വിവാഹം കഴിച്ചതിനേക്കാള്‍ വേഗത്തില്‍ വിവാഹമോചനം നേടുന്നതാണ് ഇപ്പോഴത്തെ ഫാഷന്‍. ഫാഷന്‍ അല്ല വിട്ടുവീഴ്ചകള്‍ക്കു പുതുതലമുറ അല്പം പോലും തയ്യാറാകാതെ വന്നപ്പോള്‍ വിവാഹമോചനം എന്നത് പോലും ഒരു ജീവിതരീതിയായി മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ വിവാഹമോചനത്തിനു ശേഷം എന്ത് എന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് ഒരു തെറ്റല്ല. വിവാഹമോചനത്തിനു തയ്യാറെടുക്കുന്നതിന് മുമ്പ് നൂറുവട്ടം ആലോചിക്കണമെന്ന് പലവട്ടം നാം കേട്ടിട്ടുണ്ട്. എന്നാല്‍, ഈ ആലോചന വിവാഹത്തിനു മുമ്പേ തുടങ്ങിയാല്‍ നിങ്ങള്‍ക്ക് ഒരിക്കലും വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരില്ല എന്നതാണ് സത്യം. വിവാഹമോചനം കിട്ടിയേ മതിയാകൂ എന്ന് ചിന്തിച്ച് നടക്കുന്നവര്‍ക്കായി കുറച്ച് കാര്യങ്ങള്‍.
എന്തിനെക്കുറിച്ച് ചിന്തിക്കുമ്പോഴും സാമ്പത്തികമാണ് ഇക്കാലത്ത് നമ്മുടെ മുമ്പില്‍ വരിക. വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കുമ്പോഴും സമ്പത്തിന് ചെറുതല്ലാത്ത പ്രസക്തിയാണ് ഉള്ളതെന്ന് ഓര്‍മ്മ വേണം. പെണ്‍കുട്ടിക്ക് സ്വന്തമായി ഒരു ജോലിയുണ്ടെങ്കില്‍ വിവാഹമോചനവും ജീവനാംശം ലഭിക്കുന്നതും ലഭിക്കാതിരിക്കുന്നതും വലിയ പ്രശ്നമാകില്ല. ജോലിയില്ലെങ്കില്‍ ജീവനാംശത്തിനായി കോടതി കയറിയിറങ്ങുന്നത് സര്‍വ്വസാധാരണമാണ്. എന്നാല്‍, മക്കളെ വളര്‍ത്താന്‍ എപ്പോഴും സ്വന്തമായി ഒരു ജോലി ഉണ്ടായിരിക്കുന്നതാണ് നല്ലത്. അതിനാല്‍ തന്നെ വിവാഹമോചനത്തിനു തയ്യാറെടുക്കുന്നതിനു മുമ്പ് സാമ്പത്തികഭദ്രത കൂടി ഉറപ്പു വരുത്തേണ്ടതാണ്.
നിങ്ങള്‍ക്ക് എന്തെങ്കിലും ജോലി ഉണ്ടെങ്കില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ അത് മതിയാകുമോ എന്ന് ചിന്തിക്കണം. നിങ്ങള്‍ക്ക് മാത്രമല്ല, നിങ്ങളുടെ കുട്ടികളുടെ പഠനം, സ്കൂള്‍ എല്ലാം മാനേജ് ചെയ്ത് കൊണ്ടു പോകാന്‍ ആ ശമ്പളത്തിനുള്ളില്‍ നിന്ന് കഴിയുമോ എന്ന നോക്കണം. ഇല്ലെങ്കില്‍ കഴിയുന്ന വിധത്തില്‍ കാര്യങ്ങള്‍ കൊണ്ടുപോകണം. സ്വന്തമായി ജോലി ഇല്ലാത്തവരാണെങ്കില്‍ സ്വയംതൊഴിലായി എന്തെങ്കിലും തുടങ്ങുകയാവാം. സ്വയംതൊഴില്‍ എങ്ങനെ തുടങ്ങണം എന്നറിയില്ലെങ്കില്‍ സാമ്പത്തികവിദഗ്ധന്‍റെ ഉപദേശം തേടാവുന്നതാണ്.
വിവാഹമോചനം നേടിയതിനു ശേഷവും സമൂഹവുമായി സാധാരണപോലെ തന്നെ ഇടപെടുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതല്‍ സമയം ചെലവഴിക്കാനും പുറത്തുപോകാനും ശ്രദ്ധിക്കുക. കാരണം, നമ്മുടെ സമൂഹത്തില്‍ വിവാഹമോചനം നേടിയ സ്ത്രീയെ സമൂഹം പലപ്പോഴും മറ്റൊരു കണ്ണില്‍ കാണാനാണ് ശ്രമിക്കുക. അത് കാര്യമാക്കാതെ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒപ്പം പരമാവധി സമയം ചെലവഴിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് നിങ്ങളെ നല്ലതുപോലെ അറിയാം. അതുകൊണ്ട് തന്നെ കൂടുതല്‍ വിശദീകരണങ്ങളുടെ ആവശ്യവുമില്ല. നിങ്ങള്‍ക്ക് സമാധാനവും ഉണ്ടാകും.
വിവാഹമോചനം നേടുമ്പോള്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ അമ്മമാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. പെണ്‍കുട്ടികളെ അമ്മമാര്‍ ഒപ്പം നിര്‍ത്തുന്നതാണ് ഉചിതം. മാതാപിതാക്കളുടെ വിവാഹമോചനം ഏറ്റവും അധികം ദുരിതത്തിലാഴ്ത്തുന്നത് കുട്ടികളെയാണ്. അതുകൊണ്ട് തന്നെ കുട്ടികളെ ബാധിക്കാത്ത വിധത്തില്‍ വേണം വിവാഹമോചനം നേടാന്‍. മാതാപിതാക്കള്‍ വിവാഹമോചനം നേടിയാലും അച്‌ഛന്‍റെയും അമ്മയുടെയും സാന്നിധ്യവും സാമീപ്യവും അവര്‍ക്ക് അനുഭവിക്കാനാകണം. ഇതെല്ലാം, പറഞ്ഞുതന്നത് എത്രയും പെട്ടെന്ന് പോയി വിവാഹമോചനം നേടാനല്ല. വിവാഹമോചനം നേടിയാല്‍ ഇങ്ങനെ ഒക്കെ ചില പ്രശ്നങ്ങള്‍ ഉണ്ടെന്ന് കൂടി അറിയിക്കാനാണ്.