തിരുവാഭരണ ഘോഷയാത്ര( 4,5 ദിവസം)

തന്പുരാനും പരിവാരങ്ങളും പന്പയിലെ രാജമണ്ഡപത്തില്‍ത്തന്നെ താമസിച്ച് ഭക്തജനങ്ങളെ ഭസ്മം നല്‍കി അനുഗ്രഹിക്കുന്നു.

അഞ്ചാം ദിവസം

ഉച്ചയ്ക്ക് ഒന്നര മണിയോടെ തന്പുരാന്‍ സന്നിധാനത്തേയ്ക്ക് പുറപ്പെടുന്നു. ഈ സമയത്ത് സന്നിധാനത്ത് ഉച്ചപൂജയ്ക്കുശേഷം നട അടയ്ക്കുകയും, ക്ഷേത്രപ്രദക്ഷിണമുറ്റവും പതിനെട്ടാം പടിയും കഴുകി വൃത്തിയാക്കി വയ്ക്കുകയും ചെയ്യും

നാലുമണിയോടുകൂടി ശരംകുത്തിയിലെത്തുന്ന തന്പുരാനെ ദേവസ്വം ബോര്‍ഡ് അധികാരികള്‍ വാദ്യമേളക്കാര്‍, ആന, ചങ്ങലവിളക്ക് തുടങ്ങിയവയുടെ അകന്പടിയോടെ സ്വീകരിക്കുന്നു. തന്പുരാന്‍ ആനപ്പുറത്ത് കയറിയിരിക്കുന്നു എന്ന സങ്കല്പത്തില്‍ ആനയുടെ പുറത്ത് ഒരു വെള്ള വസ്ത്രം വിരിച്ചിരിക്കും. ഈ വസ്ത്രം ആനക്കാരനുള്ളതാണ്.

തിരുവാഭരണ പേടകത്തിലെ ചെറിയ ചുരിക ദേവസ്വം പ്രതിനിധിയില്‍ നിന്ന് സ്വീകരിച്ചു കൊണ്ട് സന്തോഷസൂചകമായി തന്പുരാന്‍ മുണ്ടും അംഗവസ്ത്രവും നല്‍കുന്നു. ചങ്ങല വിളക്ക് മുന്പിലും പിന്നില്‍ ഉടവാളും പരിചയുമായി കുറുപ്പും അതിനു പിന്നില്‍ വലതുകൈയില്‍ ചുരികയുമായി തന്പുരാനും തന്പുരാനു പിന്നില്‍ പന്തളം കൊട്ടാരത്തിലെ മറ്റു കൊച്ചു തന്പുരാക്കന്മാരും അണിനിരന്ന് വാദ്യഘോഷങ്ങളോടെ പതിനെട്ടാം പടിയിലേയ്ക്ക് നീങ്ങുന്നു.

കഴുകി വൃത്തിയാക്കിയ പതിനെട്ടാം പടിക്കു താഴെ ഒരുക്കിയ ആവണിപ്പലകയിലേക്ക് ആനയിക്കുന്ന തന്പുരാനെ ശബരിമലക്ഷേത്ര മേല്‍ശാന്തി ശ്രീകോവിലില്‍ നിന്ന് കിണ്ടിയില്‍ വെള്ളവും പതിനെട്ടാം പടിയില്‍ ഉടയ്ക്കുവാനുള്ള നാളികേരവുമായി വന്ന് സ്വീകരിക്കുന്നു.

തുടര്‍ന്ന് തന്പുരാന്‍ ആ നാളികേരം ഉടച്ചശേഷം ഉടവാളും പരിചയുമായി നടക്കുന്ന കുറുപ്പിന്‍റെ പിന്നാലെ ചുരികയും കയ്യില്‍ പിടിച്ച് പതിനെട്ടാം പടി കയറി ഇടതുവശത്തുകൂടി നടന്ന് ശ്രീകോവിലിന്‍റെ ഒരു വശത്ത് എത്തുന്നു.


ഈ സമയം തന്പുരാനും കൊച്ചുതന്പുരാക്കന്മാരും അല്ലാതെ മറ്റാരും സോപാനത്തില്‍ നില്‍ക്കില്ല. തന്പുരാന്‍ ചെറിയ ചുരിക ശ്രീകോവിലിന്‍റെ പടിയില്‍ വയ്ക്കും. മേല്‍ശാന്തി അതെടുത്ത് തിരുവാഭരണഭൂഷിതനായ അയ്യപ്പന്‍റെ വലതുഭാഗത്തു സ്ഥാപിക്കും. അങ്ങനെ ഭഗവാന്‍ തിരുവാഭരണങ്ങള്‍ പൂര്‍ണ്ണമായും അണിയും.

ശ്രീ അയ്യപ്പഭഗവാനെ വന്ദിച്ചു കഴിഞ്ഞാലുടന്‍ തന്പുരാനു മാത്രം പ്രസാദം നല്‍കാനായി കരുതിയിട്ടുള്ള സ്വരണ്ണത്തളികയില്‍ പ്രസാദവും ശംഖില്‍ നിന്ന് തീര്‍ത്ഥവും എടുത്ത് മേല്‍ശാന്തി ശ്രീകോവിലില്‍ ഭഗവദ് വിഗ്രഹത്തിനു മുന്നില്‍ വയ്ക്കുന്നു. ദര്‍ശനത്തിനു ശേഷം മേല്‍ശാന്തിയോടൊപ്പം ഉപദേവന്മാര്‍, ഗണപതി, നാഗരാജാവ് ഇവരുടെയെല്ലാം ക്ഷേത്രങ്ങളില്‍ കര്‍പ്പൂരാരാധന നടത്തി വന്ദിച്ച ശേഷം പ്രദക്ഷിണമായി വടക്കേ നടയിറങ്ങി തന്പുരാന്‍ പല്ലക്കില്‍ത്തന്നെ മാളികപ്പുറത്തേയ്ക്ക് യാത്രയാകുന്നു.

മാളികപ്പുറത്തും കര്‍പ്പൂരാരാധന കണ്ട് വന്ദിച്ച് തീര്‍ത്ഥദക്ഷിണ നല്‍കി മണിമണ്ഡപം കടന്ന് മാളികപ്പുറത്ത് ഒരുക്കിയിട്ടുള്ള രാജമണ്ഡപത്തിലെത്തുന്നു. മകരമാസം ആറാം തീയതിവരെ തന്പുരാനും പരിവാരങ്ങളും ഈ രാജമണ്ഡപത്തില്‍ താമസിച്ച് എന്നും രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമുള്ള പൂജാസമയം മേല്‍ശാന്തി അറിയിക്കുന്നതനുസരിച്ച് മേല്‍പ്പറഞ്ഞ രീതിയിലുള്ള ചടങ്ങുകളില്‍ ദര്‍ശനം നടത്തും.

തന്പുരാന്‍ എത്തിയതിനുശേഷമേ പൂജയ്ക്ക് നടവാതില്‍ അടയ്ക്കുകയുള്ളു. തന്പുരാന്‍റെ ദര്‍ശനസമയത്ത് സോപാനത്തിനരികെ കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കും. ദര്‍ശനത്തിനുശേഷം നിവേദ്യം രാജമണ്ഡപത്തില്‍ എത്തിച്ചുകൊടുക്കും.

വെബ്ദുനിയ വായിക്കുക