പത്തനംതിട്ടയില്‍ നടന്ന ഒരു സംഭവമാണ്. നായകന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. കക്ഷിക്ക് അയല്‍ക്കാരിയായ പെണ്‍കുട്ടിയോട് കടുത്ത പ്രേമം. കാര്യം പെണ്‍കുട്ടിയെ അറിയിച്ചപ്പോള്‍ അവള്‍ക്ക് എതിര്‍പ്പൊന്നുമില്ല. അങ്ങനെ പ്രണയകഥ അടിപൊളിയായി തുടര്‍ന്നു. വൈകാതെ സംഭവം നാട്ടില്‍ പാട്ടായി.
ഇതോടെ ഇരു വീടുകളിലും ഭൂകമ്പം. നായകന്‍റെ അച്ഛന്‍ വാളെടുത്തു. അമ്മ സെന്‍റിമെന്‍റ്സ് ആയുധമാക്കി - “അവളെ കെട്ടിയാല്‍, ഞാനും കെട്ടും... ഈ ഉത്തരത്തില്‍”. ഭീഷണിക്കൊടുവില്‍ നായകന്‍ പ്രണയത്തില്‍ നിന്നു പിന്‍മാറി. അന്തസായി ഒരു പണക്കാരിയെ കല്യാണം കഴിച്ച് സെറ്റിലായി. നായികയോ? അവളും മോശമല്ല, നായകന്‍ പിന്‍മാറിയപ്പോള്‍ നല്ലൊരു ചൊങ്കന്‍ ചെക്കനെ പ്രേമിച്ചു വശത്താക്കി നാടുവിട്ടു.
വര്‍ഷങ്ങള്‍ കഴിഞ്ഞു. നമ്മുടെ നായകന്‍ ട്രാന്‍സ്ഫറായി പെരിന്തല്‍മണ്ണയില്‍ എത്തി. അപ്പോഴതാ, കണ്ണീരും കയ്യുമായി തന്‍റെ ആദ്യകാമുകി ഓഫീസിന് തൊട്ടടുത്ത വീട്ടില്‍. അവളുടെ ഭര്‍ത്താവ് മറ്റൊരുത്തിക്കൊപ്പം പോയത്രേ. ഒന്നരവയസുള്ള ഒരു കുഞ്ഞുമായി പാവം നായിക ഒറ്റയ്ക്ക്. നായകന്‍റെ മനസലിഞ്ഞു. വീണ്ടും പ്രണയം തളിരിട്ടു. വിവരം നായകന്‍റെ ഭാര്യയുടെ കാതില്‍. അടി, ബഹളം, ലഹള.
ഈ കഥയിലേതുപോലെ ആദ്യകാമുകിയെ അവിചാരിതമായി കണ്ടുമുട്ടാന്‍ എത്ര കാമുകഹൃദയങ്ങള്‍ക്ക് ഭാഗ്യം(അതോ നിര്‍ഭാഗ്യമോ?) ഉണ്ടായിട്ടുണ്ട്. അങ്ങനെ കണ്ടുമുട്ടിയിട്ടുണ്ടെങ്കില്‍ അവളുടെ പ്രതികരണം / അവളുടെ അവസ്ഥ/ അവളുടെ ശരീരഭാഷ ഇവയൊക്കെ സൂക്ഷ്‌മമായ ഒരു വിലയിരുത്തലിന് വിധേയമാക്കിയോ?
ഒട്ടുമിക്ക പ്രണയ പണ്ഡിതന്‍മാരും പറയുന്നത്, പഴയ കാമുകിയെ അവിചാരിതമായി കണ്ടുമുട്ടുന്ന കാമുകന്‍മാര്‍ക്ക് ആദ്യം ഉണ്ടാവുക ഒരു ഞെട്ടലാണെന്നാണ്. “നീ എങ്ങനെ ഇവിടെയെത്തി” അല്ലെങ്കില്‍ “നീ എന്തിന് ഇവിടെയെത്തി” എന്നൊരു ഭാവം. ഇത് ഒരു ഭയത്തില്‍ നിന്നും ഉടലെടുക്കുന്നതാണ്, ഇനി എന്താണ് സംഭവിക്കാന്‍ പോവുക എന്ന ഭയം.
കാമുകിയുമായുള്ള ബന്ധം വേര്‍പെട്ടതിന് പല കാരണങ്ങള്‍ ഉണ്ടാകും. നായകന്‍ ബോധപൂര്‍വം കാമുകിയെ ഒഴിവാക്കിയതാണെങ്കില്‍, പിന്നീട് തമ്മില്‍ കാണുമ്പോള്‍ അയാള്‍ക്ക് ഞെട്ടാന്‍ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട. തന്നെ തള്ളിപ്പറഞ്ഞ് പോയ കാമുകി വീണ്ടും കണ്‍മുന്നിലെത്തിയാലും നായകന്‍ ഞെട്ടും - “ഇനിയും ഇവള്‍ എന്തിനുള്ള പുറപ്പാടാണീശ്വരാ?”
എന്തായാലും ആദ്യത്തെ ഞെട്ടലും അമ്പരപ്പും മാറിയാല്‍ നായകന്‍ തന്‍റെ പഴയ ‘ഐശ്വര്യാ റായി’യെ അടിമുടിയൊന്നു നോക്കും. എന്തു വേഷമാണ് അവള്‍ ധരിച്ചിരിക്കുന്നത്? എങ്ങനെയാണ് അവളുടെ കോലം? ഷാമ്പൂ പതപ്പിച്ച് പാറിപ്പറക്കുന്ന മുടിയും ജീന്‍സും ഇറുകിയ ടീഷര്‍ട്ടുമാണോ വേഷം. അതോ വിലകൂടിയ കാഞ്ചീപുരം പട്ടോ? വലംകൈ സുന്ദരനായ ഭര്‍ത്താവിന്‍റെ ഇടംകൈയില്‍ കൊരുത്തിട്ടുണ്ടോ?
ഇതില്‍ ഏതെങ്കിലും ഒരു കാഴ്ചയാണെങ്കില്‍ നമ്മുടെ നായകന്‍റെ ഹൃദയം അസൂയയാലും അപകര്‍ഷതയാലും തകരും. തന്നെ ചവിട്ടിത്തേച്ച് കടന്നുപോയവള്‍ അതിഗംഭീരപ്രൌഢിയോടെ വീണ്ടും മുന്നില്‍. അല്ലെങ്കില്‍, താന്‍ കറിവേപ്പില പോലെ വലിച്ചെറിഞ്ഞവള്‍ പ്രതികാരവും വെല്ലുവിളിയും നിറഞ്ഞ നോട്ടത്തോടെ നേര്‍ക്കുനേര്‍. എന്തു ചെയ്യും? ഏതുമാളത്തിലൊളിക്കും. കൂടുതല്‍ നായകന്‍മാരും പഴയ നായികയ്ക്ക് മുഖം കൊടുക്കാതെ മുങ്ങാനാകും ശ്രമിക്കുക.
എന്നാല്‍ ക്രൂരയായ കാമുകി തന്‍റെ പഴയ നായകനെ അങ്ങനെയങ്ങ് മുങ്ങാന്‍ സമ്മതിക്കുമോ? അവള്‍ ഭര്‍ത്താവിനെ പരിചയപ്പെടുത്തും. “ചേട്ടന് മൈക്രോസോഫ്റ്റിലാണ് ജോലി. ബില്‍ ഗേറ്റ്സ് ചേട്ടന്‍റെ അടുത്ത ഫ്രണ്ടാ. 10 കോടിയുടെ ഒരു ഫ്ലാറ്റു വാങ്ങാന്‍ വേണ്ടി ഇവിടെ വന്നതാണ്. നിങ്ങള്‍ എങ്ങനെയാപോവുക, കാറിലാണോ? മെഴ്സിഡസോ ഹോണ്ടാസിറ്റിയോ?” - നൂറുകൂട്ടം ചോദ്യങ്ങള്‍. വെയിലത്തു നടന്നു വലഞ്ഞ് ചെരിപ്പു തേഞ്ഞ്, ഒരു മോരുംവെള്ളം കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് വരുമ്പോഴാണ് ഇതുപോലുള്ള ഇടിത്തീകള്‍.
ഇനി മറ്റൊരു രീതിയിലാണെങ്കിലോ? പിഞ്ഞിപ്പഴകിയ പഴയ വസ്ത്രങ്ങളില്‍, വാടിത്തളര്‍ന്ന പഴയ കാമുകിയെയാണ് കാണുന്നതെങ്കിലോ? അവിടെ അനുതാപം ഉണരുകയായി. പിന്നെ അന്വേഷണങ്ങളായി, പറച്ചിലായി, പരാതിയും പരിഭവവുമായി. കണ്ണീരിന്‍റെ അകമ്പടിയോടെ പഴയ ബന്ധം വീണ്ടും കൂടുതല്‍ ശക്തിയായി ഉറയ്ക്കുന്നു. അതോടെ പ്രശ്നങ്ങള്‍ വീണ്ടും ആരംഭിക്കുകയും ചെയ്യുന്നു.
ആദ്യ കാമുകിയെ വീണ്ടും കാണുന്നയാള്‍ തന്‍റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ബോധവാനായിരിക്കണമെന്നാണ് പ്രണയത്തില്‍ ഡോക്ടറേറ്റ് എടുത്തിട്ടുള്ളവര്‍ ഉപദേശിക്കുന്നു. പഴയ നായിക ഏത് അവസ്ഥയിലും ആയിക്കൊള്ളട്ടെ. തന്‍റെ അവസ്ഥ എന്താണ്? ഒറ്റത്തടിയാണെങ്കില്‍ ഏത് കടലിലേക്കും എടുത്തു ചാടിക്കോളൂ. ആരും ചോദിക്കില്ല. പക്ഷേ, പുതിയ ഭാര്യയും കുടുംബവുമുണ്ടോ? എങ്കില്‍ കുഴപ്പമാണ്.
പഴയ കാമുകിയെ ബുദ്ധിപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ നിങ്ങളുടെ ഇപ്പോഴത്തെ കുടുംബജീവിതം തകര്‍ന്നതു തന്നെ. ഒരിക്കല്‍ അവസാനിച്ച പ്രണയത്തിന് വീണ്ടും വളമിടുന്നതിന് മുമ്പ് ഇപ്പോഴത്തെ പങ്കാളിയുടെ മുഖം, കുട്ടികളുടെ മുഖങ്ങളൊക്കെ ആലോചിക്കുക. പഴയ കാമുകിക്ക് ഹൃദ്യമായ ഒരു പുഞ്ചിരി സമ്മാനിച്ച്, ഒരു കുശലാന്വേഷണം നടത്തി, ആവശ്യമെങ്കില്‍ ചെറിയ സഹായം മാത്രം ചെയ്ത് സ്ഥലം വിടാന്‍ ധൈര്യം ലഭിക്കും. അങ്ങനെയൊരു ഒഴിവാകലിന് തയ്യാറല്ലെങ്കില്‍, വരാന്‍ പോകുന്ന ഭൂകമ്പത്തെയും കൊടുങ്കാറ്റിനെയും മഹാപ്രളയത്തെയും നേരിടാന്‍ ഒരുങ്ങിക്കൊള്‍ക!