പറയാനാവാതെ പോയ പ്രണയം...

FILEWD
രമേശന്‍ തിരിച്ചുപോരികയായിരുന്നു... റബര്‍ മരങ്ങള്‍ നിറഞ്ഞ എസ്റ്റേറ്റ് വഴിയിലൂടെ. പ്രക്ഷുബ്ധമായ അന്തരീക്ഷം. ശക്തമായ കാറ്റില്‍ ഇലകള്‍ കൊഴിഞ്ഞുകൊണ്ടേയിരുന്നു, ആ മരങ്ങളില്‍ തങ്ങള്‍ക്കുണ്ടായിരുന്ന സ്ഥാനം എന്നന്നേക്കുമായി ഉപേക്ഷിച്ച് ഈ ഭൂമിയോട് ചേരാനുള്ള വെമ്പലില്‍....

രമേശനും എല്ലാം ഉപേക്ഷിച്ച് മടങ്ങുകയാണ്. മൂന്ന് വര്‍ഷത്തെ കലാലയ ജീവിതം, അതിന്‍റെ മാസ്മരികത പിന്നെ അവന്‍റെ പ്രണയത്തേയും. മൂന്ന് വര്‍ഷങ്ങള്‍ എത്ര വേഗമാണ് കടന്നു പോയത്. ആംഗലേയ സാഹിത്യത്തിലെ മഹാരഥന്‍മാരെ അറിഞ്ഞ്, ആ വിദേശ ഭാഷയുടെ വ്യാകരണ കൂമ്പാരത്തിന് മുന്നില്‍ അല്പമൊന്ന് പകച്ച്, യുവജനോത്സവങ്ങളുടെ ആരവങ്ങളില്‍ പങ്കാളിയായി രമേശന്‍ യാത്ര തുടരുകയായിരുന്നു. പക്ഷെ ഒന്നു മാത്രം അവന് കഴിഞ്ഞില്ല പ്രണയിച്ച പെണ്‍കുട്ടിയോട് അവന്‍റെ മനസ്സുതുറക്കാന്‍.......

രമേശനെ കുറിച്ച് അല്പം കൂടി പറഞ്ഞോട്ടെ. കലാലയത്തിലെ ആദ്യ വര്‍ഷം, ആദ്യ ദിവസം തന്നെ അവന്‍ ആ പെണ്‍കുട്ടിയെ കണ്ടു, സംസാരിച്ചു, സൌഹൃദം സ്ഥാപിച്ചു. അന്നു മുതല്‍ തന്നെ ആ പെണ്‍കുട്ടി അവന്‍റെ മനസിനെ ശല്യം ചെയ്ത് തുടങ്ങിയിരുന്നൊ എന്ന് അവനറിയില്ല.... എന്തായാലും അവന്‍ അവളെ വീണ്ടും കാണാനും സംസാരിക്കാനും കൊതിച്ചിരുന്നു. ഭാഗ്യമെന്നോണം ആ പെണ്‍കുട്ടി രമേശന്‍റെ ക്ലാസിലുമായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ അവര്‍ ഒരുമിച്ച് പഠിച്ചു എന്നിട്ടും ഒരിക്കല്‍ പോലും തന്‍റെ ഇഷ്ടത്തെ അറിയിക്കാന്‍ അവനായില്ല.....

ഇത് വെറും കഥയായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇങ്ങനെ ഒരിക്കലും പ്രണയം പ്രകടിപ്പിക്കാനാവാതെ പോയ ഒരുപാട് പേര്‍ നമ്മുക്കിടയിലില്ലെ. എന്തുക്കൊണ്ടാണ് ഇങ്ങനെ സംഭവിച്ചു പോകുന്നത് എന്നാലോച്ചിട്ടുണ്ടൊ? “അവന് ചങ്കുറപ്പില്ലാഞ്ഞിട്ട്....” എന്ന ഒറ്റ ഉത്തരമായിരിക്കും ഭൂരിപക്ഷത്തിനും. എന്നാല്‍ ഈ ധൈര്യമില്ലായ്മയിലേക്ക് നയിക്കുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാം ആവാം.


FILEWD
ചിലരില്‍ സഹജമായിട്ടുള്ള ഭയം. തന്‍റെ എന്ത് തീരുമാനങ്ങളും പ്രകടിപ്പിക്കാന്‍ മടിക്കുന്ന ഇവര്‍ പ്രണയവും വെളിപ്പെടുത്താന്‍ ഭയക്കുന്നു. അച്ഛനമ്മമാ‍രുടെ ഉപദേശ വലയത്തില്‍ വളരുന്നവര്‍ക്കും പലപ്പോഴും ഇത് സംഭവിക്കാറുണ്ട്. അവര്‍ക്ക് പ്രണയം തോന്നിയാലും അത് ഒരു പാപമാണെന്ന ധാരണ മൂലം ഇഷ്ടം
മറച്ചുവയ്ക്കുന്നു.

പിന്നെയൊന്ന് അപകര്‍ഷതാബോധമാണ്. താന്‍ അവള്‍ക്ക്/അവന് യോജിച്ച ആളല്ല. അതിനുള്ള സൌന്ദര്യം ഇല്ല അല്ലെങ്കില്‍ സാമ്പത്തിക സ്ഥിതിയില്ല അങ്ങനെ പലതും. തന്‍റെ ഇഷ്ടം അറിയിക്കുമ്പോള്‍ ലഭിക്കുന്ന ഉത്തരത്തെ കുറിച്ചുള്ള ആശങ്ക. ഇവരുടെ പ്രണയവും നൂറ് ശതമാനം ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉള്ളതായിരിക്കും പക്ഷെ മനസില്‍ വേരുറച്ചുപോയ ധാരണകളെ മറികടക്കനാവാതെ വരുമ്പോള്‍ പ്രണയവും നഷ്ടമാകുന്നു.

മറ്റ് ചിലര്‍ പറയാതെ പോകുന്നത് അവരുടെ പ്രായോഗിക ചിന്താഗതി കൊണ്ടാവാം. കുടുംബം, ഉത്തരവദിത്വങ്ങള്‍ ഇവയെല്ലാം ചേരുമ്പോള്‍, പരസ്പരം അറിഞ്ഞ് പ്രണയിച്ചാലും വിരഹമാവും അവസാനം എന്ന് തോന്നുമ്പോള്‍ തന്‍റെ മനസിലിരുന്നോട്ടെ തന്‍റെ പ്രണയവും എന്ന് അവര്‍ ചിന്തിക്കുന്നു. ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ പെരുമഴയില്‍ കയറി നില്‍ക്കാന്‍ ഒരിടം കിട്ടാത്തതിനാല്‍ ഒരിക്കല്‍ പോലും ഹൃദയം തുറക്കാന്‍ കഴിയാതെ പോയവര്‍ക്കായി നാലു വരികള്‍....

“ഹൃദയത്തിലിന്നും നീ വസിക്കുന്നു പ്രിയേ...
ഈ സംസാരസാഗരം താണ്ടാനുള്ള വെമ്പലില്‍
നിനക്കായ് ഒരു കൊട്ടാരം പണിയുവാനായില്ലയെങ്കിലും
ഇന്നും നീ ഒരു കുളിര്‍ തെന്നലായി എന്നോര്‍മ്മകളെ തഴുകീടുന്നു...”