ആരാധകരുടെ മുന്നില്‍ തകര്‍ന്ന് പോയ ഇമേജ് വീണ്ടെടുക്കാന്‍ രണ്ട് സൂപ്പര്‍ ഹിറ്റുകളെങ്കിലും വേണ്ടിയിരുന്ന ഇന്ത്യന്‍ ഹോക്കിക്ക് അസ്ലന്‍ഷാ ഹോക്കിയില്‍ ചെറിയ തിരിച്ചടി. അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്‍റില്‍ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ ഇന്ത്യ ഫൈനലില്‍ അര്‍ജന്‍റീനയോട് ഗോള്‍ഡന്‍ ഗോളിലാണ് കീഴടങ്ങിയത്.
പരാജയപ്പെട്ടെങ്കിലും ലാറ്റിനമേരിക്കന്‍ ടീമിനു മുന്നില്‍ ആത്‌മവിശ്വാസമാര്‍ന്ന പ്രകടനമാണ് ഇന്ത്യ നടത്തിയത്. പ്രത്യേകിച്ചും പ്രാഥമിക റൌണ്ടില്‍ 5-1 നു പരാജയപ്പെട്ട ശേഷം. ആദ്യം ഗോളടിച്ച ഇന്ത്യ പ്രതിരോധം കാട്ടിയ പിഴവുകളിലൂടെ എതിരാളികള്‍ക്ക് ജയിക്കാന്‍ അവസരം നല്‍കുകയായിരുന്നു.
ഗോളടി സ്വന്തം ചുമതലയാക്കി മാറ്റിയ സന്ദീപ് സിംഗ് പതിനൊന്നാം മിനിറ്റില്‍ ഇന്ത്യയെ മുന്നിലെത്തിച്ചതാണ്. പെനാല്‍റ്റി കോര്‍ണര്‍ ലക്‍ഷ്യം കാണിച്ച് സന്ദീപ് തന്‍റെ ഒമ്പതാം ഗോള്‍ കണ്ടെത്തി. അതോടെ ടോപ് സ്‌കോറര്‍ പദവി സന്ദീപ് സ്വന്തമാക്കി. പതിനാലാം മിനിറ്റില്‍ ഇന്ത്യന്‍ ലീഡ് അര്‍ജന്‍റീന തകര്‍ത്തു. മരിയോ അല്‍മേഡയായിരുന്നു സ്‌കോറര്‍.
അതിനു ശേഷം ഗോളില്ലാതെ റഗുലര്‍ സമയം പൂര്‍ത്തിയാക്കിയ ഇരു ടീമുകളും അധിക സമയത്തിന്‍റെ ആദ്യ മിനിറ്റില്‍ തന്നെ മത്സരം അവസാനിപ്പിച്ചു. ഇത്തവണയും അല്‍മേഡ തന്നെ ഇന്ത്യന്‍ പ്രതീക്ഷകള്‍ തകര്‍ത്തു. 2006ല്‍ മാത്രം ടൂര്‍ണമെന്റില്‍ പങ്കെടുത്തുതുടങ്ങിയ അര്‍ജന്‍റീനയുടെ ആദ്യ കിരീടമാണിത്.
പാകിസ്താനെ 2-1ന് തോല്‍പിച്ച് ന്യൂസീലന്‍ഡ് മൂന്നാം സ്ഥാനക്കാരായി. കൊഴ വിവാദവും ഒളിമ്പിക് യോഗ്യത നേടാതെ പോയതും നിരാശപ്പെടുത്തിയ ഇന്ത്യന്‍ ദേശീയ വിനോദത്തിന് നഷ്ടമായ പേര് നിലനിര്‍ത്താനായി. ടീമിന്‍റെ പ്രകടനത്തില്‍ കോച്ച് എ.കെ ബന്‍സലും മാനേജര്‍ പര്‍ഗത് സിങ്ങും സംതൃപ്തി രേഖപ്പെടുത്തി.