വിംബിള്‍ഡണ്‍ ടൂര്‍ണമെന്റിന്റെ സമ്മാനത്തുക കൂട്ടി

ബുധന്‍, 20 ഏപ്രില്‍ 2011 (12:33 IST)
PRO
വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റിന്‍റെ സിംഗിള്‍സ് വിജയികള്‍ക്കുള്ള സമ്മാനത്തുക വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6.4 ശതമാനം വര്‍ധനയാണ് സമ്മാനത്തുകയില്‍ വന്നിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ മൊത്തം സമ്മാനനിധി 14.6 ദശലക്ഷം പൌണ്ടാണ്. പുരുഷ-വനിതാ സിംഗിള്‍സ് വിജയികള്‍ക്ക് 1.1 ദശലക്ഷം പൌണ്ട് വീതം സമ്മാനമായി ലഭിക്കും. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10 ശതമാനം അധികമാണിത്.

അതേസമയം, കായിക താരങ്ങളില്‍ നിന്ന് അമിതമായി നികുതി ഈടാക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ വിംബിള്‍ഡണ്‍ അധികൃതരും ക്ലബ്ബുകളും രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു ഏകീകരണം വേണമെന്ന് വിംബിള്‍ഡണ്‍ ചീഫ് എക്സിക്യുട്ടീവ് ഇയാന്‍ റിച്ചി പറഞ്ഞു. മൊത്തം സമ്മാനത്തുകയുടെ 50 ശതമാനം നികുതിയിനത്തില്‍ താരങ്ങള്‍ക്ക് നഷ്ടമാകും. ഇത് ഫുട്ബോള്‍ താരങ്ങള്‍ക്കോ മറ്റ് കായികതാരങ്ങള്‍ക്കോ നേരിടേണ്ടിവരുന്നില്ല. ടിക്കറ്റുകളുടെ കരിഞ്ചന്ത വില്‍പ്പന തടയുന്നതിന് കര്‍ശന നടപടികളെടുക്കുവാനും വിംബിള്‍ഡന്‍ അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്.

ജൂണ്‍ 20 മുതല്‍ ജൂലൈ മൂന്നു വരെയാണ് ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍. 125-മത് ചാമ്പ്യന്‍ഷിപ്പാണ് അരങ്ങേറാന്‍ പോകുന്നത്. 1877-ല്‍ ആണ് ആദ്യത്തെ ചാമ്പ്യന്‍ഷിപ്പ് വിംബിള്‍ഡണില്‍ അരങ്ങേറിയത്.

വെബ്ദുനിയ വായിക്കുക