താഴമണ്‍ - ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെയും പൂജകളുടെയും മുഖ്യ കാര്‍മികത്വം വഹിക്കുന്ന കുടുംബം.
തിരുവാഭരണം - മകരസംക്രമവേളയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താന്‍ പന്തളം കൊട്ടാരത്തില്‍നിന്നു കൊണ്ടുപോകുന്ന സ്വര്‍ണാഭരണം.
തിരുവാഭരണ ഘോഷയാത്ര- പന്തളം കൊട്ടാരത്തില്‍നിന്നു മകരസംക്രമത്തിനു ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം വഹിച്ചുള്ള യാത്ര. ധനു 28ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നു ഘോഷയാത്ര ആരംഭിക്കുന്നത്.
നായാട്ടുവിളി - ശബരിമലയില്‍ ഉത്സവകാലത്തു പതിനെട്ടാംപടിക്കു താഴെ നടത്തുന്ന ചടങ്ങ്. ധര്‍മ്മശാസ്താവിന്റെ വന്ദനം മുതല്‍ പ്രതിഷ്ഠവരെയുള്ള കഥകള്‍ 576 ശീലുകളായി നായാട്ടുവിളിക്ക് ഉപയോഗിക്കും. തിരുവാഭാരണം ചാര്ത്തു ദിവസവും നായാട്ടുവിളി ഉണ്ടാകും.
നീലിമല - ശബരിമല തീര്ഥാടപാതയില് പന്പ കഴിഞ്ഞാല്‍ കാണുന്ന മലനിര.
നെയ്ത്തേങ്ങ - ഇരുമുടിക്കെട്ടിലെ വഴിപാടു സാധനങ്ങള്‍ പ്രധാന ഇനം. തേങ്ങയുടെ പ്രധാന കണ്ണ് കിഴിച്ച് വെള്ളം കളഞ്ഞശേഷം നെയ് നിറച്ചാണ് വഴിപാടായി കൊണ്ടുപോകുന്നത്.
പതിനെട്ടാംപടി- പൂങ്കാവനത്തിലെ പതിനെട്ടു മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് പതിനെട്ടാംപടി. ശബരിമല ധര്‍മ്മശാസ്താക്ഷേത്രത്തിലെ സന്നിധാനത്തിലേക്കുള്ള പ്രസിദ്ധമായ പഞ്ചലോഹം പൊതിഞ്ഞ പടികള്‍. പടി കയറുംമുന്പു നാളികേരം ഉടയ്ക്കണം. പടി തൊട്ടുവന്ദിച്ചു ശരണംവിളിയോടെ വേണം പടി കയറാന്‍. ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടാന്‍ അനുവദിക്കില്ല.
പന്പാനദി - പ്രസിദ്ധമായ പുണ്യനദി. ശബരിമല ദര്‍ശനത്തിന് മുന്‍പും പിന്‍പും ഈ നദിയില്‍ മുങ്ങിക്കുളിക്കുന്നത് മോക്ഷദായകമെന്നു സങ്കല്പം.
പന്പാസദ്യ - മകരസംക്രമത്തിന്റെ തലേദിവസത്തെ സദ്യ. സദ്യയ്ക്ക് അയ്യപ്പന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്നു വിശ്വാസം.
പറകൊട്ടിപ്പാട് - ഭക്തരുടെ ശനിദോഷമകറ്റാന്‍ മാളികപ്പുറത്തെ വഴിപാട്. മണിമണ്ഡപത്തിനു മുന്‍പിലായി പതിനഞ്ചു വേലന്മാരാണ് പറകൊട്ടി പാടുന്നത്. കേശാദിപാദം കഥയാണ് പാടുന്നത്.
പടിപൂജ- മലദേവതകളെ തൃപ്തിപ്പെടുത്തുന്നതിനുള്ള വഴിപാട്. ശബരിമലയിലെ ഏറ്റവും ചെലവേറിയ വഴിപാട്. പതിനെട്ടാംപടിയിലെ ഓരോ പടിയിലും പട്ടും പൂമാലയും വച്ചു നെയ്ത്തിരിവിളക്കു കത്തിച്ചാണ് പൂജ.
പന്തളം - അയ്യപ്പന്റെ പിതൃസ്ഥാനമുള്ള പന്തളം രാജവംശത്തിന്റെ ആസ്ഥാനം. എല്ലാ വര്‍ഷവും ധനു 28-ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നാണ് തിരുവാഭാരണഘോഷയാത്രയ്ക്കു തുടക്കം. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടാന്‍ അധികാരമുള്ളത് പന്തളം രാജകുടുംബാംഗങ്ങള്‍ക്കു മാത്രമാണ്.
പാണ്ടിത്താവളം - മാളികപ്പുറത്തിന് സമീപം മറുനാട്ടില്നിന്നുള്ളവര്ക്ക് വിരി വയ്ക്കുന്നതിനുള്ള സ്ഥലം. തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തരാണ് ഇവിടെ കൂടുതലും വിശ്രമിക്കുന്നത്.
പുറപ്പെടാശാന്തി - ശബരിമലയിലെ മേല്‍ശാന്തിയുടെ പേര്. നിയമനകാലയളവില്‍ ക്ഷേത്രപരിസരം വിട്ടു പുറത്തു പോകരുതെന്നു നിബന്ധന. ഇത്തവണ മുതല്‍ മാളികപ്പുറം മേല്‍ശാന്തിക്കും ഇതു ബാധകം.
പൂങ്കാവനം - ശബരിമല ക്ഷേത്രവും ഇതിനോടു ചേര്‍ന്നു കിടക്കുന്ന സ്ഥലവും ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ പേര്. പതിനെട്ടു മലകള്‍ ഇവിടെയുണ്ടെന്നു സങ്കല്പം.
പെരുനാട് - ശബരിമല ക്ഷേത്രം കഴിഞ്ഞാല്‍ തിരുവാഭരണം അണിയിക്കുന്ന ക്ഷേത്രം ഇവിടെയാണ്. പെരുനാട് കക്കാട്ട് കോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം. മകരവിളക്കിനു ശേഷം ഏഴാംനാള്‍ പന്തളത്തേക്കുള്ള മടക്കയാത്രയില്‍ എട്ടാം ദിവസമാണ് തിരുവാഭരണങ്ങള്‍ പെരുനാട് ധര്‍മ്മശാസ്താ വിഗ്രഹത്തില്‍ ചാര്‍ത്തുന്നത്.
പൊന്നന്പലമേട് - മകരസംക്രമദിവസം മകരജ്യോതി തെളിയുന്ന സന്നിധാത്തിനു കിഴക്കുള്ള മല.
പൊന്നന്പലവാസന് - അയ്യപ്പന്റെ വേറൊരു നാമധേയം.
ഭസ്മക്കുളം - സന്നിധാനത്തിനടുത്തുള്ള തീര്‍ഥക്കുളം.
മകരസംക്രമം - ഉത്തരായനത്തിന്റെ ആരംഭം കുറിക്കുന്ന ധന്യമുഹൂര്‍ത്തം. സൂര്യന് ധനുരാശിയില്‍ നിന്നു മകരം രാശിയിലേക്കു കടക്കുന്ന ദിനം.
മണ്ഡലവ്രതം - ശബരിമല തീര്‍ഥാടനത്തിനായി വൃശ്ഛികം ഒന്നുമുതല്‍ ധനു പതിനൊന്നു വരെ അനുഷ്ഠിക്കുന്ന ബ്രഹ്മചര്യവ്രതം.
മണിമണ്ഡപം - അയ്യപ്പന് അന്‍പു കുലച്ചപ്പോള്‍ ആദ്യം വീണ സ്ഥാനം. മകരവിളക്കിന്റെ അന്നു രാത്രി മുതല്‍ മണ്ഡപത്തി കുറുപ്പിന്റെ കളമെഴുത്തുണ്ട്.
മണികണ്ഠന് - അയ്യപ്പന്റെ മറ്റൊരു പര്യായം
മരക്കൂട്ടം - ശബരിമല തീര്‍ഥാടനപാതയില്‍ വണ്‍വേ തുടങ്ങുന്ന പാത. തുടര്‍ന്നു സന്നിധാനത്തിലേക്കുള്ള യാത്ര ശരംകുത്തിവഴി.
മാളികപ്പുറം - ശബരിമല ചവിട്ടാന്‍ വ്രതം നോക്കുന്ന സ്ത്രീഭക്തര്‍.
മാളികപ്പുറത്തമ്മ -അയ്യപ്പന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്താന്‍ കന്നി അയ്യപ്പന്മാര് എത്താത്ത കാലവും കാത്തിരുന്ന ദേവി.
മാല - വ്രതാനുഷ്ഠാനം തുടങ്ങുന്ന അന്നു കഴുത്തിലണിയുന്ന മുദ്ര. ക്ഷേത്രത്തിലോ ഗുരുസ്വാമിയുടെ സാന്നിധ്യത്തിലോ വേണം ധരിക്കാന്‍. സ്വാമിദര്‍ശനത്തിനു ശേഷം വ്രതം അവസാനിപ്പിക്കുന്പോഴേ മാല ഊരാവൂ എന്ന് ആചാരം.
മാമല - അയ്യപ്പന്റെ പ്രതിഷ്ഠ ഉള്‍പ്പെടുന്ന പൂങ്കാവനത്തിനു മൊത്തമായുള്ള പേര്.
രുദ്രവനം - പൂങ്കാവനത്തിലെ മലകളുടെ അടിവാരം. സന്നിധാനത്തില്‍നിന്ന് അല്പം അകലെ മരക്കൂട്ടത്തിനു സമീപമുള്ള സ്ഥലം.
വാവര് - ശബരിമല ധര്‍മ്മശാസ്താക്ഷേത്രത്തിലെ പരിവാരമൂര്ത്തി. അയ്യപ്പന്റെ അനുയായി. പതിനെട്ടാംപടിക്കു കിഴക്കായി പടിഞ്ഞാറോട്ടു ദര്‍ശനമായാണ് വാവരുടെ പ്രതിഷ്ഠ.
വില്ലാളിവീരന്‍ - ധര്‍മ്മശാസ്താവിന്റെ മറ്റൊരു പേര്. എരുമേലിയില്‍ നായാട്ടിനൊരുങ്ങിയ നിലയിലുള്ള പ്രതിഷ്ഠയാണുള്ളത്.
ശബരിമല - തെക്കേ ഇന്ത്യയിലെ പ്രശസ്തമായ തീര്‍ഥാടനകേന്ദ്രം. പ്രധാന മൂര്‍ത്തി ശാസ്താവ്.
ശബരിപീഠം- ശബരി തപസ്സു ചെയ്ത സങ്കേതം. ഇവിടെ നാളികേരം ഉടച്ചു കര്‍പ്പൂരം കത്തിച്ചു വെടിവഴിപാടു നടത്താം.
ശയനപ്രദക്ഷിണം - തീര്‍ഥാടകരുടെ വഴിപാടുകളില്‍ ഒന്ന്. ഭസ്മക്കുളത്തില്‍ മുങ്ങി ശുദ്ധി വരുത്തി കൊടുമരച്ചുവട്ടില് അയ്യപ്പനെ ധ്യാനിച്ചു നമസ്കരിച്ച ശേഷമാണ് ശയനപ്രദക്ഷിണം. ശരണം വിളിച്ചു വേണം പ്രദക്ഷിണം പൂര്‍ത്തിയാക്കന്‍.
ശരംകുത്തിയാല് - കന്നി അയ്യപ്പന്മാര് ശരം കുത്തുന്ന ഇടം. ശബരിപീഠത്തിന് അപ്പുറമാണ് ഈ സ്ഥലം. സന്നിധാനത്തിന്റെ പ്രവേശനകവാടമാണിത്.