“പ്രണയത്തിന്റെ മയില്‍പ്പീലിവര്‍ണങ്ങള്‍ പെയ്തുതുടങ്ങിയപ്പോഴാണ് അവര്‍ കൂടുകൂട്ടിയത്. ഇന്ന്, ദാമ്പത്യജീവിതത്തിന്റെ കല്‍പ്പടവുകളിലൂടെ ഇവര്‍ കൈകോര്‍ത്ത് നടക്കുമ്പോഴും അതേ പ്രണയമഴ പെയ്യുന്നു. ഒരിക്കലും തോരാത്ത സ്നേഹമഴ.“
ലോക്സഭയില്‍ ഇടുക്കിയെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസിനും ഭാര്യ ഉമയ്ക്കും പ്രണയത്തെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. കണ്ടുമുട്ടലും കാത്തിരിപ്പും വിരഹവും ആഹ്ലാദവും നിറഞ്ഞ വഴികള്‍ താണ്ടി ഇവരുടെ പ്രണയകാലത്തിലേക്ക് നമുക്കൊരു യാത്രപോകാം.
ആദ്യമായി കണ്ടത്
എറണാകുളം മഹാരാജാസ് കോളേജിന്‍െറ ഇടനാഴിയിലാണ് ആദ്യമായി തമ്മില്‍ കണ്ടത്. അന്നു പി ടി കെ എസ് യു സംസ്ഥാന പ്രസിഡന്റായിരുന്നു. എം എ ബിരുദം നേടി കാമ്പസ് വിട്ടിരുന്നെങ്കിലും രാഷ്ട്രീയകാര്യങ്ങളുമായി ബന്ധപ്പെട്ട് പി ടി അവിടെയെത്താറുണ്ടായിരുന്നു- ഉമ പറയുന്നു.
PRO
PRO
നന്നായി പാട്ട് പാടുന്ന ഉമയെന്ന സുന്ദരിപ്പെണ്‍കുട്ടിയെ ആദ്യം കണ്ടത് പുതുമുഖങ്ങളെ സ്വാഗതം ചെയ്യാനായി ഒരുക്കിയ പരിപാടിയിലായിരുന്നെന്ന് പി ടി ഓര്‍ത്തെടുക്കുന്നു. “മഞ്ഞണിക്കൊമ്പില്‍ ... എന്നു തുടങ്ങുന്ന സിനിമാഗാനം മനോഹരമായി പാടിയ ആ സുവോളജി വിദ്യാര്‍ത്ഥിനി പി ടിയുടെ മനസ്സില്‍ അനുരാഗത്തിന്റെ സുമംഗലിക്കുരുവിയായി മാറുകയായിരുന്നു.
സുമുഖനും ആദര്‍ശധീരനുമായ ആ വിദ്യര്‍ത്ഥിനേതാവിനോട് ഉമയ്ക്ക് തോന്നിയ ആരാധന പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന, മഹാരാജാസില്‍ വൈസ് ചെയര്‍മാനായിരുന്ന ഉമ പി ടിയ്ക്ക് എന്തുകൊണ്ടും അനുയോജ്യയായിരുന്ന പങ്കാളി തന്നെ.
എതിര്‍പ്പുകള്‍ ഏറെ
പി ടിയെ എന്റെ വീട്ടുകാര്‍ക്ക് അടുത്തറിയാമായിരുന്നു. അദ്ദേഹത്തിന്‍െറ പെരുമാറ്റത്തെക്കുറിച്ചും മതിപ്പുണ്ടായിരുന്നു. എന്നാല്‍ വിവാഹാലോചനയുമായെത്തിയപ്പോള്‍ പക്ഷേ അവര്‍ സമ്മതം മൂളിയില്ല. എറണാകുളം രവിപുരത്തെ തികച്ചും യാഥാസ്ഥിതികരായ ഒരു പട്ടര്‍ കുടുംബത്തിന് അത് ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറം തന്നെയാണേന്ന് ഉമ ഇപ്പോഴും വിശ്വസിക്കുന്നു.
ഉമയെ അവര്‍ വീട്ടുതടങ്കലില്‍ ആക്കി. പരസ്പരം ഒന്ന് കാണാന്‍ പോലും സാധിക്കാത്ത നാളുകളില്‍ കൂട്ടുകാര്‍വഴി കൈമാറിയിരുന്ന എഴുത്തുകളായിരുന്നു ഏക ആശ്വാസം.
വിവാഹം രണ്ട് തവണ
ഏറെ പ്രത്യേകതകളുള്ള വിവാഹമായിരുന്നു അതെന്ന് പി ടി സമ്മതിക്കുന്നു. എതിര്‍പ്പുകളെ മുന്‍കൂട്ടികണ്ട്തിനാല്‍ മുന്‍പേ തന്നെ വിവാഹം രഹസ്യമായി റജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. പിന്നീട് 1986ല്‍ കോതമംഗലം പള്ളിയില്‍ വച്ച് സ്പെഷ്യല്‍ കാനന്‍ നിയമപ്രകാരം വീണ്ടും കല്യാണം നടത്തി.
എന്നാല്‍ മതം മാറാതെ തന്നെയാണ് താന്‍ പി ടിയുടെ ജീവിതസഖിയായത് ഉമയുടെ സാക്‍ഷ്യം. പി ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരിക്കെയായിരുന്നു ചടങ്ങുകള്‍ നടന്നത്.
വയലാര്‍ രവിയും മേഴ്സിയും കരുത്തായി
വീട്ടുകാര്‍ പരിഭവിച്ച് മാറി നിന്നപ്പോള്‍ ഓടിയെത്തി എല്ലാകാര്യങ്ങള്‍ക്കും കൂടെ നിന്നത് വയലാര്‍ജിയും മേഴ്സിച്ചേച്ചിയുമായിരുന്നു. മേഴ്സിച്ചേച്ചിയിക്ക് താന്‍ ഒരമ്മയുടെ സ്ഥാനമാണ് നല്‍കിയിരുന്നത് ഉമ ഓര്‍ക്കുന്നു. ഒന്നരമാസം ഞാന്‍ അവരോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഒരമ്മയുടെ സ്നേഹവും പരിലാളനയും പകര്‍ന്ന് നല്‍കിയ മേഴ്സി രവിയെ ഒരിക്കലും മറക്കാന്‍ സാധിക്കില്ല.
മനപ്പൊരുത്തമുള്ള ദമ്പതിമാര്‍
തിരക്കുകളില്‍ പരസ്പരം മനസ്സിലാക്കി പൊതുപ്രവര്‍ത്തനത്തിലെ തിരക്കുകള്‍ കണ്ടറിഞ്ഞ് പെരുമാറുന്ന ഒരു ഭാര്യയെ കിട്ടിയതാണ് ഏറ്റവും വലിയ അനുഗ്രഹമെന്ന് പി ടി സന്തോഷത്തോടെ സമ്മതിക്കുന്നു. വിദേശത്തായാലും എവിടെപ്പോയാലും വീട്ടിലെ കാര്യങ്ങള്‍ തിരക്കാന്‍ ഭര്‍ത്താവ് സമയം കണ്ടെത്താറുണ്ടെന്ന് ഉമയും പറയുന്നു.
രാഷ്ട്രീയ ജീവിതവും കുടുംബജീവിതവും
ജോലിയില്‍ നിന്ന് അവധിയെടുത്ത് ഉമ പിടിയ്ക്ക് വേണ്ടി വോട്ടു ചോദിക്കാന്‍ ഇറങ്ങാറുണ്ട്, മഹാരാജാസിലെ വൈസ് ചെയര്‍മാനായിരുന്ന ഉമയിലെ രാഷ്ട്രീയക്കാരിക്ക് തെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും മനസ്സിലായില്ലെങ്കിലേ അത്ഭുതമുള്ളൂ. ജയിച്ചാലും തോറ്റാലും എതിരാളിക്ക് കൈകൊടുത്ത് പിരിയുന്ന പി ടിയിലെ രാഷ്ട്രീയനേതാവ് ഈ പിന്തുണയില്‍ അഭിമാനം കൊള്ളുന്നു.
മതവും വിശ്വാസങ്ങളും വ്യക്തിപരം
വിശ്വാസങ്ങളും മതവുമൊക്കെ വ്യക്തിപരമായ സ്വാതന്ത്രങ്ങളാണെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്ന് പി ടി പറയുന്നു. ഉമ ഇന്നും ഇഷ്ടദേവനായ കൃഷ്ണനെ ആരാധിക്കുന്നതും അത്കൊണ്ട് തന്നെ. മൂത്ത മകന് വിഷ്ണു എന്നു പേരിട്ടതും പി ടി തന്നെയായിരുന്നു- ഉമയുടെ വാക്കുകള്‍.
വാലന്റൈന്‍സ് ഡേയും പുതുതലമുറയുടെ പ്രണയവും
ഒരു ദിവസത്തെ ആഘോഷങ്ങളില്‍ ഒതുക്കി നിര്‍ത്താവുന്ന ഒന്നല്ല പ്രണയം. ഞങ്ങള്‍ ഇന്നും എന്നും പ്രണയിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ തലമുറകളിലെ മാറ്റം പ്രണയത്തിലും പ്രകടമാകുന്നുണ്ട് എന്നതാണ് സത്യം, ഈ ദമ്പതികള്‍ ഒരേ സ്വരത്തില്‍ സമ്മതിക്കുന്നു. അനുയോജ്യരായ പങ്കാളികളെ കണ്ടെത്താന്‍ മിടുക്ക് കാട്ടുന്നവരാണ് ഇന്നത്തെ കുട്ടികള്‍. മക്കള്‍ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അവരുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകതന്നെ ചെയ്യുമെന്ന് ഈ മാതാപിതാക്കള്‍ തുറന്നു സമ്മതിക്കുന്നു.
.................. പ്രണയത്തിന്റെ ഇടനാഴികളില്‍ കണ്ടുമുട്ടിയതിന്റെ അന്നു മുതല്‍ ജീവിതത്തിലെ ഓരോ ചിരിയിലും വിജയത്തിലും തേങ്ങലിലും ഇവര്‍ പരസ്പരം കൂട്ടാവുകയായിരുന്നു.... ഉറവ വറ്റാത്ത പ്രണയത്തിന്റെ പ്രതീകങ്ങളായി. പവിത്രമായ മറ്റൊരു പ്രണയകാവ്യമായി ഇവരുടെ ജീവിതം മാറട്ടെ.