രാജു മാത്യുവിനും സിദ്ധിക്കിനും പ്രവാസിരത്ന

PROPRO
രാജു മാത്യുവിനെയും സിദ്ധിക്ക്‌ വലിയകത്തിനെയും പ്രവാസിരത്ന അവാര്‍ഡുകള്‍ക്ക്‌ തെരഞ്ഞെടുത്തു.

ഗള്‍ഫ്‌ മേഖലയിലെ അജ്‌മാനിലെ പ്രവാസി മലയാളികളുടെ സംഘടനയായ നോണ്‍റസിഡന്‍റ് കേരളൈറ്റ്സ്‌ ഫൗണ്ടേഷന്‍ വിവിധ രംഗങ്ങളില്‍ മികവ്‌ തെളിയിച്ച വിദേശ മലയാളികളെ ആദരിക്കാന്‍ ഏര്‍പ്പെടുത്തിയതാണ്‌ ഈ അവാര്‍ഡുകള്‍.

കലാ സാംസ്കാരിക രംഗത്ത്‌ മികച്ച സേവനം കാഴ്ചവച്ചതിനാണ്‌ അയര്‍ലന്‍റിലെ രാജൂ മാത്യു കുന്നയ്ക്കാട്ട്‌ തെരഞ്ഞെടുക്കപ്പെട്ടതെങ്കില്‍ സാമൂഹ്യ സേവനത്തിനാണ്‌ കുവൈറ്റ്‌ മലയാളിയായ സിദ്ധിക്‌ വലിയകത്ത്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ്‌ ഹനീഫയും സെക്രട്ടറി ബിനു ശശികുമാറും പത്രക്കുറിപ്പില്‍ അറിയിച്ചതാണിക്കാര്യം. സമ്മാനത്തുകയായി 25,001 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങു അവാര്‍ഡ്‌ ഡിസംബര്‍ 19 ന്‌ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

അവാര്‍ഡ്‌ ജേതാക്കളെ പ്രശസ്ത സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ ചെയര്‍മാനും ജോസഫ്‌ പീറ്റര്‍, ജോബിന്‍ ജോസ്‌ എന്നിവര്‍ അംഗങ്ങളായുള്ള ജൂറിയാണ്‌ തെരഞ്ഞെടുത്തത്‌.

ഐറീഷ്‌ മലയാളി അസോസിയേഷന്‍ എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം കൂടിയായ രാജു മാത്യു കുന്നയ്ക്കാട്ട്‌ പ്രശസ്ത എഴുത്തുകാരന്‍ കൂടിയാണ്. രാജു മാത്യു ഡബ്ലിനിലെ ടോപ്പാസ്‌ എനര്‍ജി ലിമിറ്റഡില്‍ ഉദ്യോഗസ്ഥനാണ്‌.

PROPRO
കുവൈറ്റിനെ ഇറാഖ് ആക്രമിച്ച സമയത്ത് ജീവന്‍ പോലും തൃണവല്‍ഗണിച്ച് പ്രവര്‍ത്തിച്ച സിദ്ധിക്‌ വലിയകത്ത്‌ കുവൈറ്റ്‌ മലയാളികള്‍ക്ക്‌ സുപരിചിതനാണ്.

കോഴിക്കോട്‌ ജില്ലയിലെ വടകര സ്വദേശിയായ അദ്ദേഹം കുവൈറ്റ്‌ സിവില്‍ ഡിഫന്‍സ്‌ കമ്മിറ്റി അംഗവും ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂള്‍ ബോര്‍ഡ്‌ ഹോണററി മെമ്പറുമാണ്‌. ഇക്വേറ്റ്‌ പെട്രോകെമിക്കല്‍ കമ്പനിയുടെ പേഴ്സണല്‍ അഡ്മിനിസൃടേറ്ററായും പ്രവര്‍ത്തിച്ചുവരുന്നു.