയം വരുമാനം കുറയുകയാണുണ്ടായത്. 2006 ഏപ്രിലില്‍ 121.43 കോടി വരുമാനം ഉണ്ടായിരുന്ന ഇവര്‍ക്ക് 2007 ഏപ്രിലില്‍ 107.24 കോടി മാത്രമാണ്‍ സ്വരൂപിക്കാന്‍ കഴിഞ്ഞത്.

വെബ്ദുനിയ വായിക്കുക