അയ്യപ്പദര്‍ശനത്തിനായി ശബരിമല കയറുന്പോള്‍ ഭക്തര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനിടയുണ്ട്. ഹൃദയാഘാതം തടയാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍:
1. പ്രമേഹം,അമിത രക്തസമ്മര്‍ദ്ദം ആസ്ത്മ, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരും ചികിത്സയിലിരിക്കുന്നവരും ഈ രോഗങ്ങളുണ്ടോയെന്ന് സംശയമുള്ളവരും അവശ്യംവേണ്ട പരിശോധനയ്ക്ക് വിധേയരായി ഡോക്ടറുടെ ഉപദേശം വാങ്ങണം.
2. സാധാരണയായി വ്യായാമം ചെയ്യാത്തവരും കൂടുതലായി നടക്കാന്‍ അവസരം ലഭിക്കാത്തവരും ശബരിമല ദര്‍ശനത്തിന് മുന്നൊരുക്കം നടത്തണം. മുന്നൊരുക്കം എന്ന നിലയില്‍ ദിവസവും ഒരുമണിക്കൂര്‍ നടക്കണം. എന്തെങ്കിലും പ്രയാസമനുഭവപ്പെട്ടാല്‍ പരിശോധനയ്ക്ക് വിധേയമാവണം. 40 വയസ്സിനു മുകളിലുള്ളവര്‍ നിര്‍ബന്ധമായും ഈ മുന്‍കരുതല്‍ എടുക്കണം.
3. സാധാരണയായി രക്തസമ്മര്‍ദ്ദമുള്ളവരും വര്‍ധിച്ച നാഡിമിഡിപ്പ് ഉള്ളവരും മലകയറുന്നതിനു മുന്‍പ് പ്രത്യേകം പരിശോധന നടത്തണം.
4. ഹൃദ് രോഗത്തെക്കുറിച്ച് സംശയമുള്ളവര്‍ പ്രത്യേകിച്ചും, കുടുംബാംഗങ്ങള്‍ ഹൃദ്രോഗ ചികിത്സയ്ക്ക് വിധേയരായിട്ടുള്ളവര്‍ ഹൃദയ പരിശോധന, എക്സര്‍സൈസ്, ഇ.സി.ജി. എന്നിവ ചെയ്യുന്നത് നന്ന്.
5. ആസ്ത്മ ഉള്ളവര്‍ ലങ്ങ്ഫങ്ഷണല് ടെസ്റ്റ് ചെയ്യുകയും ചികിത്സ ക്രമീകരിക്കുകയും വേണം.
6. പുകവലി ഉപേക്ഷിക്കണം, ആഹാരം ലഘൂകരിക്കണം.
7. മുകളില്‍ പറഞ്ഞ ഏതെങ്കിലും രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ വ്രതത്തിന്റെ ഭാഗമായി മരുന്ന് ഉപേക്ഷിക്കരുത്.
8. മല കയറുന്നതിനു മുന്‍പായി പന്പയിലെ ഗവ. ആശുപത്രിയില്‍ വീണ്ടും പരിശോധനയ്ക്ക് വിധേയരാവണം. നാഡിമിഡിപ്പ്, രക്തസമ്മര്‍ദ്ദം, ഇസിജി എന്നിവ പ്രത്യേകം നോക്കണം.
9. വയറുനിറച്ച് ആഹാരം കഴിച്ചയുടനെ മലകയറരുത്.
10. പുകവലിച്ചുകൊണ്ടും മലകയറരുത്.
11. പ്രമേഹവും അമിത രക്തസമ്മര്‍ദ്ദവും ആസ്ത്മയും ഉള്ളവര്‍ മല കയറുന്നതിനിടയില്‍ പല പ്രാവശ്യം വിശ്രമിക്കണം.
12. മല കയറുന്പോള്‍ നാഡിമിടിപ്പ് അധികരിച്ചാല്‍ വിശ്രമിച്ച് നാഡിമിടിപ്പ് കുറച്ചതിനു ശേഷമേ തുടര്‍ന്നു കയറാവൂ.
13. മല കയറുന്നതിനിടയില്‍ എന്തു പ്രയാസം നേരിട്ടാലും ഉടനെതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയരാവണം.
14. മല കയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ നീലിമല ഒഴിവാക്കി ശ്രീസ്വാമി അയ്യപ്പന്റോഡ് ഉപയോഗിക്കണം.
15. മല കയറുന്നതിനിടയില്‍ നെഞ്ചുവേദനയോ ശ്വാസംമുട്ടലോ മുകള്‍ വയറില്‍ അസ്വസ്ഥതയോ ഗ്യാസോ പുറംവേദനയോ കൈകഴപ്പോ, തൊണ്ടക്കുഴി, താടി എന്നിവയില്‍ കഴപ്പോ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ കയറ്റം ഇടയ്ക്കു നിര്‍ത്തി ഡോളി വാഹകരുടെയോ സന്നദ്ധ സംഘടനകളുടെയോ കൂട്ടുകാരുടെയോ സഹായത്തോടെ പരിശോധനാസെന്ററിലേക്ക് പോകണം.
16. മലയിറങ്ങുന്പോഴും ഹൃദയാഘാതം ഉണ്ടാവാം. അസാധാരണമായ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ വൈദ്യ പരിശോധന നടത്തണം.
17. ശബരിമലയില്‍ വച്ച് ഹൃദയാഘാതം ഉണ്ടായി എന്നു കരുതി ഭയപ്പെടേണ്ടതില്ല. കേരളത്തില്‍ എവിടെയും ലഭിക്കുന്ന മികച്ച ഹൃദയപരിചരണ സംവിധാനം പന്പയിലും സന്നിധാനത്തുമുണ്ട്.
18. ഹൃദയാഘാതത്തിന് ചികിത്സയിലായാല്‍ നാട്ടിലേക്ക് മടങ്ങാനായി ധൃതികൂട്ടരുത്. അത് ചികിത്സയുടെ പ്രയോജനം ഇല്ലാതാക്കും.