പ്രഗ്നാനന്ദയേക്കാൾ പ്രായം കുറവ്, പക്ഷേ റാങ്കിംഗിൽ ആനന്ദിനും മുകളിലെത്തി ചരിത്രനേട്ടം, ആരാണ് ഇന്ത്യയുടെ ഭാവിപ്രതീക്ഷയായ ഡി ഗുകേഷ്

വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (17:03 IST)
സെപ്റ്റംബര്‍ മാസത്തെ ഫിഡെ റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിംഗുള്ള താരമായി 17കാരനായ ഡി ഗുകേഷ്. ഇന്ത്യയുടെ ഇതിഹാസ ചെസ് താരമായ വിശ്വനാഥന്‍ ആനന്ദിനെ പിന്തള്ളിയാണ് ഗുകേഷിന്റെ നേട്ടം. 1986 ജൂലൈ ഒന്നിന് ശേഷം ഇതാദ്യമായാണ് ലോക റാങ്കിംഗില്‍ മറ്റൊരു ഇന്ത്യന്‍ താരം വിശ്വനാഥന്‍ ആനന്ദിനെ മറികടക്കുന്നത്. അഞ്ച് തവണ ലോക ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദ് ഗുകേഷിന് തൊട്ട് പിറകില്‍ ഒന്‍പതാം സ്ഥാനത്താണ്.
 
2758.4 ഫിഡെ റേറ്റിംഗാണ് ഡി ഗുകേഷിനുള്ളത്. 2754 പോയന്റുകളാന്‍ ചെസ്സില്‍ സജീവമല്ലാത്ത വിശ്വനാഥന്‍ ആനന്ദിനുള്ളത്. ഓഗസ്റ്റില്‍ നടന്ന ലോക ചെസ് ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഗ്‌നസ് കാള്‍സനോട് പരാജയപ്പെട്ട് ഗുകേഷ് പുറത്തായിരുന്നു. അതേസമയം മാഗ്‌നസ് കാള്‍സനുമായി ഫൈനലില്‍ പോരാടിയ ഇന്ത്യന്‍ താരമായ പ്രഗ്‌നാനന്ദ ഫിഡെ റേറ്റിംഗില്‍ പത്തൊന്‍പതാം റാങ്കിലാണ്. 2727 റേറ്റിംഗാണ് പ്രഗ്‌നാനന്ദയ്ക്കുള്ളത്.
 
കൊവിഡിന് ശേഷം ചെസ്സില്‍ സജീവമായ ഗുകേഷ് 2022ന് ശേഷം 127 റേറ്റഡ് ഗെയിമുകളിലാണ് പങ്കെടുത്തത്. ഈ കാലയളവിലാണ് താരം തന്റെ റേറ്റിംഗ് 2614ല്‍ നിന്നും 2725ലേക്ക് ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്നാണ് താരം ലോകറാങ്കിംഗില്‍ ആദ്യ 25ല്‍ ഇടം നേടിയത്. ഈ കാലയളവില്‍ 26 മത്സരങ്ങളില്‍ ഗുകേഷ് അപരാജിതനായി തുടര്‍ന്നിരുന്നു. ഈ വര്‍ഷം 76 റേറ്റഡ് ഗെയിമുകളില്‍ കളിച്ച ഗുകേഷ് തന്റെ റേറ്റിംഗ് 2725ല്‍ നിന്നും 2758ലേക്ക് ഉയര്‍ത്തുകയായിരുന്നു. 2800 റേറ്റിംഗ് പോയിന്റുകള്‍ തകര്‍ക്കാനായാല്‍ മാഗ്‌നസ് കാള്‍സന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന താരമെന്ന നേട്ടം ഗുകേഷിന്റെ പേരിലാകും. നിലവില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്ററാണ് ഗുകേഷ്. ആര്‍ പ്രഗ്‌നാനന്ദയെ മറികടന്നുകൊണ്ട് 2019ലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍