എന്ന് ഹൃദയാഘാതത്തോടെ...

WDWD
“കേരളത്തിന്‍റെ വിദ്യാഭ്യാസമന്ത്രി..എം ഒ ബോബി, എം ഒ ബോബി....അല്ല എം എ ബേബി”. ഇതൊരു പരസ്യത്തിന്‍റെ ഭാഗമാണ്. അതങ്ങ് “എറിച്ചു” എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ അധികമാവില്ല. വിദ്യാഭ്യാസ മന്ത്രി പാരായണം ചെയ്ത അബദ്ധ പഞ്ചാംഗം പരസ്യത്തില്‍ മന്ത്രിയുടെ പേര് തെറ്റായി ഉരുവിടുന്ന പയ്യന്‍സിനെ രണ്ടാമതാക്കി!

മന്ത്രിമാരായാല്‍ ഇങ്ങനെ വേണം. കൂട്ടുത്തരവാദിത്വം അവിടെ നില്‍ക്കട്ടെ, സ്വന്തം വകുപ്പിന്‍റെ പേര് ഉയര്‍ത്തിക്കാട്ടാന്‍ അവര്‍ തന്നെ ശ്രമിക്കണം! ആദ്യ വനിതാ രാഷ്ട്രപതി കേരളത്തില്‍ വന്നപ്പോള്‍ സാംസ്കാരിക കേരളത്തിന്‍റെ മന്ത്രി വിശിഷ്യാ വിദ്യാഭ്യാസമന്ത്രി സ്വാഗതം ചെയ്തു, പൌര സ്വീകരണത്തില്‍- “ഹൃദയാഘാത പൂര്‍വ്വം”! പാവം രാഷ്ട്രപതി, മലയാളം അറിയാതിരുന്നത് എത്ര ഭാഗ്യം.

പ്രതിഭ പാ‍ട്ടീല്‍ വന്നതിന്‍റെ ഹൃദയാഘാതം മന്ത്രി ബേബിയെ ആ പ്രസംഗത്തിലുടനീളം തളര്‍ത്തിയിരുന്നു. പ്രസംഗം അന്തമില്ലാതെ നീണ്ടപ്പോള്‍ രാഷ്ട്രപതി ഭവനിലെ ആള്‍ക്കാര്‍ക്ക് കണ്ണുരുട്ടേണ്ടി വന്നത്രേ- അതൊന്നു നിര്‍ത്തി കിട്ടാന്‍. ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് മുഖ്യന് വിട്ടു കൊടുക്കാനാവുമോ? ഇല്ല..

രാഷ്ട്രപതിയാണ് വന്നിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ അന്തസ്സ് പാലിക്കണം എന്നൊക്കെ കരുതിയാണ് അച്യുതാനന്ദന്‍ സഖാവ് വേദിയിലെത്തിയത്. പക്ഷേ മൂന്നാറിലേക്ക് മൂന്നാം ദൌത്യ സംഘം “എലി പിടുത്തത്തിന്” പുറപ്പെട്ടതില്‍ പിന്നെ സഖാവിന് ആകെ ഒരു മാന്ദ്യമാണ്. കടിച്ചു പിടിച്ചിരുന്നിട്ടും മയക്കം കണ്ണിനെ പിടിച്ചടച്ചു. അതിനിടെ ആരോ മുഖ്യമന്ത്രി വി എസ്സ് എന്ന് പറയുന്നത് കേട്ടു. പിന്നെ അമാന്തിച്ചില്ല പതുക്കെ എഴുന്നേറ്റ് മൈക്കിനടുത്തേക്ക് നടത്തവും തുടങ്ങി!

നടത്ത തുടങ്ങിയപ്പോള്‍ ആരോ കൈപിടിച്ച് ഇരുത്തിയപ്പോഴാണ് സഖാവിന് പരിസര ബോധമുണ്ടായത്. തന്നെ പ്രസംഗിക്കാന്‍ ക്ഷണിച്ചതല്ല എന്ന് മനസ്സിലായ സഖാവ് അടങ്ങി. ഒരു പക്ഷേ നടത്ത തുടര്‍ന്നായിരുന്നെങ്കില്‍ അതിനും സമാധാനം പറയേണ്ടി വന്നേനെ. എന്തായാലും രാഷ്ട്രപതിക്കും സംഘത്തിനും കേരളം -സാക്ഷര സുന്ദര കേരളം-“ ക്ഷ” ബോധിച്ചിട്ടുണ്ടാവും തീര്‍ച്ച!

WDPTI
അല്ലാ ഒന്ന് കണ്ണടച്ചതിന് മുഖ്യനെ അത്ര കുറ്റം പറയേണ്ട കാര്യമുണ്ടോ? സ്ഥിരം കണ്ണടയ്ക്കുന്ന ഒരു മന്ത്രിയുണ്ടല്ലോ. മനസ്സിലായില്ല അല്ലേ? കേരളത്തിനു നേരെ എന്നു കൂടി ചോദ്യത്തിന്‍റെ തുടക്കത്തില്‍ ചേര്‍ത്താല്‍ മനസ്സിലാവുമായിരിക്കും- അതെ, എന്തിനാ ക്ലൂ, ലാലു തന്നെ! ഇദ്ദേഹം കേരളത്തില്‍ എത്തിയപ്പോഴാണത്രേ ഏറ്റവും കൂടുതല്‍ കോട്ടുവാ ഇട്ടത്! ( കേരളപ്പിറവിക്ക് തമിഴ്നാടിന് സേലം സമ്മാനിച്ച ശേഷമുള്ള വരവായിരുന്നു).

സേലം ഡിവിഷനു വേണ്ടി ത്യാഗം സഹിച്ച കേരളത്തിന് സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ലാലു മഹരാജിന്‍റെ എഴുന്നള്ളത്ത്. എന്നാല്‍, സമ്മാനം പോയിട്ട് കേരളത്തിന്‍റെ ആവശ്യങ്ങള്‍ക്കുള്ള മറുപടി പോലും കോട്ടുവാ ആയിരുന്നത്രേ! ഈ ആവശ്യങ്ങള്‍ എല്ലാം ഉന്നയിച്ചതും കോട്ടുവാ വാരിക്കൂട്ടിയതും പാവം എം ഓ യും!