പ്രണയവും സൌഹൃദവും

IFMIFM
പുതിയ തലമുറയുടെ പ്രണയം പൂര്‍ണ്ണമായും ന്യൂ ജനറേഷന്‍ റൊമാന്‍സാണ്. പണ്ട് ആണും പെണ്ണും തമ്മിലൊന്ന് കാര്യം പറഞ്ഞാല്‍ ‘എടിയേ അവരുതമ്മില്‍ പ്രേമമാ’ എന്നു സ്വകാര്യം പറഞ്ഞതൊക്കെ പഴങ്കഥ. ഇന്നു പ്രണയവും സൌഹൃദവും തമ്മില്‍ തിരിച്ചറിയുക എളുപ്പമല്ല.

വളരെ നേര്‍ത്ത ഒരു അതിര്‍വരമ്പേ പലപ്പോഴും ഈ സൌഹൃദങ്ങളില്‍ അവശേഷിക്കുന്നുള്ളു എന്നത് മറ്റൊരു വാസ്തവം. ഇത്തരം ഇന്‍റിമേറ്റ് സൌഹൃദങ്ങളുടെ കഥ പറഞ്ഞ ‘നിറം’ കേരളത്തിലെ ക്യാമ്പസ്സുകള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചതും ഇതേ കാരണത്താലാകാം.

കറയറ്റ, എന്തിനുമേതിനും തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുന്ന തുറന്ന സൌഹൃദങ്ങള്‍ ഇല്ലെന്നല്ല. പക്ഷേ ഒരു ചെറിയ ശതമാനം സൌഹൃദങ്ങളെങ്കിലും പ്രണയത്തിലോ, പ്രണയ സമാനമായ സാഹചര്യത്തിലോ എത്തിപ്പെടുന്നു. ആ ചെറിയ ശതമാനം ആശയക്കുഴപ്പത്തിലാകുകയും ചെയ്യുന്നു.

നൂക്ലിയാര്‍ കുടുംബങ്ങളില്‍ തിരക്കുള്ള അച്ഛനുമമ്മയും നല്‍കുന്നതേക്കാള്‍ സൌഖ്യം സൌഹൃദങ്ങള്‍ നല്‍കിയേക്കാം. കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാനും, പ്ലാനുകള്‍ നടപ്പാക്കാനുമൊക്കെ സുഹൃത്താണ് വഴികാട്ടിയാകുന്നത്. ആ സൌഖ്യം തന്നെ പ്രണയങ്ങള്‍ക്കും വഴിവയ്ക്കാം. അങ്ങനെ സംഭവിച്ചില്ലെന്നും വരാം.

എന്തായാലും പ്രണയമായാലും സൌഹൃദമായാലും ഈ വഴിയില്‍ വന്‍ അബദ്ധങ്ങളൊന്നും വരുത്തിവയ്ക്കാന്‍ കുട്ടികള്‍ തയ്യാറാവുന്നില്ലെന്നത് ഭാഗ്യം. അറേഞ്ചഡ് മാര്യേജ് നടക്കില്ലെങ്കില്ലെന്ന് ഉത്തമ ബോദ്ധ്യം വന്നാല്‍ തല്‍ക്കാലം മനസ്സില്‍ നിന്ന് ആ ഭാഗം മുറിച്ചുനീക്കി വയ്ക്കാന്‍ അവര്‍ പ്രാപ്തരാണ്.

ഇക്കാര്യത്തില്‍ നിറം മോഡലോളമൊന്നും പലയാള്‍ക്കാരും പിന്തുടരുന്നില്ല. ബന്ധങ്ങളെ ലാഘവത്വത്തോടെ കാണാന്‍ അവര്‍ക്കു കഴിയുന്നു. ചിലപ്പോള്‍ സൌഹൃദത്തിനിടയില്‍ വിരിയുന്ന പ്രണയം മറ്റാരുമറിയാതെ വിടര്‍ന്നു കൊഴിയുകയും ചെയ്യുന്നു.

പിന്നീട് വിവാഹാലോചനകള്‍ തകൃതിയാകുമ്പോഴോ മറ്റോ നെടുവീര്‍പ്പോടെ സൌഹൃദസ്മൃതികളിലൊന്ന് ചെന്നെത്തിയെങ്കിലായി. വിപ്ലവ പ്രണയവിവാഹങ്ങളും താരതമ്യേന കുറഞ്ഞെങ്കിലും തീര്‍ത്തും ഇല്ലാതായിട്ടില്ല. നല്ലതെന്ന് പറയുമെങ്കിലും നഷ്ടബോധം തോന്നിക്കുന്നൊരു പ്രാക്ടിക്കല്‍ സെന്‍സ് കുട്ടികളില്‍ കൂടിയിട്ടുണ്ട് എന്നത് വാസ്തവം.

ലവ്-അറേഞ്ചഡ് വിവാഹങ്ങള്‍ക്കാണ് പ്രാമുഖ്യം കൂടുതല്‍ എന്നുമാത്രം.

വെബ്ദുനിയ വായിക്കുക