ശബരിമലയും അനുബന്ധ വാക്കുകളും

ശബരിമല, തീര്‍ഥാട്ടനം മകരവിളക്ക് മണ്‍ഡല പൂജ എരുമേലി പേട്ടതുള്‍ലല്‍ മാലയിടല്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളുമായി ബന്ധപ്പെട്റ്റ വാക്കുകളുടെ അഥവും ആശയവും .

അയ്യപ്പന്‍- ശബരിമല ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തിയായ ശാസ്താവിന്‍റെ മറ്റൊരു നാമം.

അയ്യപ്പന്‍ പാട്ട് / അയ്യപ്പന്‍ വിളക്ക് - കന്നി അയ്യപ്പന്മാര്‍ ശബരിമലയ്ക്കു പുറപ്പെടുംമുന്പു നടത്തുന്ന പ്രധാന ആരാധനാചടങ്ങുകളില്‍ ഒന്ന്.

അയ്യപ്പമൂലമന്ത്രം - മേല്‍ശാന്തി സ്ഥാനമേല്‍ക്കുന്ന സമയത്തു തന്ത്രി ഓതിക്കൊടുക്കുന്ന മന്ത്രം.

അപ്പാച്ചിമേട്- ശബരിമല പാതയില്‍ നീലിമല കഴിഞ്ഞുള്ള സ്ഥലം. ദുര്‍ദേവതാപ്രീതിക്കായി ഇവിടുത്തെ കുഴികളില്‍ അയ്യപ്പന്മാര്‍ അരി - ശര്‍ക്കരയുണ്ട എറിയാറുണ്ട്.

അഴുതയാറ്- പുണ്യനദിയായ പന്പയുടെ ഉപനദി. തീര്‍ഥാടനമധ്യേ അഴുത കടക്കുന്ന അയ്യപ്പന്മാര്‍ കല്ലിടാംകുന്നില്‍ നിക്ഷേപിക്കാന്‍ ഇവിടെനിന്നും കല്ലെടുക്കുന്നു.

അരവണ- ശബരിമല ക്ഷേത്രത്തിലെ പ്രധാന വഴിപാടു പ്രസാദം.

അന്പലപ്പുഴ യോഗം- എരുമേലി പേട്ടതുള്ളലിനു മുഖ്യമായും പങ്കെടുക്കുന്ന സംഘം.

ആഴിപൂജ- ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളില്‍ ഒന്ന്. പ്രധാനമായും രാത്രിയിലാണ് ഇതു നടത്തുക.

ആലങ്കാട്ട് യോഗം - എരുമേലിയില്‍ പേട്ടതുള്ളി മല ചവിട്ടുന്ന ഒരു സംഘത്തിന്‍റെ പേര്.

ഇരുമുടിക്കെട്ട് - ശബരിമലയാത്രയ്ക്കു പുറപ്പെടുന്ന സ്വാമിമാര്‍ വഴിപാടുസാധനങ്ങളും മറ്റും നിറയ്ക്കുന്ന തുണികൊണ്ടുള്ള ഭണ്ഡാരക്കെട്ട്.

ഇടത്താവളം - ശബരിമല തീര്‍ഥാടനപാതയിലെ വിശ്രമസങ്കേതം.

ഉരക്കുഴി - ശബരിമല സന്നിധാനത്തില്‍നിന്നും ഒരു കിലോമീറ്റര്‍ അകലെകുന്പളം തോട്ടിലെ വെള്ളച്ചാട്ടം.

ഉദയാസ്തമന പൂജ - ഭക്തരുടെ ഇഷ്ടവഴിപാടുകളില്‍ ഒന്ന്.

എരുമേലി പേട്ടതുള്ളല്‍ - കൊച്ചന്പലത്തില്‍ പ്രദക്ഷിണത്തോടെ ആരംഭം. പച്ചത്തൂപ്പ്, കരി, കുങ്കുമം എന്നിവ ശരീരത്തണിഞ്ഞ് കൈയില്‍ ഗദ, വാള്‍, ശരം, അന്പ് എന്നിവ ഏന്തിയുള്ള തുള്ളല്‍.

കന്നി അയ്യപ്പന്‍ - ശബരിമലയ്ക്ക് ആദ്യമായി പുറപ്പെടുന്ന ഭക്തനെ വിളിക്കുന്ന പേര്.

കറുപ്പുകച്ച - തീര്‍ഥാടനത്തിനു പുറപ്പെടുന്പോള്‍ അയ്യപ്പന്മാര്‍ അരയില്‍ കെട്ടുന്ന കറുത്ത തുണി.

കറുപ്പസ്വാമി - അയ്യപ്പന്‍റെ പരിവാരമൂര്‍ത്തികളില്‍ ഒന്ന്. പതിനെട്ടാം പടിയോടു ചേര്‍ന്ന പ്രതിഷ്ഠ.

കളാഭാഭിഷേകം - ശബരിമലയിലെ വിശേഷാല്‍ പൂജകളില്‍ ഒന്ന്. പന്തളത്തുനിന്നുള്ള വലിയ തന്പുരാന്‍റെ നേതൃത്വത്തില്‍ മകരം അഞ്ചിനാണ് ഇതു നടത്തുക.

കരിമല- ഇഞ്ചിപ്പാറക്കോട്ടയ്ക്ക് ശേഷമുള്ള മല.

കെട്ടുമുറുക്ക് - ശബരിമല തീര്‍ഥാടനത്തിനു പുറപ്പെടുന്നതിനുള്ള പ്രധാന ചടങ്ങ്.

കൊച്ചുകടത്ത - അയ്യപ്പന്‍റെ അനുയായിയായ യോദ്ധാവ്.

ഗുരുസ്വാമി - ശബരിമലയ യാത്രയ്ക്ക് അയ്യപ്പന്മാര്‍ക്ക് കെട്ടുമുറുക്കി കൊടുക്കുന്ന ചടങ്ങിനു നേതൃത്വം വഹിക്കുന്ന ആള്‍.

തങ്കയങ്കി- മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന ആഭരണം. തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിരതിരുനാള്‍ 1973-ല്‍ നടയ്ക്കു വച്ചതാണിത്.

താഴമണ്‍ - ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെയും പൂജകളുടെയും മുഖ്യ കാര്‍മികത്വം വഹിക്കുന്ന കുടുംബം.

തിരുവാഭരണം - മകരസംക്രമവേളയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താന്‍ പന്തളം കൊട്ടാരത്തില്‍നിന്നു കൊണ്ടുപോകുന്ന സ്വര്‍ണാഭരണം.

തിരുവാഭരണ ഘോഷയാത്ര- പന്തളം കൊട്ടാരത്തില്‍നിന്നു മകരസംക്രമത്തിനു ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം വഹിച്ചുള്ള യാത്ര. ധനു 28ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നു ഘോഷയാത്ര ആരംഭിക്കുന്നത്.

നായാട്ടുവിളി - ശബരിമലയില്‍ ഉത്സവകാലത്തു പതിനെട്ടാംപടിക്കു താഴെ നടത്തുന്ന ചടങ്ങ്. ധര്‍മ്മശാസ്താവിന്‍റെ വന്ദനം മുതല്‍ പ്രതിഷ്ഠവരെയുള്ള കഥകള്‍ 576 ശീലുകളായി നായാട്ടുവിളിക്ക് ഉപയോഗിക്കും. തിരുവാഭാരണം ചാര്‍ത്തു ദിവസവും നായാട്ടുവിളി ഉണ്ടാകും.

നീലിമല - ശബരിമല തീര്‍ഥാടപാതയില്‍ പന്പ കഴിഞ്ഞാല്‍ കാണുന്ന മലനിര.

നെയ്ത്തേങ്ങ - ഇരുമുടിക്കെട്ടിലെ വഴിപാടു സാധനങ്ങള്‍ പ്രധാന ഇനം. തേങ്ങയുടെ പ്രധാന കണ്ണ് കിഴിച്ച് വെള്ളം കളഞ്ഞശേഷം നെയ് നിറച്ചാണ് വഴിപാടായി കൊണ്ടുപോകുന്നത്.


പതിനെട്ടാംപടി- പൂങ്കാവനത്തിലെ പതിനെട്ടു മലകളെ പ്രതിനിധാനം ചെയ്യുന്നതാണ് പതിനെട്ടാംപടി. ശബരിമല ധര്‍മ്മശാസ്താക്ഷേത്രത്തിലെ സന്നിധാനത്തിലേക്കുള്ള പ്രസിദ്ധമായ പഞ്ചലോഹം പൊതിഞ്ഞ പടികള്‍. പടി കയറുംമുന്പു നാളികേരം ഉടയ്ക്കണം. പടി തൊട്ടുവന്ദിച്ചു ശരണംവിളിയോടെ വേണം പടി കയറാന്‍. ഇരുമുടിക്കെട്ടില്ലാതെ പടി ചവിട്ടാന്‍ അനുവദിക്കില്ല.

പന്പാനദി - പ്രസിദ്ധമായ പുണ്യനദി. ശബരിമല ദര്‍ശനത്തിന് മുന്പും പിന്പും ഈ നദിയില്‍ മുങ്ങിക്കുളിക്കുന്നത് മോക്ഷദായകമെന്നു സങ്കല്പം.

പന്പാസദ്യ - മകരസംക്രമത്തിന്‍റെ തലേദിവസത്തെ സദ്യ. സദ്യയ്ക്ക് അയ്യപ്പന്‍റെ സാന്നിദ്ധ്യം ഉണ്ടാകുമെന്നു വിശ്വാസം.

പന്പവിളക്ക് - പന്പാസദ്യയ്ക്കു ശേഷം സന്ധ്യയ്ക്കുള്ള ദീപാലങ്കാരം. ഈറ്റക്കന്പുകള്‍കൊണ്ടുണ്ടാക്കിയ വിളക്കുമാടങ്ങളില്‍ മെഴുകുതിരി കത്തിച്ചുവച്ചു പന്പാനദിയില്‍ ഒഴുക്കുന്ന ചടങ്ങ്.

പറകൊട്ടിപ്പാട് - ഭക്തരുടെ ശനിദോഷമകറ്റാന്‍ മാളികപ്പുറത്തെ വഴിപാട്. മണിമണ്ഡപത്തിനു മുന്പിലായി പതിനഞ്ചു വേലന്മാരാണ് പറകൊട്ടി പാടുന്നത്. കേശാദിപാദം കഥയാണ് പാടുന്നത്.

പടിപൂജ- മലദേവതകളെ തൃപ്തിപ്പെടുത്തുന്നതിനുള്ള വഴിപാട്. ശബരിമലയിലെ ഏറ്റവും ചെലവേറിയ വഴിപാട്. പതിനെട്ടാംപടിയിലെ ഓരോ പടിയിലും പട്ടും പൂമാലയും വച്ചു നെയ്ത്തിരിവിളക്കു കത്തിച്ചാണ് പൂജ.

പന്തളം - അയ്യപ്പന്‍റെ പിതൃസ്ഥാനമുള്ള പന്തളം രാജവംശത്തിന്‍റെ ആസ്ഥാനം. എല്ലാ വര്‍ഷവും ധനു 28-ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍നിന്നാണ് തിരുവാഭാരണഘോഷയാത്രയ്ക്കു തുടക്കം. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടാന്‍ അധികാരമുള്ളത് പന്തളം രാജകുടുംബാംഗങ്ങള്‍ക്കു മാത്രമാണ്.

പാണ്ടിത്താവളം - മാളികപ്പുറത്തിന് സമീപം മറുനാട്ടില്‍നിന്നുള്ളവര്‍ക്ക് വിരി വയ്ക്കുന്നതിനുള്ള സ്ഥലം. തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തരാണ് ഇവിടെ കൂടുതലും വിശ്രമിക്കുന്നത്.

പുറപ്പെടാശാന്തി - ശബരിമലയിലെ മേല്‍ശാന്തിയുടെ പേര്. നിയമനകാലയളവില്‍ ക്ഷേത്രപരിസരം വിട്ടു പുറത്തു പോകരുതെന്നു നിബന്ധന. ഇത്തവണ മുതല്‍ മാളികപ്പുറം മേല്‍ശാന്തിക്കും ഇതു ബാധകം.


പൂങ്കാവനം - ശബരിമല ക്ഷേത്രവും ഇതിനോടു ചേര്‍ന്നു കിടക്കുന്ന സ്ഥലവും ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ പേര്. പതിനെട്ടു മലകള്‍ ഇവിടെയുണ്ടെന്നു സങ്കല്പം.

പെരുനാട് - ശബരിമല ക്ഷേത്രം കഴിഞ്ഞാല്‍ തിരുവാഭരണം അണിയിക്കുന്ന ക്ഷേത്രം ഇവിടെയാണ്. പെരുനാട് കക്കാട്ട് കോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം. മകരവിളക്കിനു ശേഷം ഏഴാംനാള്‍ പന്തളത്തേക്കുള്ള മടക്കയാത്രയില്‍ എട്ടാം ദിവസമാണ് തിരുവാഭരണങ്ങള്‍ പെരുനാട് ധര്‍മ്മശാസ്താ വിഗ്രഹത്തില്‍ ചാര്‍ത്തുന്നത്.

പൊന്നന്പലമേട് - മകരസംക്രമദിവസം മകരജ്യോതി തെളിയുന്ന സന്നിധാത്തിനു കിഴക്കുള്ള മല.

പൊന്നന്പലവാസന്‍ - അയ്യപ്പന്‍റെ വേറൊരു നാമധേയം.

ഭസ്മക്കുളം - സന്നിധാനത്തിനടുത്തുള്ള തീര്‍ഥക്കുളം.

മകരസംക്രമം - ഉത്തരായനത്തിന്‍റെ ആരംഭം കുറിക്കുന്ന ധന്യമുഹൂര്‍ത്തം. സൂര്യന്‍ ധനുരാശിയില്‍ നിന്നു മകരം രാശിയിലേക്കു കടക്കുന്ന ദിനം.

മകരവിളക്ക് - മകരസംക്രമദിവസം സന്ധ്യയ്ക്ക് പൊന്നന്പലമേട്ടില്‍ തെളിയുന്ന ജ്യോതി.

മണ്ഡലവ്രതം - ശബരിമല തീര്‍ഥാടനത്തിനായി വൃശ്ഛികം ഒന്നുമുതല്‍ ധനു പതിനൊന്നു വരെ അനുഷ്ഠിക്കുന്ന ബ്രഹ്മചര്യവ്രതം.

മണിമണ്ഡപം - അയ്യപ്പന്‍ അന്പു കുലച്ചപ്പോള്‍ ആദ്യം വീണ സ്ഥാനം. മകരവിളക്കിന്‍റെ അന്നു രാത്രി മുതല്‍ മണ്ഡപത്തി കുറുപ്പിന്‍റെ കളമെഴുത്തുണ്ട്.

മണികണ്ഠന്‍ - അയ്യപ്പന്‍റെ മറ്റൊരു പര്യായം

മരക്കൂട്ടം - ശബരിമല തീര്‍ഥാടനപാതയില്‍ വണ്‍വേ തുടങ്ങുന്ന പാത. തുടര്‍ന്നു സന്നിധാനത്തിലേക്കുള്ള യാത്ര ശരംകുത്തിവഴി.


മാളികപ്പുറം - ശബരിമല ചവിട്ടാന്‍ വ്രതം നോക്കുന്ന സ്ത്രീഭക്തര്‍.

മാളികപ്പുറത്തമ്മ -അയ്യപ്പന്‍റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്താന്‍ കന്നി അയ്യപ്പന്മാര്‍ എത്താത്ത കാലവും കാത്തിരുന്ന ദേവി.

മാല - വ്രതാനുഷ്ഠാനം തുടങ്ങുന്ന അന്നു കഴുത്തിലണിയുന്ന മുദ്ര. ക്ഷേത്രത്തിലോ ഗുരുസ്വാമിയുടെ സാന്നിധ്യത്തിലോ വേണം ധരിക്കാന്‍. സ്വാമിദര്‍ശനത്തിനു ശേഷം വ്രതം അവസാനിപ്പിക്കുന്പോഴേ മാല ഊരാവൂ എന്ന് ആചാരം.

മാമല - അയ്യപ്പന്‍റെ പ്രതിഷ്ഠ ഉള്‍പ്പെടുന്ന പൂങ്കാവനത്തിനു മൊത്തമായുള്ള പേര്.

രുദ്രവനം - പൂങ്കാവനത്തിലെ മലകളുടെ അടിവാരം. സന്നിധാനത്തില്‍നിന്ന് അല്പം അകലെ മരക്കൂട്ടത്തിനു സമീപമുള്ള സ്ഥലം.

രുദ്രാക്ഷമാല - വ്രതശുദ്ധിയുടെ പ്രിതീകമായി ഭക്തന്മാര്‍ കഴുത്തിലണിയുന്ന മാല.

വാവര് - ശബരിമല ധര്‍മ്മശാസ്താക്ഷേത്രത്തിലെ പരിവാരമൂര്‍ത്തി. അയ്യപ്പന്‍റെ അനുയായി. പതിനെട്ടാംപടിക്കു കിഴക്കായി പടിഞ്ഞാറോട്ടു ദര്‍ശനമായാണ് വാവരുടെ പ്രതിഷ്ഠ.

വില്ലാളിവീരന്‍ - ധര്‍മ്മശാസ്താവിന്‍റെ മറ്റൊരു പേര്. എരുമേലിയില്‍ നായാട്ടിനൊരുങ്ങിയ നിലയിലുള്ള പ്രതിഷ്ഠയാണുള്ളത്.

വിരി വയ്ക്കുക - ഇടത്താവളങ്ങളില്‍ തീര്‍ഥാടകരുടെ വിശ്രമത്തിനുള്ള മുന്നൊരുക്കം.

ശബരിമല - തെക്കേ ഇന്ത്യയിലെ പ്രശസ്തമായ തീര്‍ഥാടനകേന്ദ്രം. പ്രധാന മൂര്‍ത്തി ശാസ്താവ്.

ശബരിപീഠം- ശബരി തപസ്സു ചെയ്ത സങ്കേതം. ഇവിടെ നാളികേരം ഉടച്ചു കര്‍പ്പൂരം കത്തിച്ചു വെടിവഴിപാടു നടത്താം.

ശയനപ്രദക്ഷിണം - തീര്‍ഥാടകരുടെ വഴിപാടുകളില്‍ ഒന്ന്. ഭസ്മക്കുളത്തില്‍ മുങ്ങി ശുദ്ധി വരുത്തി കൊടുമരച്ചുവട്ടില്‍ അയ്യപ്പനെ ധ്യാനിച്ചു നമസ്കരിച്ച ശേഷമാണ് ശയനപ്രദക്ഷിണം. ശരണം വിളിച്ചു വേണം പ്രദക്ഷിണം പൂര്‍ത്തിയാക്കന്‍.

ശരംകുത്തിയാല്‍ - കന്നി അയ്യപ്പന്മാര്‍ ശരം കുത്തുന്ന ഇടം. ശബരിപീഠത്തിന് അപ്പുറമാണ് ഈ സ്ഥലം. സന്നിധാനത്തിന്‍റെ പ്രവേശനകവാടമാണിത്.

സര്‍പ്പംപാട്ട് -തീര്‍ഥാടകര്‍ സര്‍പ്പദോഷമകറ്റാന്‍ മാളികപ്പുറത്തമ്മയുടെ നടയില്‍ നടത്തുന്ന വഴിപാട്. നാഗരാജാവിന് മഞ്ഞല്‍പ്പൊടി വിതറി കര്‍പ്പൂരം കത്തിച്ചാണ് പ്രാര്‍ഥന.

സ്രാന്പിക്കല്‍ കൊട്ടാരം - പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്തക്ഷേത്രത്തിനു സമീപം തിരുവാഭരണം സൂക്ഷിക്കുന്ന കൊട്ടരം.

സ്വാമി - തീര്‍ഥാടകകാലയളവില്‍ വ്രതം നോക്കുന്ന ഭക്തനെ വിളിക്കുന്ന പേര്.

സ്വാമി തിന്തകത്തോം - എരുമേലി പേട്ടതുള്ളല്‍ സമയത്തു ഭക്തര്‍ ഉരുവിടുന്ന ശരണംവിളി.

സ്വാമിയേ ശരണമയ്യപ്പ - അയ്യപ്പഭക്തന്മാര്‍ ഉരുവിടുന്ന ശരണമന്ത്രം.

ഹരിവരാസനം - അയ്യപ്പന്‍റെ ഉറക്കുപാട്ട്. ശബരിമലയിലെ അത്താഴപൂജയ്ക്കു ശേഷം നടയടക്കുന്നതിനു മുന്പ് ഉടുക്കു കൊട്ടി ആലപിക്കുന്ന കീര്‍ത്തനം.

ഹോമകുണ്ഡം - അയ്യപ്പദര്‍ശനവും നെയ്യഭിഷേകവും കഴിഞ്ഞു മടങ്ങുന്പോള്‍ തേങ്ങാമുറികള്‍ അര്‍പ്പിക്കുന്ന സന്നിധാനത്തിലെ ആഴി.



വെബ്ദുനിയ വായിക്കുക