പ്രണയവും സംശയരോഗവും...

IFMIFM
പ്രണയം അനിര്‍വ്വചനീയമായ അതിമനോഹരമായ വികാരം എന്നൊക്കെ വര്‍ണ്ണിക്കുമ്പോഴും അങ്ങനെ അനിര്‍ഗ്ഗളം പ്രവഹിക്കുന്ന ഒന്നല്ല പ്രണയം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. പ്രണയത്തിനുള്ളില്‍ തന്നെ ഒരായിരം പ്രതിബന്ധങ്ങളുണ്ട്.

വിവാഹം പോലെ രണ്ടു സാഹചര്യങ്ങളില്‍ നിന്ന്.. അല്ലെങ്കില്‍ രണ്ടു സംസ്കാരങ്ങളില്‍ നിന്നുവരുന്ന രണ്ടുപേരാണ് പ്രണയത്തില്‍ പങ്കാളികളാകുന്നത്. പണ്ടത്തേപ്പോലെ കണ്ണുകള്‍ കൊണ്ട് പ്രണയകഥ പറഞ്ഞു പിരിയുന്നവരല്ല ഇന്നത്തെ കമിതാക്കള്‍. കൂട്ടുകാരേപ്പോലെ എല്ലാം പരസ്പരം പങ്കുവയ്ക്കുന്നവരാണ്.

പലപ്രശ്നങ്ങളും ഇവര്‍ക്കിടയില്‍ ഉണ്ടാകാം. അഭിപ്രായ വ്യത്യാസം, അഭിരുചികളിലുള്ള വ്യത്യാസം, കാഴ്ചപ്പാടുകള്‍, മനസ്സില്‍ വീണ ഉറച്ച ചില തോന്നലുകള്‍ തുടങ്ങിയവയൊക്കെ ഇരുവര്‍ക്കുമുണ്ടാകാം. ഇതിലൊന്നാണ് സംശയിക്കുന്ന സ്വഭാവവും.

സംശയങ്ങള്‍ക്ക് സ്വാഭാവികമായ കാരണങ്ങളുണ്ടാകാം. പങ്കാളിയുടെ പെരുമാറ്റത്തിലെ ദുരൂഹതകള്‍, മറ്റുളളവരോട് ഇടപഴകുന്ന രീതി, മൊബൈല്‍, നെറ്റ് തുടങ്ങിയവയുമായി മണിക്കൂറുകള്‍ ചിലവഴിക്കുന്ന രീതി തുടങ്ങിയവ. പങ്കാളിക്ക് അത്തരം സംശയങ്ങള്‍ ഉണ്ടെങ്കില്‍ വിശദീകരിക്കാനുള്ള ബാദ്ധ്യത മറ്റേയാള്‍ക്ക് ഉണ്ടെന്ന്.

സംസാരിച്ചാല്‍ തീരുന്ന അസ്വാസ്ഥ്യമാണ് അതെങ്കില്‍ അങ്ങനെ ചെയ്യുക. എന്നാല്‍ ഓരോ കാര്യങ്ങളിലും ആവര്‍ത്തിച്ചു സംശയിക്കുക, അടുത്ത സുഹൃത്തുക്കളെയോ സഹോദരതുല്യരെയോ സംശയിക്കുക, കടുത്ത അമര്‍ഷവും വിദ്വേഷവും പ്രകടിപ്പിക്കുക, ഏതെങ്കിലും തരത്തില്‍ പ്രതികാരത്തിനു ശ്രമിക്കുക തുടങ്ങിയ വിക്രിയകള്‍ കാട്ടുന്നവരെ അറുത്തുമാറ്റുക തന്നെ വേണം.

IFMIFM
പുതിയ കാലത്ത് പ്രണയങ്ങളില്‍ ഏറ്റവും വലിയ വില്ലന്‍ മൊബൈല്‍ ഫോണാണ്. തുടക്കം കുറിക്കുന്ന മിസ്ഡ് കോള്‍ മുതല്‍ പ്രണയാന്ത്യം കുറിക്കുന്ന കാമുകിയുടെ സ്വകാര്യചിത്രങ്ങള്‍ വരെ മൊബൈല്‍ ഫോണിലൂടെയാണ് കൈകാര്യം ചെയ്യപ്പെടുന്നത്. ചൂഷണം ചെയ്യപ്പെടാന്‍ സാദ്ധ്യത അധികമാണ് എന്നതുകൊണ്ടുതന്നെ പെണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം.

സ്വകാര്യനിമിഷങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നതടക്കം ഒരുതരത്തിലുള്ള ചിത്രവും മൊബൈല്‍ ഫോണിലാക്കാന്‍ സമ്മതിക്കരുത്. അടുത്ത കാലത്ത് നെറ്റില്‍ പ്രചരിക്കുന്ന ‘മല്ലു ഹോട്ട് ക്ലിപ്സി’ന്‍റെ ഉറവിടം കാമുകന്മാര്‍ തന്നെയാണ് എന്നതാണ് ഞെട്ടിക്കുന്ന ഒരു കാര്യം.

പകപോക്കലിനോ, മറ്റുള്ളവര്‍ക്കു നേരമ്പോക്കിനോ ഇരയാകേണ്ടതില്ലെന്ന് മനസ്സിലുറപ്പിക്കുക. പ്രണയം അനിര്‍വ്വചനീയമായ വികാരം തന്നെയാണ്. പക്ഷേ അത് പ്രണയത്തിന്‍റെ പരിധികള്‍ക്കു പുറത്തുപോയാല്‍ ഖേദിക്കേണ്ടിവരും.

മാറ്റിയെടുക്കാന്‍ കഴിയാത്ത വിധത്തിലുള്ള സംശയരോഗിയാണ് പങ്കാളി എന്നു തോന്നിയാല്‍ ആ ബന്ധം മുറിച്ചുമാറ്റുക. അതിന്‍റെ പേരില്‍ എന്തു പ്രശ്നങ്ങള്‍ വന്നാലും പതറരുത്. ഭീഷണികള്‍ക്കു വഴങ്ങി മുന്നോട്ടുപോയാല്‍ ജീവിതമാകും പകരം ബലികൊടുക്കേണ്ടി വരിക.