നോ രക്ഷ! അതു ശ്രീരാമസേന പറഞ്ഞാലും ശരി, ഇടവക വികാരി പറഞ്ഞാലും ശരി. കാരണം വേറെയൊന്നുമല്ല! സദാചാരവാദികള്‍ എതിര്‍ക്കാന്‍ മാത്രം പ്രണയം എന്നത് മഹാപാപമൊന്നുമല്ല. അത്, വിശുദ്ധമാണ്. പ്രണയമാണ് ഈ ലോകത്ത് ഏറ്റവും അഴകാര്‍ന്നതും.
പ്രണയം അങ്ങനെയാണ്. ആത്മാവിനുള്ളില്‍ ആനന്ദത്തിന്‍റെ അനശ്വരമായ അനുഭൂതിയും, ഭയപ്പാടിന്‍റെ ചെറിയ നൊമ്പരവും ഒരേസമയം അങ്ങനെ നിറയ്ക്കും. ഏറെ സുഖകരവും. ഭാരത ചരിത്രം തന്നെ അതിസുന്ദരമായ പ്രണയഗീതികളാല്‍ മനോഹരമാണ്.
മുംതാസും ഷാജഹാനും, വാസവദത്തയും ഉപഗുപ്‌തനും, ഉത്തരയും അര്‍ജുനനും, ദമയന്തിയും നളനും, ശകുന്തളയും ദുഷ്യന്തനും... പ്രണയത്തെ സ്നേഹത്തിന്‍റെ വറ്റാത്ത പ്രവാഹമാക്കി ഇവര്‍ മാറ്റി. വിരഹത്തിന്‍റെയും മറ്റ് അനവധി പ്രശ്നങ്ങളുടെയും രൂപത്തില്‍ വിധി കടന്നു വന്നിട്ടും പ്രണയത്തിന്‍റെ ആഴവും ആത്മസമര്‍പ്പണവും ഇവരുടെ കഥകളില്‍ നമുക്ക് ദര്‍ശിക്കാം.
യഥാര്‍ത്ഥ സ്‌നേഹത്തിന് കീഴ്പ്പെട്ടവരെ വിധിക്ക് പോലും വേര്‍പെടുത്താന്‍ കഴിയില്ല എന്നതിന് മികച്ച ഉദാഹരണങ്ങളാണ് ഭാരതചരിത്രത്തിലെ പ്രണയങ്ങള്‍. എന്തിനേറെ വിശദീകരണങ്ങള്‍! യമദേവന്‍റെ പക്കല്‍ നിന്ന് തന്‍റെ പ്രിയനെ വാങ്ങിയെടുത്ത സത്യവാന്‍റെ സാവിത്രിയും, രാവണന്‍റെ കൈയ്യില്‍ നിന്ന് സീതയെ വിട്ടു കിട്ടാന്‍ പോരാടിയ ശ്രീരാമനും പരിശുദ്ധസ്‌നേഹത്തിന്‍റെ വക്താക്കളാണ്.
ഭാരതചരിത്രത്തിലെ പ്രണയങ്ങള്‍ക്ക് ഇനിയും വിശേഷണങ്ങളേറെയുണ്ട്. വിധി ആയിരുന്നു ഇതിലെല്ലാം വില്ലനായി നിറഞ്ഞത്. പക്ഷേ, പാശ്ചാത്യ ലോകത്തിന്‍റെ പ്രണയലോകത്തേക്ക് കടന്നു ചെല്ലുമ്പോള്‍ പ്രണയിതാക്കള്‍ക്കൊപ്പം വില്ലനും കടന്നു വരുന്നുണ്ട്. ചില സദാചാരപ്പൊലീസുകാര്‍ ലാത്തിചുഴറ്റി കമിതാക്കള്‍ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്.
ഇംഗ്ലീഷില്‍ സ്നേഹത്തിനും പ്രേമത്തിനും പ്രണയത്തിനുമെല്ലാം ഒരു വാക്കേ ഉള്ളൂ, അത് ‘ലവ്’ ആണ്. എന്നാല്‍ ഇന്ത്യന്‍ ഭാഷകളില്‍ സ്നേഹത്തിന്‍റെ നാനാര്‍ത്ഥങ്ങളെ ധ്വനിപ്പിക്കാന്‍ പ്രത്യേകം വാക്കുകളുണ്ട്. ഇന്ത്യയില്‍ പ്രണയത്തിന് അത്രയേറെ പ്രാധാന്യവും പരിശുദ്ധിയും കല്‍പ്പിച്ചു കൊടുത്തിട്ടുണ്ട്.
പ്രണയിതാക്കളെ പൊതുജനമധ്യത്തില്‍ കല്യാണം കഴിപ്പിക്കുകയും, ഉപദേശിക്കുകയും ചെയ്യാനൊരുങ്ങും മുമ്പ് സദാചാരപ്പൊലീസിനോട് ഒരു ചോദ്യം - നിങ്ങള്‍ ജീവിതത്തില്‍ ആത്മാര്‍ത്ഥമായി പ്രണയിച്ചിട്ടുണ്ടോ?