‘കുട്ടേട്ടന്‍’മാര്‍ക്ക് കഷ്ടകാലം!

തിങ്കള്‍, 12 ജൂലൈ 2010 (15:26 IST)
PRO
പ്രണയം എന്ന വികാരം ഓരോ മനുഷ്യരിലും ഓരോ രീതിയിലാണ്. ചിലര്‍ അതിനു വേണ്ടി പ്രാണന്‍ ത്യജിക്കാനും തയ്യാറാണ്. മറ്റുചിലര്‍ക്ക് പ്രണയം ഒരു ഹോബിയോ ജോലിയോ ഒക്കെയാണ്. ഒരേസമയം ഒന്നിലധികം പ്രണയങ്ങള്‍ കൊണ്ടുനടക്കുന്ന വിരുതന്‍‌മാരുണ്ട്. ഒരു വലിയ വ്യവസായ ശൃംഖല നടത്തിക്കൊണ്ടുപോകുന്നതിനേക്കാള്‍ സാമര്‍ത്ഥ്യത്തോടെ അനവധി പ്രണയബന്ധങ്ങള്‍ മാനേജുചെയ്തു പോകുന്ന വമ്പന്‍ കക്ഷികളെയും കാണാം.

ലോഹിതദാസിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ‘കുട്ടേട്ടന്‍’ എന്ന സിനിമയുടെ പ്രമേയം ഇത്തരം പ്രണയരോഗികളായിരുന്നു. രാവിലെ കുളിച്ച് അടിപൊളി വേഷം ധരിച്ച് ബൈക്കിലോ കാറിലോ ഇവര്‍ ‘വേട്ട’യ്ക്കിറങ്ങുന്നു. പെണ്‍കുട്ടികളെ വളയ്ക്കുക എന്നതുതന്നെ പ്രധാനലക്‍ഷ്യം. ചിലര്‍ ഇക്കാര്യത്തില്‍ വേഗം വിജയം കാണുന്നു. മറ്റുചിലരാകട്ടെ, വിജയം കാണും വരെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകുന്നു.

എന്നാല്‍, പഴയകാലം പോലെയല്ല ഇപ്പോള്‍. ഇത് കുട്ടേട്ടന്‍‌മാരുടെ കഷ്ടകാല സമയമാണ്. പൂവാലന്‍‌മാരെയും പ്രണയ‌രോഗികളെയും തിരിച്ചറിയാനുള്ള കഴിവും വിവേകവും ഇക്കാലത്തെ പെണ്‍കുട്ടികള്‍ക്കുണ്ട്. അതുകൊണ്ട്തന്നെ ചതിക്കുഴികളില്‍ പതിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം മുമ്പത്തേതിനേക്കാള്‍ ഏറെ കുറഞ്ഞിട്ടുണ്ട്. താന്‍ സ്നേഹിക്കുന്ന പുരുഷന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് തോന്നിയാല്‍ അപ്പോള്‍ തന്നെ പ്രണയത്തില്‍ നിന്ന് പിന്‍‌മാറാനും കള്ളക്കാമുകനെ കൈകാര്യം ചെയ്യാനുമുള്ള ആര്‍ജ്ജവം ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ കാണിക്കുന്നു.

യാദൃശ്ചികമെന്നോണം പരിചയപ്പെടുകയും പിന്നീട് വിടാതെ പിന്തുടരുകയും ചെയ്യുന്ന റോമിയോമാര്‍ക്കെതിരെ പെണ്‍കുട്ടികള്‍ ജാഗ്രതപാലിക്കുന്നു എന്ന് തന്നെയാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പെണ്‍‌വാണിഭവും പീഡനവും മുന്‍‌കാലങ്ങളേക്കാള്‍ കുറഞ്ഞത് ഇതാണ് സൂചിപ്പിക്കുന്നത്. പ്രണയം നടിക്കുകയും മറ്റുപലതിലേക്കും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന കാമുകന്‍‌മാര്‍ ഇന്നും സമൂഹത്തില്‍ ഏറെയുണ്ട്. പ്രണയം യഥാര്‍ത്ഥമാണോ അതോ കപടമാണോ എന്നു മനസിലാക്കാന്‍ വേഗത്തില്‍ കഴിയും. പക്ഷേ അതിന് സൂക്‍ഷ്മമായ നിരീക്ഷണം ആവശ്യമാണ്.

തന്‍റെ നേര്‍ക്ക് പ്രണയാഭ്യര്‍ത്ഥന നടത്തുന്ന ഒരാളെയോ സഹായങ്ങളുമായി അടുത്തുകൂടുന്നവരെയോ വേഗത്തില്‍ വിശ്വസിക്കുന്നതാണ് പെണ്‍കുട്ടികളെ അപകടത്തിലാക്കുന്നത്. ശല്യപ്പെടുത്തുന്നതായി തോന്നിയാല്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കാനുള്ള സംവിധാനങ്ങള്‍ ഇപ്പോഴുണ്ട്. പെണ്‍കുട്ടികളെ ശല്യപ്പെടുത്താനും അപമാനിക്കാനും ശ്രമിക്കുന്നതായുള്ള നൂറുകണക്കിന് പരാതികള്‍ ഇപ്പോള്‍ ദിവസവും പൊലീസിന് ലഭിക്കുന്നുണ്ട്. അവയിലൊക്കെ കൃത്യമായ നടപടികള്‍ എടുക്കുകയും ചെയ്യുന്നു.

പൊലീസും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനുമൊക്കെ സ്ത്രീകളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. പരാതികള്‍ ലഭിച്ചുകഴിഞ്ഞാല്‍ പെണ്‍കുട്ടിയുടെ മൊഴി ഏറെ നിര്‍ണായകമാണ്. ശിക്ഷാനടപടികള്‍ കടുത്തതുമാണ്. ശല്യപ്പെടുത്താന്‍ ശ്രമിച്ച പൂവാലന്‍‌മാര്‍ക്കെതിരെ പെണ്‍കുട്ടികള്‍ ശക്തമായി പ്രതികരിക്കുന്നതിന്‍റെ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ അടുത്തകാലത്ത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കുട്ടേട്ടന്‍‌മാരുടെ വിളയാടലുകള്‍ ഇനി അത്ര എളുപ്പമാകില്ലെന്ന് സാരം.

സ്ത്രീകള്‍ക്കെതിരെയുള്ള പീഡനത്തിനും പൂവാലന്‍‌മാരുടെ പ്രകടനങ്ങള്‍ക്കുമെതിരെ സമൂഹത്തിന് ബോധവത്കരണം നടത്തുന്ന സന്നദ്ധസംഘങ്ങള്‍ സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവയുടെ പ്രവര്‍ത്തനങ്ങളും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് തടയിടാന്‍ ഉപകരിക്കുന്നു.

വെബ്ദുനിയ വായിക്കുക