ജി വി രാജ പുരസ്കാരത്തില്‍ നിന്നും ടോം ജോസഫ് പുറത്ത്?

വെള്ളി, 11 ഒക്‌ടോബര്‍ 2013 (10:32 IST)
PRO
സംസ്ഥാനത്തെ പരമോന്നത കായിക ബഹുമതിയായ ജി വി രാജ പുരസ്കാരം ലഭിക്കുന്നതില്‍ നിന്നും വോളിബോള്‍ താരം ടോം ജോസഫ് പുറത്തെന്ന് റിപ്പോര്‍ട്ട്.

അര്‍ജുന അവാര്‍ഡ് ടോമിന് ലഭിക്കാത്തതിന് മുറവിളി കൂട്ടിയ സ്വന്തം സംസ്ഥാനത്തിന്റെ പുരസ്കാരലിസ്റ്റില്‍ നിന്നുമാണ് ടോം പുറത്തായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

പക്ഷേ ഇതുവരെ ജി വി രാജ അവാര്‍ഡു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ദേശീയ / അന്തര്‍ദേശീയ കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച കേരളീയരായ കായിക താരങ്ങള്‍ക്ക് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്ന അവാര്‍ഡാണ് ജിവി രാജ പുരസ്കാരം.

അര്‍ജുന അവാര്‍ഡില്‍നിന്നും ടോമിനെ തഴഞ്ഞതിനെതിരെ കേരളം മുറവിളി കൂട്ടിയിരുന്നു. ദേശീയ വോളിബാളിലെ ഏറ്റവും മികച്ച താരമാണ് ടോം ജോസഫ് എന്ന കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി.

തുടര്‍ച്ചയായ ഒമ്പതാം തവണയുമാണ് അര്‍ജുന അവാര്‍ഡില്‍ നിന്നും ടോ ജോസഫ് പുറത്തായത്. ടോം ജോസഫിന് അര്‍ജുന അവാര്‍ഡ് ലഭിച്ചില്ലെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ കായികപ്രേമികളേക്കാള്‍ ആദ്യം ശക്തമായി പ്രതികരിച്ചത് നമ്മുടെ രാഷ്‌ട്രീയ നേതാക്കളാണ്.

മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരെല്ലാം ടോമിനുവേണ്ടി ശബ്ദമുയര്‍ത്തി. കേന്ദ്ര കായികമന്ത്രിയോട് ഫോണിലൂടെയും അല്ലാതെയുമൊക്കെ പലരും ശുപാര്‍ശ നടത്തുകയും ചെയ്തിരുന്നു. അതിനുശേഷമാണ് സംസ്ഥാനവും തഴയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

അവാര്‍ഡ് പ്രഖ്യാപനം പത്ത് മണിക്കാണെന്നായിരുന്നു അറിയിച്ചിരുന്നത് എന്നാല്‍ ഇപ്പൊള്‍ അത് 11മണിയാക്കിയിരിക്കുന്നു ടോമിനെക്കൂടി അവാര്‍ഡിന് പരിഗണിച്ചേക്കുമെന്നും മറ്റൊരു റിപ്പോര്‍ട്ടുണ്ട്.

വെബ്ദുനിയ വായിക്കുക