പെണ്ണായാൽ സൗന്ദര്യം വേണമെന്നാണ് പഴമക്കാർ പറയുന്നത്. ആഭരണത്തോടും അലങ്കാര വസ്തുക്കളോടും പ്രിയമുള്ളവരാണ് പൊതുവെ സ്ത്രീകൾ. സൗന്ദര്യ വർധക വസ്തുക്കൾ ശേഖരിക്കുന്നതും ചിലരുടെ ഹോബിയാണ്. പ്രായം കുറയാൻ ചെയ്യുന്ന മേക്കപ്പ് ചിലപ്പോൾ പ്രായക്കൂടുതലായിരിക്കും തോന്നിപ്പിക്കുക.
സ്ത്രീകളുടെ സൗന്ദര്യത്തെ ഇരട്ടിയാക്കാൻ മേക്കപ്പിന് കഴിയും. ആഡംബരമല്ലാതെയും മേക്കപ്പ് ഉപയോഗിക്കാം. കുളിച്ച് കണ്ണെഴുതി, പൊട്ടും തൊട്ട്, പൗഡറും ഇട്ടാൽ തന്നെ പണ്ടൊക്കെ സ്ത്രീകൾക്ക് ഐശ്വര്യമായിരുന്നു. കാലം മാറിയതനുസരിച്ച് മേക്കപ്പിന്റെ രീതികളും മാറി. ഇപ്പോൾ മേക്കപ്പ് ഉപയോഗിക്കാതെ പുറത്തിറങ്ങാൻ പോലും മടിയാണ് ചില മേക്കപ്പ് പ്രേമികൾക്ക്.
മുഖത്തെ ചർമം ഇപ്പോഴും സുന്ദരമാണെന്ന് അറിയിക്കാനും സന്ദര്യത്തിനു കോട്ടം തട്ടിയിട്ടില്ല എന്നും തെളിയിക്കാനും ശ്രമിക്കുന്നവർ അതിന്റെ ദോഷങ്ങൾ ചിന്തിക്കാറില്ല. പ്രായം കുറയാനും സൗന്ദര്യം കൂടാനും ചെയ്യുന്ന ഇത്തരം മേക്കപ്പുകൾ അബദ്ധമാകുന്നതിന്റെ കാരണങ്ങൾ നോക്കാം.
1. ഫൗണ്ടേഷൻ
കണക്കില്ലാതെ മുഖത്ത് ഫൗണ്ടേഷൻ നടത്തുന്നവരുണ്ട്. കനത്തിൽ ഫൗണ്ടേഷൻ ചെയ്യുമ്പോൾ ചർമത്തിന് കട്ടിയുള്ളതു പോലെ തോന്നിക്കും. മുഖത്തെ ചർമം മുഴുവൻ വാരിത്തേക്കേണ്ട വസ്തുവല്ല ഫൗണ്ടേഷൻ. ആവശ്യമുള്ളിടത്ത് മാത്രം ഉപയോഗിക്കുക. ചർമത്തിന്റെ സ്വഭാവത്തിനനുസരിച്ച് വേണം മേക്കപ്പ് ഐറ്റംസ് വാങ്ങിക്കുവാൻ.
2. കണ്ണുകളെ ഭംഗിയാക്കാൻ ശ്രമിക്കുമ്പോൾ
സ്ത്രീകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് കണ്ണുകൾക്ക് വേണ്ടിയാണ്. കണ്ണുകൾ എന്നും സ്ത്രീ സൗന്ദര്യത്തെ മാറ്റുകൂട്ടുന്ന ഘടകമാണ്. എന്നാൽ കണ്ണിനെ സുന്ദരമാക്കാൻ ശ്രമിക്കുമ്പോൾ അപകടവും അമളികളും ഒളിഞ്ഞിരിപ്പുണ്ട്. നയനം മനോഹരമെന്നാണ് കവികൾ പറയുന്നത്. അതിനെ അതിന്റെ ഭംഗിയിൽ നിലനിർത്തണമെങ്കിൽ കണ്ണിനു ചുറ്റും ചെയ്യുന്ന മേക്കപ്പ് പരമാവധി കുറക്കുക. എപ്പോഴും കണ്ണിൽ മേക്കപ്പ് ഇട്ടാൽ കണ്ണുകൾ ക്ഷീണിച്ച് പ്രായാധിക്യം തോന്നിക്കും.
3. കളർഫുൾ ആയ ലിപ്സ്റ്റിക്
ചുണ്ടുകളിൽ ചായം തേക്കുന്നവരും കുറവല്ല. എന്നാൽ വ്യത്യസ്തമായ നിറങ്ങളിൽ ലിപ്സ്റ്റിക് ഇടുന്നവർ അത് ഭാവിയിൽ എത്രത്തോളം ദോഷം ചെയ്യുമെന്ന് ചിന്തിക്കാറില്ല. കടുപ്പത്തിൽ ലിപ്സ്റ്റിക് ഇടുന്നത് ചുണ്ടുകൾ വരണ്ടുണങ്ങാൻ കാരണമാകും. ഇത് പ്രായക്കൂടുതൽ തോന്നിപ്പിക്കാനും കാരണമാകും.
4. പല നിറത്തിലുള്ള ഐലീനർ
പല നിറങ്ങളിലും ഷെയ്ഡുകളിലും വരെ ഇപ്പോൾ ഐലീനർ മാർക്കറ്റുകളിൽ സുലഭമാണ്. ചില ബ്രാൻഡുകൾ ചിലരുടെ ചർമത്തിന് യോജ്യമാകില്ല. പല നിറത്തിലുള്ളത് ഉപയോഗിക്കുമ്പോൾ കണ്ണിന്റെ പീലികൾക്ക് ദോഷമായി ബാധിക്കും. ഐലീനറിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ കാഴചയെ പ്രതിഫലിപ്പിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.
5. ടച്ച്അപ്പ്
യുവത്വം പ്രതിഫലിക്കാനാണ് മേക്കപ്പ് ചെയ്യുന്നത്. ഇതിന്റെ അവസാന മിനുക്കുപണിയാണ് ടച്ച്അപ്പ്. മുഖത്തെ അവസാനമായി ഒന്നുകുടി മിനുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. എല്ലാ ഘട്ടങ്ങളും കഴിഞ്ഞതിനുശേഷം കുറച്ച് റോസ് പൗഡർ, പൗഡർ ഉപയോഗിച്ച് മേക്കപ്പിനെ അതിന്റെ പൂർണതയിൽ എത്തിക്കുന്ന സ്റ്റേജാണ് ടച്ച്അപ്പ്. എന്നാൽ ഇത് പ്രായക്കൂടുതൽ തോന്നിപ്പിക്കുന്നതിന്റെ കാരണവും അതുതന്നെയാണ്, പൗഡർ. വളരെ ഇളം കളറിലുള്ള കനം കുറഞ്ഞ പൗഡർ മാത്രമേ ഇതിനു ഉപയോഗിക്കാൻ പാടുള്ളു.