ഓഫീസില്‍ പ്രണയമോ ?

IFMIFM
ഓഫീസ് പ്രണയങ്ങള്‍ പുതിയ സംഗതിയല്ല. ഓഫീസ്സുകള്‍ ഉണ്ടായ കാലം മുതല്‍തന്നെ ഇത്തരം പ്രണയങ്ങളുമുണ്ട്. പ്രണയത്താല്‍ ദുര്‍ബ്ബലമായ മനസ്സുകള്‍ എപ്പോഴും അടക്കത്തോടെ പെരുമാറിയെന്നും വരില്ല. ഇക്കാര്യത്തില്‍ തരാനുള്ള ഉപദേശം ‘സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട’ എന്നതാണ്.

മിക്ക ഓഫീസുകള്‍ക്ക് റൊമാന്‍സ് വിരുദ്ധ നയമാണുള്ളത്. അതുകൊണ്ടു തന്നെ പ്രണയം പുറത്താകാതെ സൂക്ഷിക്കുന്നതാണ് നല്ലത്. എല്ലാ കാര്യങ്ങളും വിളിച്ചുകൂവുന്നത് തുടക്കത്തില്‍ ചില പ്രോത്സാഹനങ്ങളൊക്കെ തരുമെങ്കിലും ക്രമേണ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും.

റൊമാന്‍സ് പോകട്ടെ. വിവാഹിതരായി ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നതുപോലും പല കമ്പനികള്‍ക്കും അഭിമതമല്ല. പ്രണയത്തില്‍ പെട്ടുകഴിഞ്ഞാല്‍ ഓഫീസ് ദിനചര്യകള്‍ക്കു മാറ്റം സംഭവിക്കാതെ നോക്കുക. ഒന്നിച്ചു സമയം ചിലവഴിക്കാനും പുറത്തുപോകാനും ശ്രമിക്കണ്ട. ഓഫീസ്സില്‍ സംസാരവിഷയമാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക.

ഈ സമയത്ത് ജോലിയില്‍ കൂടുതലായി ശ്രദ്ധിക്കണം. പ്രണയവും ദിവാസ്വപ്നം കാണലുമൊന്നും ജോലിയോട് താത്പര്യക്കുറവ് ഉണ്ടാക്കാതെ സ്വയം ശ്രമിക്കണം. ഇത്തരത്തില്‍ അകലമിട്ടു പെരുമാറുമ്പോള്‍ അതേക്കുറിച്ച് പരസ്പരം ആ‍ശയവിനിമയം നടത്താന്‍ മറക്കരുത്. ഓഫീസിലിരുന്ന് പ്രണയക്കുറിപ്പുകളൊന്നും കൈമാറാതിരിക്കുക. അവ മറ്റാരുടെയെങ്കിലും കയ്യില്‍പ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ മാത്രമല്ല, ഓഫീസ് അന്തരീക്ഷത്തെയും അവ നശിപ്പിക്കും. ഓഫീസ് മെയിലും പരസ്പരം ആശയവിനിമയത്തിന് ഉപയോഗിക്കാതിരിക്കുക.

ഒന്നിച്ച് ഓഫീസില്‍ വരികയോ, ഓഫീസ് വിട്ടുപോകുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലത്. തുടക്കം മുതലുള്ള ശീലം അതാണെങ്കില്‍ അതു തുടരുന്നതില്‍ കുഴപ്പമില്ല. മൂന്നാമതൊരാളുടെ സാന്നിദ്ധ്യത്തില്‍ വലിയ അപരിചിതത്വമോ അകല്‍ച്ചയോ കാണിക്കരുത്. സഹപ്രവര്‍ത്തകരൊന്നിച്ച് പുറത്തുപോകുകയോ, സമയം പങ്കുവയ്ക്കുകയോ ചെയ്യുമ്പോഴും ഇതോര്‍മ്മിക്കുക. എല്ലാവരോടും പെരുമാറുന്നതുപോലെ തന്നെ പരസ്പരം പെരുമാറുക.

ഇതൊക്കെ മനസ്സില്‍ വച്ചുവേണം ഓഫീസ് പ്രേമവുമായി മുന്നോട്ടുപോകാന്‍. അല്‍പ്പം സ്വാതന്ത്ര്യത്തിനു വേണ്ടി മറച്ചു വയ്ക്കേണ്ട എന്നു കരുതി അബദ്ധമൊന്നും കാട്ടരുത്. പിന്നീട് എല്ലായിടത്തുമുള്ള പാരകള്‍ (പ്രത്യേകിച്ചു പ്രണയ വൈരികള്‍) നല്ല ‘പണി’ തരും. ഓര്‍മ്മ വേണം.

വെബ്ദുനിയ വായിക്കുക