Ice Cream: ഐസ്ക്രീം കഴിച്ചാൽ തലവേദന ഉണ്ടാകുമോ?

നിഹാരിക കെ.എസ്

ബുധന്‍, 9 ജൂലൈ 2025 (12:41 IST)
പലരുടെയും പരാതിയാണ് ഐസ്ക്രീം കഴിച്ച് കുറച്ചുകഴിയുമ്പോൾ തലവേദന ഉണ്ടാകുന്നുവെന്നത്. ഈ അവസ്ഥ യാഥാർഥ്യത്തിൽ ഉള്ളതാണ്. ഐസ്ക്രീം തലവേദന എന്ന് വരെ ആളുകൾ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഐസ്ക്രീം മാത്രമല്ല, തണുത്തതെന്തും കഴിച്ചാൽ ഇതാണ് അവസ്ഥ. ബ്രെയിൻ ഫ്രീസ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്.
 
തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങൾക്കകം വേദന തുടങ്ങും. തലയുടെ മുൻഭാഗത്ത് ആണ് വേദന കഠിനം. ഇവിടെയാണ് വേദനയുടെ തുടക്കം. പിന്നീട് വേദന നെറ്റിയിലേക്കും വശങ്ങളിലേക്കും വ്യാപിക്കുന്നതായി തോന്നും. അൽപ സമയത്തിന് ശേഷം മരുന്നുകളുടെ ആവശ്യമില്ലാതെ തന്നെ അവ മാറുകയും ചെയ്യാറുണ്ട്.
 
താപനിലകളിൽ ഉണ്ടാകുന്ന വ്യത്യാസത്തോടുള്ള സെൻസിറ്റിവിറ്റിയാണ് ഈ തലവേദനയുടെ കാരണം. നല്ല തണുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ തൊണ്ടയിലെ രക്തക്കുഴലുകൾ പെട്ടെന്ന് ചുരുങ്ങുകയും പതുക്കെ ഇത് വികസിച്ച് വരുകയും ചെയ്യും. ഇത് ഞരമ്പുകളിലെ പെയിൻ റിസപ്‌റ്റേഴ്‌സ് വികസിച്ച് തലവേദനയിലേക്ക് കടക്കും. സാധാരണ ഇത് കുറച്ച് സമയത്തിന് ശേഷം സ്വാഭാവികമായി മാറാറുണ്ട്. എന്നാൽ ദീർഘനേരം നീണ്ടുനിന്നാൽ വൈദ്യസഹായം തേടാം.
 
തണുത്ത ഭക്ഷണങ്ങൾ വളരെ സാവധാനത്തിൽ കഴിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലത്. ഐസ്‌ക്രീമിന് ശേഷം ചൂട് വെള്ളം കുടിക്കുന്നതും നല്ലതാണ്. തലവേദനയുടെ തുടക്കം അനുഭവപ്പെടുമ്പോൾ തന്നെ നാക്കുകൊണ്ട് വായുടെ മേൽഭാഗത്ത് അമർത്തി പ്രസ് ചെയ്യുക. അതു‌പോലെ തണുത്ത പാനീയങ്ങൾ കുടിക്കുമ്പോൾ സ്ട്രോ ഉപയോ​ഗിക്കുന്നതും സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍