അവസാന ലാപ്പില്‍ അത് സംഭവിച്ചു; മലയാളി താരം ടിന്റു ലൂക്ക സെമി കാണാതെ പുറത്ത്
ബുധന്‍, 17 ഓഗസ്റ്റ് 2016 (20:48 IST)
റിയോ ഒളിമ്പിക്‌സിൽ 800 മീറ്ററിൽ മലയാളി താരം ടിന്റു ലൂക്ക സെമിയിലെത്താതെ പുറത്തായി. ഹീറ്റ്സിൽ ആറാമതെത്താനെ ടിന്റുവിന് സാധിച്ചുള്ളു. ആദ്യലാപ്പിൽ ഒന്നാമതുണ്ടായിരുന്ന ടിന്റു രണ്ടാം ലാപ്പിൽ പിന്തള്ളപ്പെടുകയായിരുന്നു.
രണ്ട് മിനിറ്റ് 00.58 സെക്കൻഡിൽ സീസണിലെ മികച്ച പ്രകടനമാണ് ടിന്റു പുറത്തെടുത്തത്. ലണ്ടൻ ഒളിമ്പിക്‌സിൽ ടിന്റു സെമിയിലെത്തിയിരുന്നു. മൂന്നാം ഹീറ്റ്സിലാണ് ടിന്റു മത്സരിച്ചത്. ആദ്യ 600 മീറ്ററിൽ വ്യക്‌തമായ ലീഡുണ്ടായിരുന്ന ടിന്റുവിന് അവസാന ലാപ്പിൽ കുതിക്കാനായില്ല.
സ്വിറ്റ്സർലൻഡിന്റെ സെലീന ബുച്ചൽ ഒന്നാമതായും കെനിയയുടെ മാർഗരറ്റ് വാംബുയി രണ്ടാമതായും സെമിയിലേക്ക് യോഗ്യത നേടി.
അതേസമയം, ബാഡ്മിന്റൻ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന കെ ശ്രീകാന്തും സെമി കാണാതെ പുറത്ത്. നിലവിലെ ഒളിമ്പിക് ചാംപ്യനായ ചൈനയുടെ ലിൻ ഡാനാണ് ക്വാർട്ടറിൽ ശ്രീകാന്തിനെ വീഴ്‌ത്തിയത്. സ്‌കോർ: 21-6, 11-21, 21-18.
അതിനിടെ ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്ന ഗുസ്തിയിൽ വനിതകളുടെ 58 കിലോഗ്രാം ഫ്രീസ്‌റ്റൈലിൽ സാക്ഷി മാലിക്കും 48 കിലോഗ്രാം വിഭാഗത്തിൽ വിനേഷ് ഫോഗട്ടും വിജയത്തോടെ പ്രീക്വാർട്ടറിൽ കടന്നു.