വൈ‌എസ്‌ആര്‍ ജനാധിപത്യത്തിന്റെ പള്‍സറിഞ്ഞ ഡോക്ടര്‍

വെള്ളി, 25 ഡിസം‌ബര്‍ 2009 (15:59 IST)
PRO
2009 ആന്ധ്രപ്രദേശിന് നല്‍കിയ ഏറ്റവും വലിയ ആഘാതമായിരുന്നു വൈ‌എസ്‌ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട വൈഎസ് രാജശേഖര റെഡ്ഡി എന്ന സര്‍വസമ്മതനായ മുഖ്യമന്ത്രിയുടെയും നേതാവിന്റെയും അകാലത്തിലുള്ള വേര്‍‌പാട്. എഴുപതുകളുടെ ആദ്യ പകുതിയില്‍ ഒരു ഡോക്ടറായി തൊഴില്‍ ജീവിതം ആരംഭിച്ച റെഡ്ഡി 1978 ഓടെയാണ് സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാവുന്നത്.

മുപ്പത് വര്‍ഷം ആന്ധ്ര രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും അറിയപ്പെടുന്ന ക്ലീന്‍ വ്യക്തിത്വമായിരുന്നു കോണ്‍ഗ്രസ് നേതാവായിരുന്ന വൈ‌എസ്‌ആറിന്റേത്. അനുയായികള്‍ക്ക് മോഹനവാഗ്ദാനങ്ങള്‍ നല്‍കാന്‍ മിനക്കെടാതെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളിലൂടെ ജനതയുടെ ഹൃദയങ്ങളില്‍ സ്ഥാനം നേടിയ ആന്ധ്ര മുഖ്യന്റെ മരണവും ഒരു ഔദ്യോഗിക യാത്രക്കിടയിലായിരുന്നു.

സെപ്തംബര്‍ രണ്ടിന് രാവിലെ 8. 30 ഓടെ ചിറ്റൂരിലേക്ക് യാത്ര തിരിച്ച റെഡ്ഡിയുടെ ഹെലികോപ്റ്റര്‍ 9.30 ഓടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ അഞ്ച് പേരാണ് കോപ്ടറില്‍ ഉണ്ടായിരുന്നത്. പിന്നീട്, 24 മണിക്കൂറുകളിലധികം രാജ്യത്തെ എല്ലാ വാര്‍ത്താ ചാനലുകളും പുറത്തുവിട്ടത് ഉദ്വേഗജനകമായ വാര്‍ത്തകള്‍. ഐ‌എസ്‌ആര്‍‌ഒയും സൈന്യവും തെരച്ചിലിന് മുന്‍‌കൈ എടുത്തപ്പോഴേക്കും ജന മനസ്സിലാകെ ആശങ്ക പരന്നിരുന്നു. പക്ഷേ, നടക്കരുത് എന്ന് ആഗ്രഹിച്ച ഏറ്റവും ദു:ഖകരമായ സംഗതി അപ്പോഴേക്കും നടന്നുകഴിഞ്ഞിരുന്നു.

വ്യോമസേന കമാന്‍ഡോകള്‍ പതിനാല് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ മുഖ്യമന്ത്രിയുടെയും മറ്റ് നാല് പേരുടെയും മൃതദേഹങ്ങള്‍ സെപ്തംബര്‍ മൂന്നിനാണ് കണ്ടെടുത്തത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നല്ലമലയിലെ ശ്രീശൈലം കുന്നിന്‍‌മുകളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വൈഎസ്ആറിന്‍റെ മൃതദേഹം ജന്‍‌മനാടായ കഡപ്പ ജില്ലയിലെ പുലിവെന്തുലയില്‍ യെദുപുലപായയിലെ അദ്ദേഹത്തിന്‍റെ കുടുംബ എസ്റ്റേറ്റില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്തിന് സമീപം സെപ്തംബര്‍ നാലിനായിരുന്നു സംസ്കാരം നടന്നത്.

മുപ്പത്തിനാലാം വയസ്സില്‍ ഇന്ദിരാഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടെ ആന്ധ്ര സംസ്ഥാന കോണ്‍ഗ്രസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയ വൈഎസ്‌ആര്‍ പിന്നീട് പൊതുപ്രവര്‍ത്തന രംഗത്തെ മായാത്ത സാന്നിധ്യവും സമവായത്തിന്റെ പ്രതിപുരുഷനുമായി വളര്‍ന്നു. 1980-83 കാലഘട്ടത്തില്‍ മന്ത്രിസഭയില്‍ എത്തിയ വൈ‌എസ്‌ആര്‍ 1989 മുതല്‍ 1999 വരെ കഡപ്പയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവന്ന വൈ‌എസ്‌ആര്‍ 1999ല്‍ കരുത്തനായ പ്രതിപക്ഷ നേതാവ് എന്ന ഖ്യാതി സ്വന്തമാക്കി. പിന്നീട്, 2003 ല്‍ 64 ദിവസം നീണ്ട പദയാത്രയിലൂടെ അദ്ദേഹം ജനഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിച്ചു. തുടര്‍ന്നുവന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് റെഡ്ഡിയിലൂടെ എതിരില്ലാത്ത വിജയമാണ് സ്വന്തമാക്കിയത്-നിയമസഭയിലെ 294 സീറ്റില്‍ 156 ഉം ലോക്സഭയിലെ 44 സീറ്റില്‍ 33 ഉം.

വെബ്ദുനിയ വായിക്കുക