ബലാത്സംഗത്തിനും വമ്പന്‍ ഓഫര്‍!

വ്യാഴം, 30 ജൂണ്‍ 2011 (15:01 IST)
PRO
ബലാത്സംഗ ഇരകളേ... ഇനി പേടിക്കേണ്ട കാര്യമില്ല. കേന്ദ്രസര്‍ക്കാര്‍ നിങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനമെടുത്തുകഴിഞ്ഞു. ബലാത്സംഗത്തിനിരയായാല്‍ വലിയ സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ആനന്ദലബ്‌ധിക്ക് ഇനിയെന്തുവേണം?

നിരക്കുകള്‍ ഈ വിധമാണ്. ശ്രദ്ധിച്ചു വായിക്കണേ:

1. പീഡിപ്പിക്കപ്പെടുന്ന മുതിര്‍ന്ന സ്ത്രീകള്‍ക്ക് - രണ്ടു ലക്ഷം!

2. ബലാത്സംഗത്തിനിരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് - മൂന്നു ലക്ഷം!

3. മാനഭംഗത്തെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന സ്ത്രീകള്‍ക്ക് - മൂന്നു ലക്ഷം(തകരാത്തവര്‍ക്കുള്ള ഓഫര്‍ കുറവായതിനാല്‍ മാനസികമായി തകരുന്നതാണ് ലാഭകരം)

ഈ തുക നല്‍കുന്നതിനും ചില ഘട്ടങ്ങളൊക്കെയുണ്ട്. നമ്മള്‍ വീടു പണിയാന്‍ ലോണെടുത്താല്‍ പണിയുടെ ഓരോ ഘട്ടത്തിലും ബാങ്കുകള്‍ തുക കൈമാറുന്നതു പോലെ. അതും ശ്രദ്ധിച്ചു വായിക്കണേ:

ഒന്നാം ഘട്ടം - ബലാത്സംഗം നടന്നതിന് ശേഷം പൊലീസെത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തില്‍ 20000 രൂപ കൈമാറും.

രണ്ടാം ഘട്ടം - പീഡനം നടന്നതായി അന്വേഷണത്തില്‍ തെളിഞ്ഞാല്‍ 50000 രൂപ കൂടി നല്‍കും. (പീഡനം നടന്നു എന്ന് തെളിയിക്കേണ്ട ബാധ്യത ഇരകള്‍ക്കു തന്നെ)

മൂന്നാം ഘട്ടം - ശേഷിക്കുന്ന തുകയുടെ കാര്യം സര്‍ക്കാര്‍ വളരെ പ്രയോജപ്രദമായ രീതിയിലാണത്രെ ഉപയോഗിക്കുക. അത് പീഡനത്തിനിരയാകുന്നവരുടെ ക്ഷേമത്തിന് ഉതകുന്ന വിധത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്‍കും!

എങ്ങനെയുണ്ട് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ക്ഷേമ പരിപാടി? ഇനിയിപ്പോള്‍ ബലാത്സംഗത്തിനിരയാകുന്നവര്‍ അക്കാര്യമോര്‍ത്ത് വേവലാതിപ്പെടേണ്ടല്ലോ. ഉത്തര്‍പ്രദേശിലൊക്കെ ഈ മാസം റെക്കോര്‍ഡ് ബലാത്സംഗമാണത്രേ നടന്നത്. അവിടെ നഷ്ടപരിഹാരം കൊടുത്ത് കേന്ദ്രസര്‍ക്കാര്‍ മുടിയാനാണ് സാധ്യത.

ഇനി ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് വല്ലതും ഏര്‍പ്പെടുത്തുന്നുണ്ടോ എന്നേ അറിയാനുള്ളൂ. എന്തായാലും, ബലാത്സംഗം ചെയ്യുന്നവരെ ശിക്ഷിക്കാതെ, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ടത് ചെയ്യാതെ ഈ വാഗ്ദാന ഔദാര്യം കുറച്ചു കടന്ന കൈയായിപ്പോയില്ലേ കൃഷ്ണതീര്‍ത്ഥ് ജീ(ഇദ്ദേഹമാണ് ബലാത്സംഗ ഇരകള്‍ക്കുള്ള നഷ്ടപരിഹാരങ്ങളുടെ ചുമതലയുള്ള മന്ത്രി. മന്ത്രിസഭയില്‍ ഇനി ഇതിനും ഒരു വകുപ്പ് കൊണ്ടുവരുമോ? അങ്ങനെ സംഭവിച്ചാലും അത്ഭുതപ്പെടേണ്ടതില്ല).

വെബ്ദുനിയ വായിക്കുക