പ്രധാന സംഭവങ്ങള്‍-2009

വെള്ളി, 25 ഡിസം‌ബര്‍ 2009 (15:18 IST)
2009 മലയാളി തുടങ്ങിയത് ഹര്‍ത്താലോടെയായിരുന്നു. രാഷ്‌ട്രീയ പ്രസ്താവനകളിലൂടെയായിരുന്നു ഇത്തവണയും മലയാളി പുതുവത്സരം തുടങ്ങിയത്. തൊട്ടു പിന്നാലെ തന്നെ പഴകി കിടക്കുന്ന കേസുകളുടെ നീക്കുപോക്കുകളും. അഭയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി തീരുമാനത്തിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. കൂടാതെ മാറാട് കൂട്ടക്കൊലക്കേസില്‍ പ്രതിഭാഗം വാദം കേള്‍ക്കല്‍ ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കുട്ടനാട്, ഇടുക്കി പാക്കേജുകളുടെ നടത്തിപ്പിനായി പാക്കേജ് ഇംപ്ലിമെന്‍റേഷന്‍ സെല്‍ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

PRO
ഏഴിമല നാവിക അക്കാദമി
കണ്ണൂരിലെ ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ജനുവരി എട്ടിന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി ഇതോടെ ഭാരതത്തിനു സ്വന്തമായി.

എസ് എം ഇ റാഗിങ് കേസ്
എസ്‌ എം ഇ റാഗിങ് കേസിലെ പ്രതികളുടെ ശിക്ഷ കോട്ടയത്തെ പ്രത്യേക കോടതി പ്രഖ്യാപിച്ചു. ഒന്നാം പ്രതി രഞ്ജിത്ത് വര്‍ഗീസ്, രണ്ടാം പ്രതി ഷെറിന്‍ എന്നിവര്‍ക്ക് പത്തു വര്‍ഷം കഠിന തടവും 20,000 രൂപ പിഴയും, മൂന്നാം പ്രതി ഷെഫീഖ് യൂസഫിന് മൂന്നു വര്‍ഷം കഠിന തടവും 5,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്.

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന്‌ അനുമതി
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു പണിയുന്നതിനായി വനമേഖലയില്‍ സര്‍വേ നടത്താന്‍ സെപ്റ്റംബര്‍ 16നു കേരളത്തിനു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. നിലവിലുള്ള അണക്കെട്ടില്‍നിന്ന്‌ 1300 അടി താഴെ 1979ല്‍ കേന്ദ്ര ജല കമ്മിഷന്‍ കണ്ടെത്തിയ സ്ഥലത്തു രണ്ടര ഹെക്‌ടര്‍ പരിധിക്കുള്ളിലാണു സര്‍വേ നടത്തേ ണ്ടത്‌. 500 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലും അണക്കെട്ടു പണിയുന്നതിന്റെ സാധ്യതകളാണു കണ്ടെത്തേണ്ടത്‌. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടും പുതിയ കരാറും എന്ന മുദ്രാവാക്യമുയര്‍ത്തി സമരസമിതി ചപ്പാത്തില്‍ നടത്തുന്ന റിലേ ഉപവാസ സമരം ആയിരം ദിവസം പിന്നിട്ടു.

ബന്നൂര്‍മഠ് ഹൈക്കോടതി ചീഫ് ജസ്‌റ്റീസ്
കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി ജസ്റ്റിസ്‌ എസ് ആര്‍ ബന്നൂര്‍മഠ്‌ ചുമതലയേറ്റു.

പി ജെ ജോസഫ്‌ കുറ്റവിമുക്‌തന്‍, വീണ്ടും മന്ത്രി
വിമാനയാത്രാക്കേസില്‍ മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്‌ നേതാവുമായ പി ജെ ജോസഫിനെ കുറ്റവിമുക്തനാക്കി. ശ്രീ പെരുമ്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജോസഫിനെ കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചത്. വിമാനത്തില്‍ സഹയാത്രികയോടു മോശമായി പെരുമാറിയെന്ന ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന്‌, പത്തുമാസത്തെ വിചാരണയ്ക്കൊടുവില്‍ വിധി പ്രസ്‌താവിച്ച ജില്ലാ മജിസ്ട്രേട്ട്‌ കൃഷ്ണസ്വാമി വ്യക്‌തമാക്കി. കുറ്റവിമുക്തനായതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രിയായി ജോസഫ് തിരികെ മന്ത്രിസഭയില്‍ എത്തി.

തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫ് ആധിപത്യം
ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പിലും യു ഡി എഫിന് വമ്പന്‍ വിജയം. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 16 സീറ്റും യു ഡി എഫ് നേടി. കോണ്‍ഗ്രസ് 13 സീറ്റില്‍ വിജയം നേടിയപ്പോള്‍ ലീഗ് രണ്ടു സീറ്റിലും കേരള കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയം കണ്ടു.
ഉപതെരഞ്ഞെടുപ്പു നടന്ന കണ്ണൂര്‍, എറണാകുളം, ആലപ്പുഴ നിയമസഭാ മണ്ഡലങ്ങളും യുഡിഎഫ്‌ നിലനിര്‍ത്തി. കണ്ണൂരില്‍ എ പി അബ്ദുല്ലക്കുട്ടിയും (ഭൂരിപക്ഷം 12,043) ആലപ്പുഴയില്‍ എ എ ഷുക്കൂറും (ഭൂരിപക്ഷം 4745) എറണാകുളത്തു ഡൊമിനിക്‌ പ്രസന്‍റേഷനും (ഭൂരിപക്ഷം 8620) വിജയിച്ചു.

ലോക്‌സഭയില്‍ കേരളത്തിന് ചരിത്രനേട്ടം
പതിനഞ്ചാം ലോക്സഭയില്‍ കേരളത്തിന് ചരിത്രനേട്ടം. മന്‍‌മോഹന്‍ സിംഗ് നയിക്കുന്ന കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ആറ് മന്ത്രിമാരാണ് ഇക്കുറിയുള്ളത്. എ കെ ആന്‍റണി (പ്രതിരോധമന്ത്രി), വയലാര്‍ രവി (പ്രവാസികാര്യ മന്ത്രി), മുല്ലപ്പള്ളി രാമചന്ദ്രന്‍ (ആഭ്യന്തര സഹമന്ത്രി), ശശി തരൂര്‍ (വിദേശകാര്യ സഹമന്ത്രി), കെ വി തോമസ് (ഭക്‌ഷ്യ-കൃഷി സഹമന്ത്രി), ഇ അഹമ്മദ് (റെയില്‍വേ സഹമന്ത്രി) എന്നിവരാണ് കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാര്‍.

നീലാ ഗംഗാധരന്‍ ചീഫ് സെക്രട്ടറി
സംസ്ഥാനത്തെ പുതിയ ചീഫ്‌ സെക്രട്ടറിയായി നീലാ ഗംഗാധരനെ നിയമിച്ചു. ഇപ്പോഴത്തെ ചീഫ്‌ സെക്രട്ടറി കെ ജെ മാത്യു സ്ഥാനമൊഴിയുന്ന ഒഴിവിലാണ്‌ നിയമനം.

അഭയയിലും ലാവ്‌ലിനിലും കുറ്റപത്രം
അഭയക്കേസില്‍ കഴിഞ്ഞ 17 വര്‍ഷമായി നടക്കുന്ന അന്വേഷണത്തിനിടെ ആദ്യമായി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. 50 പേജുകളുള്ള കുറ്റപത്രം അന്വേഷണോദ്യോഗസ്ഥനായ സിബിഐ ഡിവൈഎസ്പി നന്ദകുമാര്‍ നായരാണ് എറണാകുളം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ചത്. സിസ്റ്റര്‍ അഭയ കേസില്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രം എറണാകുളം സി ജെ എം കോടതി ഫയലില്‍ സ്വീകരിച്ചു

ലാവ്‌ലിന്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സി‌പി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കം ഒമ്പത് പ്രതികള്‍ക്കെതിരെയാണ് കൊച്ചിയിലെ പ്രത്യേക സിജെ‌എം കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്. നാലായിരത്തോളം പേജ് വരുന്ന കുറ്റപത്രം രണ്ട് പെട്ടികളിലായാണ് ഡിവൈഎസ്പി അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള സിബി‌ഐ സംഘം കോടതിയിലെത്തിച്ചത്. ഏഴാം പ്രതിയായാണ് പിണറായി വിജയനെതിരെ കുറ്റപത്രം നല്‍കിയിരിക്കുന്നത്.

വി എസ് പോളിറ്റ് ബ്യൂറോയ്‌ക്ക് പുറത്ത്
ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായ നടപടികള്‍ കൈക്കൊണ്ടതിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കി.

തീവ്രവാദ കേസുകളില്‍ വഴിത്തിരിവ്
അബ്‌ദുള്‍ ഹാലിം എന്നയാളെ നിരവധി സ്ഫോടന കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് അറസ്റ്റു ചെയ്തത് സംസ്ഥാനത്തെ തീവ്രവാദ കേസുകളില്‍ വഴിത്തിരിവായി. കോഴിക്കോട് ഇരട്ട സ്‌ഫോടനത്തിലും എറണാകുളം സ്‌ഫോടനത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടന്ന ദേശീയ-അന്തര്‍ദ്ദേശീയ അന്വേഷണങ്ങളില്‍ തീവ്രവാദ സംഘടനയായ ലഷ്‌കറിന്‍റെ ദക്ഷിണേന്ത്യയിലെ കമാന്‍ഡര്‍ തടിയന്‍റവിട നസീര്‍, ഷഫാസ് എന്നിവരെ പൊലീസ് അറസ്‌റ്റു ചെയ്തു. കോഴിക്കോട് സ്‌ഫോടനവും കളമശ്ശേരി ബസ് കത്തിക്കലും മുതല്‍ ബാംഗ്ലൂര്‍, ഹൈദരബാദ് സ്‌ഫോടനവുമായി ബന്ധമുള്ള വ്യക്തിയായിരുന്നു നസീര്‍. കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പത്താം പ്രതിയായ സൂഫിയ മദനിയെയും പൊലീസ് അറസ്റ്റു ചെയ്തു.

50% വനിതാസംവരണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാസംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പുരുഷന്‍‌മാര്‍ പ്രസിഡന്‍റായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം സ്ത്രീകള്‍ക്ക് ആയിരിക്കണമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്.

അല്‍ഫോന്‍സാമ്മ സ്‌മാരക നാണയം പുറത്തിറക്കി
വിശുദ്ധ അല്‍‌ഫോന്‍സാമ്മ സ്മാരക നാണയം പുറത്തിറക്കി. കേന്ദ്രമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയാണ് നാണയം പുറത്തിറക്കിയത്. അല്‍‌ഫോന്‍സാമ്മയുടെ നൂറാം ജന്‍‌മദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ അല്‍‌ഫോന്‍സാമ്മയുടെ ചിത്രം ആലേഖനം ചെയ്ത നാണയം പുറത്തിറക്കിയത്.

ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന് 59 വര്‍ഷം തടവ്
മോഡലുകളെ പീഡിപ്പിച്ചെന്ന കേസില്‍ മലയാളിയായ ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിന് 59 വര്‍ഷം തടവ്. കേസില്‍ ആനന്ദ് ജോണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ നവംബറില്‍ കോടതി വിധിച്ചിരുന്നു. ലോസ് ഏഞ്ചല്‍‌സ് സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്.

തേക്കടിയില്‍ ബോട്ട്‌ മുങ്ങി, മലപ്പുറത്ത് തോണി മറിഞ്ഞു
തേക്കടി ജലാശയത്തില്‍ സെപ്റ്റംബര്‍ 30നു കെ ടി ഡി സിയുടെ ബോട്ട്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 45 വിനോദസഞ്ചാരികള്‍ മരിച്ചു. തടാകതീരത്ത്‌ വെള്ളം കുടിക്കാനെത്തിയ വന്യമൃഗങ്ങളെ കാണാന്‍ ബോട്ടിന്‍റെ മേല്‍ത്തട്ടിലെ സഞ്ചാരികള്‍ ഒരു വശത്തേക്കു കൂട്ടത്തോടെ മാറിയതാണ്‌ അപകട കാരണം.

മലപ്പുറം അരീക്കോട് ചാലിയാര്‍ പുഴയില്‍ വള്ളം മറിഞ്ഞ് എട്ട് കുട്ടികള്‍ മരിച്ചു. കടത്തുതോണി മറിഞ്ഞാണ് അപകടമുണ്ടായത്. മൂര്‍ക്കനാട് സുബ്‌ലുസുലാം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. മിക്ക കുട്ടികള്‍ക്കും നീന്തല്‍ അറിയാമായിരുന്നത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.

കെ രാധാകൃഷ്ണന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍
മലയാളിയായ കെ രാധാകൃഷ്ണനെ ഐ എസ് ആര്‍ ഒയുടെ ചെയര്‍മാനായി നിയമിച്ചു. ജി മാധവന്‍ നായര്‍ സ്ഥാനമൊഴിയുന്ന ഒഴിവിലാണ് ഇത്. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയായ രാധാകൃഷ്ണന്‍ നിലവില്‍ തിരുവനന്തപുരം വി എസ് എസ് സി ഡയറക്ടറാ‍ണ്.

കേരള കോണ്‍ഗ്രസ്: സെക്യുലര്‍ മാണിയില്‍ ലയിച്ചു
കേരള കോണ്‍ഗ്രസ് സെക്യുലറും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ലയിച്ചു. നവംബര്‍ 11നു നടന്ന ലയനസമ്മേളനത്തിലായിരുന്നു ലയനപ്രഖ്യാപനം.

മാത്യു ടിയുടെ രാജി, ജനതാദള്‍ (എസ്‌) യുഡിഎഫിലേക്ക്
ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനതാദളിന് കോഴിക്കോട് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഗതാ‍ഗതമന്ത്രി മാത്യു ടി തോമസ് മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിച്ചു.
ജനതാദള്‍ (എസ്‌) ഇടതുമുന്നണി വിട്ടു. പാര്‍ട്ടിയെ അപമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയമായ പ്രതികരണമാണ്‌ തീരുമാനമെന്ന്‌ വീരേന്ദ്രകുമാര്‍ പറഞ്ഞു. കാല്‍നൂറ്റാണ്ടു പിന്നിട്ട ഇടതുബാന്ധവം മുറിച്ചാണ്‌ ജനതാദള്‍ യുഡിഎഫിലെ ഘടകകക്ഷിയായത്‌. ഇതോടെ മുന്നണിയിലെ ഘടകകക്ഷികളുടെ എണ്ണം ഒന്‍പതായി.

ചെങ്ങറ സമരം തീര്‍ന്നു
ഭൂരഹിതരും അഞ്ചു സെന്റില്‍ താഴെ ഭൂമിയുള്ളവരുമായ 1432 കുടുംബങ്ങള്‍ക്കു ഭൂമിയും വീടും നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും പ്രതിപക്ഷ നേതാവിന്‍റെ സാന്നിധ്യത്തിലും നടന്ന ചര്‍ച്ചയില്‍ തീരുമാനമായതോടെ ചെങ്ങറ ഭൂസമരം ഒത്തുതീര്‍പ്പായി.

മാറാട്‌ കേസില്‍ ശിക്ഷ
മാറാട്‌ കൂട്ടക്കൊലക്കേസില്‍ 62 പ്രതികള്‍ക്കു മാറാട്‌ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവും 25,000 രൂപ വീതംപിഴയും ശിക്ഷിച്ചു. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണിവര്‍. പിഴ അടച്ചില്ലെങ്കില്‍ രണ്ടരവര്‍ഷം കൂടി തടവ്‌ അനുഭവിക്കണം.

വെബ്ദുനിയ വായിക്കുക