ഖതു ശ്യാംജി ക്ഷേത്രം

ഇത്തവണത്തെ തീര്‍ത്ഥാടനം പരമ്പരയിലൂടെ ഞങ്ങള്‍ നിങ്ങളെ കൊണ്ടുപോവുന്നത് രാജസ്ഥാനിലെ ശേഖാവതി ജില്ലയിലെ ഖതു ശ്യാംജി ക്ഷേത്രത്തിലേക്കാണ്. ശ്യാമവര്‍ണനായ കണ്ണന്‍റെ അവതാരമായാണ് ശ്യാംജിയെ ആരാധിക്കുന്നത്.

അതിപുരാതനമാണ് ശ്യാംജി ക്ഷേത്രം. 1679ല്‍ ഔറംഗസീബിന്‍റെ ഭരണകാലത്ത് ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടു എന്ന് ചരിത്രകാരാനായ ഝബര്‍മാല്‍ ശര്‍മ്മ അഭിപ്രായപ്പെടുന്നു. ഇപ്പോഴത്തെ ക്ഷേത്രം 1720 ല്‍ പണികഴിപ്പിച്ചതാണെന്നും ചരിത്രകാരന്‍‌മാര്‍ പറയുന്നു.

ഭീമന്‍റെ കൊച്ചുമകനും ഘടോക്കചന്‍റെ പുത്രനുമായ ബാര്‍ബാരികയെയാണ് ഇവിടെ ശ്യാമവര്‍ണനായി ആരാധിക്കുന്നത്. കലിയുഗത്തില്‍ കൃഷ്ണനായി ആരാധിക്കപ്പെടുമെന്ന് ബാര്‍ബാരികയ്ക്ക് കൃഷ്ണനില്‍ നിന്ന് മഹാഭാരത കാലത്ത് അനുഗ്രഹം ലഭിച്ചിരുന്നു. ശ്യാമവര്‍ണന്‍റെ ശിരോഭാഗം ഖതുവിലും ബാക്കി ഉടല്‍ ഭാഗം സമീപസ്ഥലമായ റിംഗൂസിലും ആരാധിക്കപ്പെടുമെന്നായിരുന്നു അനുഗ്രഹം.

WD
ശുക്ലപക്ഷ ഫാല്‍ഗുന ഏകാദശിക്ക് ഈ ക്ഷേത്രത്തില്‍ നടക്കുന്ന മേള പ്രശസ്തമാണ്. ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് ഈ അവസരത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തുക. എല്ലാ ഏകാദശി ദിനങ്ങളിലും ഞായറാഴ്ചകളിലും വിശേഷാല്‍ പൂജ ദര്‍ശിക്കാന്‍ നിരവധി ഭക്തര്‍ ഇവിടം സന്ദര്‍ശിക്കുന്നു.

ദിവസവും അഞ്ച് തരം ആരതികളാണ് ഇവിടെ നടത്തുന്നത്. ശ്യാംജിയുടെ ജന്മദിനമായ കാര്‍ത്തിക ശുക്ല ഏകാദശി ദിനത്തില്‍ ക്ഷേത്രം 24 മണിക്കൂറും ഭക്തജനങ്ങള്‍ക്കായി തുറന്ന് നല്‍കുക സാധാരണമാണ്.

എത്തിച്ചേരാന്‍

റോഡ് മാര്‍ഗ്ഗം ഖതുവില്‍ എത്തിച്ചേരാന്‍ രാജസ്ഥാന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും ജീപ്പ് സര്‍‌വീസുകളും സുലഭമാണ്. റയില്‍ മാര്‍ഗമാണെങ്കില്‍ ഖതുവിന് 15 കിലോമീറ്റര്‍ അകലെയുള്ള റിംഗൂസ് ജംഗ്ഷനിലാണ് ഇറങ്ങേണ്ടത്. വിമാനമാര്‍ഗ്ഗമെത്തുന്നവര്‍ക്ക് ഖതു ശ്യാംജി ക്ഷേത്രത്തിന് 80 കിലോമീറ്റര്‍ അകലെയുള്ള ജയ്പൂര്‍ വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്.