‘എനിക്ക് നിന്നെ ഇഷ്ടമാണ്’ എന്ന് ആരെങ്കിലും പറഞ്ഞാല്‍ തന്നെ മുഖം ചുളിച്ച് നോക്കുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. എന്നാല്‍ ആരെങ്കിലും നിങ്ങളോട് ‘എനിക്ക് നിന്നെ ഇഷ്ടമാണ്’ എന്ന് പറയുകയും നിങ്ങളത് കേള്‍ക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഒരു അതുല്യാനുഭവമാണ്. എത്രയാണ് അതിന്റെ വിലയെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് (12.95 മില്യണ്‍ രൂപ) ഈ അനുഭവത്തിന്റെ മൂല്യം. ബ്രിട്ടീഷ് എഴുത്തുകാരായ സ്റ്റീവ് ഹെണ്‍റിയും ഡേവിഡ് ആല്‍ബേര്‍ട്ട്‌സും ചേര്‍ന്ന് എഴുതിയ പുസ്തകത്തിലാണ് അതുല്യാനുഭവങ്ങളുടെ മൂല്യവിവരണമുള്ളത്.
‘യൂ ആര്‍ റിയലി റിച്ച്, യൂ ജസ്റ്റ് ഡോണ്ട് നോ ഇറ്റ്’ (നിങ്ങള്‍ സമ്പന്നരാണ്, നിങ്ങള്‍ക്കത് അറിയില്ലെന്നേയുള്ളൂ) എന്ന് പേരിട്ടിട്ടുള്ള ഈ പുസ്തകം എഴുതിയവര്‍ ചെറിയ കക്ഷികളൊന്നുമല്ല. ഇംഗ്ലണ്ടില്‍ ഈ പുസ്തകം ബെസ്റ്റ് സെല്ലര്‍ ലിസ്റ്റിലേക്ക് കുതിക്കുകയാണ്. ഗവേഷണ കമ്പനിയായ ബ്രെയിന്‍ ജ്യൂസറുമൊത്ത് സഹകരിച്ചാണ് ഇരുവരും അതുല്യാനുഭവങ്ങളുടെ മൂല്യനിര്‍ണയം നടത്തിയത്. ആയിരത്തോളം പേരെ കണ്ട് സംസാരിച്ചാണ് സര്‍വേ നടത്തിയത്. സര്‍വേയുടെ ഫലങ്ങളെ അധികരിച്ചെഴുതിയ പുസ്തകം രസകരങ്ങളായ വിവരങ്ങളാല്‍ സമ്പന്നമാണ്.
IFM
IFM
പ്രണയത്തേക്കാള്‍ മൂല്യമുണ്ട് ആരോഗ്യത്തിനെന്ന് ഈ പുസ്തകം പറയുന്നു. പുസ്തകത്തിലെ വിലവിവരപ്പട്ടിക പ്രകാരം, ആരോഗ്യകരമായ അവസ്ഥ എന്ന അനുഭവമാണ് ഏറ്റവും വിലയേറിയത്. 14.27 മില്യണ്‍ രൂപയാണ് ഇതിന്റെ മൂല്യം. ദമ്പതികള്‍ക്കിടയിലുള്ള നല്ല ബന്ധം എന്ന അനുഭവത്തിന് 12.27 മില്യണ്‍ രൂപയാണ് വിലയിട്ടിരിക്കുന്നത്. പങ്കാളികളുമൊത്ത് ചെലവഴിക്കുന്ന സമയത്തിന് 5.01 മില്യണ്‍ രൂപയോളം വിലയുണ്ട്.
ഭീകരാക്രമണമൊന്നും ഇല്ലാത്ത സുരക്ഷിതമായ രാജ്യത്ത് താമസിക്കുകയെന്ന അനുഭവത്തിന് 10.26 മില്യണ്‍ രൂപയാണ് വില. കുട്ടികള്‍ ഉണ്ടായിരിക്കുക എന്ന അനുഭവത്തിനാവട്ടെ 9.79 മില്യണ്‍ മൂല്യമുണ്ട്. വീട്ടുകാരുമൊത്ത് സമയം ചെലവഴിക്കുക എന്ന അനുഭവത്തിന് 872,374 രൂപയാണ് മൂല്യമെങ്കില്‍ ചിരിക്കുക എന്ന അനുഭവത്തിനാവട്ടെ 8.56 മില്യന്‍ രൂപയാണ് വില. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക എന്ന അനുഭവത്തിന് 8.34 മില്യണ്‍ രൂപ വിലയുണ്ട്.
ഒരു പുസ്തകം വായിക്കുക എന്ന അനുഭവത്തിന് 4.25 മില്യണ്‍ രൂപയാണ് വിലയിട്ടിരിക്കുന്നത്. എന്നാല്‍ സിനിമ കാണുക എന്ന അനുഭവത്തിന് ഇതിന്റെ പകുതി മൂല്യം മാത്രമേ വിലയുള്ളൂ. വീട്ടില്‍ ഒരു വളര്‍ത്തുമൃഗം ഉണ്ടാവുക എന്ന അനുഭവത്തിന് 6.23 മില്യണ്‍ രൂപയാണ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്.
‘തീര്‍ത്തും സാമ്പത്തികമായ ഒരു മൂല്യവ്യവസ്ഥയിലാണ് നാം ജീവിക്കുന്നത്. ഞങ്ങളുടെ പുസ്തകം സമാന്തര മൂല്യവ്യവസ്ഥയെ പറ്റി പറയുന്നു. ഈ കാലഘട്ടത്തില്‍ തന്നെ ഈ പുസ്തകമിറക്കാന്‍ തീരുമാനിച്ചതിലും ഒരു കാര്യമുണ്ട്. സാമ്പത്തികമാന്ദ്യമാണ് എങ്ങും നടമാടുന്നത്. പൈസയുള്ളവരാണ് സമ്പന്നരെന്നാണ് എല്ലാവരുടെയും ധാരണ. എന്നാല്‍ പണമല്ല കാര്യം, പകരം അതുല്യാനുഭവങ്ങള്‍ ആണ് എന്ന് സ്ഥാപിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്’ - രചയിതാക്കള്‍ പറയുന്നു.