എല്ലാ ദശകളും ചേര്‍ന്നാല്‍ ഒരു പുരുഷായുസ്സാകും, അനുഭവിക്കാൻ യോഗമുണ്ടോ?

തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (14:05 IST)
ഒരാള്‍ ജനിക്കുന്ന നാള്‍ വച്ചാണ് ഏത് ദശയിലാണ് ജനനം എന്ന് കണക്കാക്കുന്നത്. നാള്‍ തുടങ്ങുന്ന സമയത്താണ് ജനനം എങ്കില്‍ ദശ പൂര്‍ണ്ണമായി അനുഭവിക്കേണ്ടിവരും. അതായത്, 60 നാഴികയുള്ള നാള്‍ മുഴുവനും ജനിച്ച ശേഷം വരുമ്പോള്‍ മാത്രമേ ആദ്യ ദശ ബാല്യത്തില്‍ മുഴുവന്‍ അനുഭവിക്കാനാവൂ എന്ന് ചുരുക്കം.
 
ഉദാഹരണത്തിന്, അവിട്ടം നാള്‍ തുടങ്ങി പത്ത് നാഴിക കഴിഞ്ഞ് ജനിക്കുന്ന ആള്‍ക്ക് ചൊവ്വാ ദശയുടെ ആറില്‍ ഒരു അംശം കുറയും. 
 
കാര്‍ത്തിക നാള്‍ തുടങ്ങി 20 നാഴിക കഴിഞ്ഞ് ജനിക്കുന്ന ഒരാള്‍ക്ക് ആദ്യ ദശയായ ആദിത്യ ദശയുടെ ആറില്‍ രണ്ട് അംശം കുറയും. അതായത് ആറു വര്‍ഷമുള്ള ആദിത്യ ദശ നാലു കൊല്ലമേ ഉണ്ടാവു എന്നര്‍ത്ഥം.
 
ജനന ശേഷമുള്ള നാഴികയെ ദശാവര്‍ഷം കൊണ്ട് ഗുണിച്ച് 60 കൊണ്ട് ഹരിച്ചാല്‍ ജനന ശിഷ്ട ദശ കിട്ടും. ഇതിനെ മാസങ്ങളും ദിവസങ്ങളുമാക്കി മാറ്റുകയും ചെയ്യാം. 
 
ഓരോ നാളുകളില്‍ ജനിക്കുന്നവരുടെ ആദ്യ ദശ താഴെ പറയുന്ന പ്രകാരമാണ് :
 
*അശ്വതി, മകം, മൂലം - കേതു ദശ (ഏഴ് കൊല്ലം)
* ഭരണി, പൂരം, പൂരാടം - ശുക്രദശ (20 കൊല്ലം)
* കാര്‍ത്തിക, ഉത്രം, ഉത്രാടം - ആദിത്യ ദശ (ആറ് കൊല്ലം)
* രോഹിണി, അത്തം, തിരുവോണം - ചന്ദ്ര ദശ (10 കൊല്ലം)
* മകയിരം, ചിത്തിര, അവിട്ടം - ചൊവ്വാ ദശ (7 കൊല്ലം)
* തിരുവാതിര, ചോതി, ചതയ - രാഹു ദശ (18 കൊല്ലം)
* പുണര്‍തം, വിശാഖം, പൂരുരുട്ടാതി - വ്യാഴ ദശ (16 കൊല്ലം)
* പൂയം, അനിഴം, ഉത്തൃട്ടാതി - ശനിദശ (19 കൊല്ലം)
* ആയില്യം, തൃക്കേട്ട, രേവതി - ബുധ ദശ (17 കൊല്ലം)
 
എല്ലാ ദശകളും ചേര്‍ന്നാല്‍ ഒരു പുരുഷായുസ്സായ 120 കൊല്ലം ആവും. ആദ്യത്തെ ദശയ്ക്ക് ശേഷം ഓരോ ദശയും ക്രമത്തില്‍ വരും. എന്നാല്‍ ഒരാളുടെ ജീവിത കാലത്ത് എല്ലാ ദശകളും അനുഭവിക്കാന്‍ സാധ്യമല്ല. 
 
ഉദാഹരണത്തിന്, കുജ ദശയില്‍ ജനിച്ച ഒരാള്‍ക്ക് കേതു ദശയോ ശുക്രദശയോ അനുഭവിക്കാന്‍ സാധ്യത കുറവാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍