ഒരു ചിക്കന്‍ ബിരിയാണി ഉണ്ടാക്കിയ കഥയാണിത്. അല്ലെങ്കില്‍ യാസിറും അയേഷയും മറ്റ് പല ദമ്പതികളും ചെയ്യുന്നത് പോലെ വിവാഹമോചനം നേടി പിരിഞ്ഞ് രണ്ടു വഴിക്ക് പോയേനെ. ഇവിടെ ചിക്കന്‍ ബിരിയാണി കാരണം യാസിറും അയേഷയും തമ്മിലുള്ള തെറ്റിദ്ധാരണ മാറി, അവര്‍ ഒരുമിക്കുകയും ചെയ്തു.
ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഫൈറ്റര്‍ പൈലറ്റ് ആണ് ഡല്‍ഹി സ്വദേശിയായ യാസിര്‍. ഭോപാല്‍കാരിയായ അയേഷയാകട്ടെ എയര്‍ഹോസ്റ്റസ് ആയി ജോലി നോക്കുന്നു. ഇരുവരും 2009-ല്‍ ആണ് വിവാഹിതരായത്. എന്നാല്‍ ആദ്യരാത്രി തന്നെ ഇവരുടെ വിവാഹജീവിതം ശിഥിലമായി. രാത്രി യാസിര്‍ മറ്റൊരു പെണ്‍കുട്ടിയോട് ഫോണില്‍ സംസാരിച്ചുവെന്ന കാരണം പറഞ്ഞ് അയേഷ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. യാസിര്‍ പലവട്ടം ശ്രമിച്ചെങ്കിലും തിരിച്ചുവരാന്‍ അയേഷ് കൂട്ടാക്കിയില്ല. തുടര്‍ന്ന് ഗാര്‍ഹിക പീഡനം ആരോപിച്ച് അയേഷ യാസിറിനെതിരെ പരാതി നല്‍കുകയും ചെയ്തു.
എന്നാല്‍ അയേഷയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കോടതിയ്ക്ക് ബോധ്യമായി. തുടര്‍ന്ന് ജഡ്ജി ഒരു ചോദ്യം ചോദിച്ചു. ഇരുവര്‍ക്കും ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെനായിരുന്നു ചോദ്യം. ബിരിയാണി എന്ന് ഇവര്‍ ഒരേസ്വരത്തില്‍ മറുപടി പറഞ്ഞു. പിന്നെ ഇരുവരോടും ഒരുമിച്ച് ബിരിയാണി കഴിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ബിരിയാണി ആസ്വദിക്കുന്നതിനിടെ വിവാഹരാത്രിയിലെ ഫോണ്‍ കോളിന്റെ കഥ യാസിര്‍ അയേഷയോട് വിശദീകരിച്ചു, തെറ്റിദ്ധാരണ മാറിയതോടെ ഇരുവരും ഒന്നാകാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ സമാധാനപരമായ കുടുംബജീവിതത്തിന്റെ രുചിയായി ചിക്കന്‍ ബിരിയാണി മാറുകയും ചെയ്തു.