ബന്ധങ്ങള്‍ പുരുഷന് ബന്ധനങ്ങളോ?

വ്യാഴം, 10 ജൂണ്‍ 2010 (17:02 IST)
PRO
സ്ത്രീകളേക്കാള്‍ പൊതുവേ ധൈര്യശാലികളാണ് പുരുഷന്‍‌മാര്‍ എന്നാണ് നമ്മുടെയെല്ലാം വെയ്പ്പ്. എന്നാല്‍ എല്ലാ കാര്യത്തിലും ഇത് അങ്ങനെയാണോ എന്ന് ചോദിച്ചാല്‍ അല്ലെന്നാവും ഉത്തരം. കുറഞ്ഞപക്ഷം ബന്ധങ്ങളുടെ കാര്യത്തിലെങ്കിലും‍. ബന്ധങ്ങള്‍ തകരുമ്പോ‍ള്‍ കൂടെ തകരുന്നവരില്‍ മുമ്പന്‍‌മാര്‍ പുരുഷന്‍‌മാര്‍ തന്നെയാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. വേക്ക് ഫോറസ്റ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്.

ബന്ധങ്ങള്‍ തകരുമ്പോള്‍ സ്ത്രീകള്‍ക്ക് ഉണ്ടാവുന്നതിനേക്കാള്‍ മാനസിക തകര്‍ച്ചയാണ് പുരുഷന്‍‌മാരില്‍ സംഭവിക്കുന്നത്. സ്ത്രീകളാകട്ടെ ബന്ധങ്ങള്‍ തകരുമ്പോഴുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം സുഹൃത്തുക്കളുമായി പങ്കുവെച്ച് കുറച്ചൊക്കെ ആശ്വാസം കണ്ടെത്താറുമുണ്ട്. എന്നാല്‍ പുരുഷന്‍‌മാരാകട്ടെ മനസ്സിന്‍റെ വേദന മുഴുവന്‍ ഹൃദയത്തില്‍ അടക്കിവെയ്ക്കുകയും ഒടുവില്‍ മനോനില തന്നെ തെറ്റുന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നു.

ഈ ഘട്ടത്തിലാണ് പുരുഷന്‍‌മാര്‍ മദ്യത്തിലും മയക്കുമരുന്നിലുമെല്ലാം അഭയം തേടുന്നത്. വികാര വിക്ഷോഭങ്ങള്‍ അടക്കിവെയ്ക്കുന്നതിലും സ്ത്രീകള്‍ പുരുഷന്‍‌മാരേക്കാള്‍ പതിന്‍‌മടങ്ങ് മിടുക്കികളാണെന്ന് പഠനത്തില്‍ വ്യക്തമായി. ബന്ധങ്ങളുടെ തകര്‍ച്ച ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് യുവാക്കളെ തന്നെയാണ്. 18 മുതല്‍ 23 വയസ്സുവരെ പ്രായപരിധിയിലുള്ള അവിവാഹിതരായ 1000ത്തോളം യുവതിയുവാക്കളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങളെല്ലാം വ്യക്തമായത്. മനസ്സില്‍ ചിന്തിക്കുന്നത് മുഖത്തു നിന്ന് ഭംഗിയായി മറച്ചുവെയ്ക്കാന്‍ സ്ത്രീകള്‍ക്കാവുന്നുവെന്നും പഠനം വ്യക്തമാക്കി.

ദോഷങ്ങളേറെ ഉണ്ടെങ്കിലും പുരുഷന്‍റെ ഈ അതിവൈകാരികതയ്ക്ക് ചില ഗുണങ്ങളുമുണ്ട്. പ്രണയകാലത്തെ സദ്ചിന്തകളുടെ ഏറിയ പങ്കും പുരുഷന്‍‌മാരില്‍ നല്ല ഫലങ്ങളുണ്ടാക്കുന്നുവെന്ന് പഠനത്തില്‍ വ്യക്തമായി. ബന്ധങ്ങള്‍ തകരുന്നതിന്‍റെ പരിണിതഫലം പുരുഷന്‍‌മാരിലും സ്ത്രീകളിലും വ്യത്യസ്ത രീതികളിലൂടെയാണ് പുറത്തുവരുന്നതെന്നും പഠനം വ്യക്തമാക്കുന്നു. സമ്മര്‍ദ്ദം സ്ത്രീകളെ വിഷാദരോഗത്തിന് ഉടമയാക്കുമ്പോള്‍ പുരുഷന്‍‌മാരില്‍ ഇത് മാനസിക വൈകല്യത്തിന് തന്നെ കാരണമാകുന്നു. വെറുതെയല്ല കറുത്തമ്മയെ ഓര്‍ത്ത് കൊച്ചുമുതലാളി കടാപുറത്ത് കൂടി പാടി പാടി നടന്നത്.

വെബ്ദുനിയ വായിക്കുക