‘ലൌ അറ്റ് ഫസ്റ്റ് സൈറ്റ്‘ യാഥാര്‍ത്ഥ്യമോ?

IFM
“ലൌ അറ്റ് ഫസ്റ്റ് സൈറ്റ്” അഥവാ ആദ്യനോട്ടത്തിലെ പ്രണയം. ശരിക്കും ഇങ്ങനെയൊന്നുണ്ടോ? ഇല്ലെന്ന് ചിലര്‍ വാദിച്ചേക്കും. എന്നാല്‍ ഈ പ്രതിഭാസം സാധ്യമാണെന്ന് തന്നെയാണ് മന:ശാസ്ത്രജ്ഞരും ഗവേഷകരും അഭിപ്രായപ്പെടുന്നത്. പുരുഷനാണ് ആദ്യനോട്ടത്തില്‍ പ്രണയം തോന്നാന്‍ കൂടുതല്‍ സാധ്യതയെന്നും ഇവര്‍ വിലയിരുത്തുന്നു.

ആ സമയത്തെ നമ്മുടെ മാനസികനില അനുസരിച്ചായിരിക്കും ആദ്യനോട്ടത്തില്‍ പ്രണയം ജനിക്കുകയെന്നാണ് ഫ്ലോറിഡ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ മനശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇരുവരുടെയും കണ്ണുകള്‍ തമ്മില്‍ ഉടക്കിയാകും പ്രണയം മൊട്ടിടുക. 30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഇത് സാധ്യമാകുമെന്നും മനശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

വ്യക്തിയുടെ ആകര്‍ഷണീയത വിലയിരുത്തുന്നതിനും തനിക്ക് അനുയോജ്യനാണോ എന്ന് അളക്കുന്നതിനുമാണ് ആദ്യനോട്ടത്തിലെ ബാക്കി സമയം ഉപയോഗിക്കുക. ആണ്‍കുട്ടികളാണ് “ഈ കെണിയില്‍“ ആദ്യം വീഴുകയെന്നാണ് ഇവര്‍ പറയുന്നത്.

മനുഷ്യമസ്തിഷ്കങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്കും ആദ്യനോട്ടത്തിലെ പ്രണയത്തോട് വിയോജിപ്പില്ല. ഇത് സാധ്യമാണെന്ന് തന്നെയാണ് ഇവരും ചൂണ്ടിക്കാണിക്കുന്നത്. അപ്രതീക്ഷിതമായി കണ്ടുമുട്ടുന്ന ഉടന്‍ തലയുയര്‍ത്തി കണ്ണുകള്‍ കൊണ്ട് നോട്ടമെറിയുകയാണ് ഇത്തരത്തിലെ പ്രണയത്തിന്‍റെ ആദ്യ ലക്ഷണം. കണ്ടുമുട്ടിയത് തന്‍റെ സ്വപ്നത്തിലെ നായകന്‍/നായിക ആണോയെന്ന് അപ്പോള്‍ തന്നെ ഇരുവര്‍ക്കും മനസിലാകുമത്രേ.

ഫ്ലോറിഡ സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ഈയിടെ ഒരു പഠനം നടത്തി. ആദ്യനോട്ടത്തിലെ അനുരാഗമായിരുന്നു വിഷയം. പരിചയമില്ലാത്ത പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും നിര്‍ത്തി അന്യോന്യം ശ്രദ്ധിക്കാന്‍ ഒരു മിനുട്ട് മാത്രം നല്‍കിയായിരുന്നു പരീക്ഷണം. ഇവരുടെ പ്രതികരണങ്ങള്‍ വിലയിരുത്തിയാണ് ആദ്യനോട്ടത്തിലെ അനുരാഗത്തിന് 30 സെക്കന്‍ഡുകള്‍ മാത്രം മതിയെന്ന നിഗമനത്തിലെത്തിയത്.

അഴകൊത്ത ശരീരത്തിന് ( പെണ്ണായാലും ആണായാലും) ഈ പ്രണയവീഴ്ചയില്‍ ഏറെ സ്ഥാനമുണ്ട്. ഒറ്റനോട്ടത്തില്‍ എതിരാളിയുടെ ശബ്ദമോ അംഗവിക്ഷേപങ്ങളോ ചിരിയോ ഒക്കെയാകും ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ ആദ്യനോട്ടത്തിലെ പ്രണയത്തിന് സുന്ദരന്‍‌മാര്‍ക്കും സുന്ദരികള്‍ക്കുമാണ് സാധ്യത കൂടുതല്‍ കല്‍‌പിക്കപ്പെടുന്നത്. എന്നാല്‍ മറ്റുള്ളവരിലും ആദ്യനോട്ടത്തിലെ അനുരാഗത്തിന് സാധ്യതയുണ്ടെന്നാണ് ഗവേഷകസംഘം അഭിപ്രായപ്പെടുന്നത്.

ആദ്യനോട്ടത്തില്‍ അനുരാഗം മൊട്ടിടാത്തതിനും ഗവേഷകര്‍ നിരവധി കാരണങ്ങള്‍ നിരത്തുന്നുണ്ട്. ക്ഷീണിതരാണെങ്കിലോ വിഷാദ മനോഭാവത്തിലാണെങ്കിലോ സമ്മര്‍ദ്ദത്തിലാണെങ്കിലോ ആദ്യനോട്ടത്തിലെ ഇഷ്ടം സാധ്യമാകില്ല. ഒരാളെക്കാണുമ്പോള്‍ തന്നെ നമ്മുടെ മനസില്‍ തോന്നുന്ന വികാരത്തിന് ആദ്യ നോട്ടത്തിലെ പ്രണയവുമായി ഏറെ ബന്ധമുണ്ടെന്നും ഇവര്‍ സാക്‍ഷ്യപ്പെടുത്തുന്നു.

വെബ്ദുനിയ വായിക്കുക