അഭീഷ്ട വരദായിനിയായ ആറ്റുകാല്‍ ഭഗവതിയ്ക്ക് ഭക്ത സഹസ്രങ്ങള്‍ പൊങ്കാലയര്‍പ്പിക്കുന്ന ദിനമാണ് കുംഭത്തിലെ പൂരം.
സര്‍വ്വശക്തയും സര്‍വ്വാഭീഷ്ടദായിനിയും സര്‍വ്വമംഗള മംഗല്യയുമായ ആറ്റുകാലമ്മയ്ക്ക് ഇത് തിരുവുത്സവവേള. ഭക്തകോടികള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ആശ്രയിക്കുന്നവര്‍ക്ക് അഭയമരുളി സദാകാരുണ്യാമൃതം പകരുന്ന ആറ്റുകാലമ്മ കലികാല രക്ഷകയാണ്.
കുംഭച്ചൂടില്‍ പൊരിവെയിലില്‍ വ്രതശുദ്ധിയോടെ തിരുനടയിലെത്തി സ്ത്രീകള്‍ നിവേദിക്കുന്ന കണ്ണീരും പ്രാര്‍ത്ഥനയും വീണ ചോറുണ്ണാന്‍ ആറ്റുകാലമ്മയും ഒരുങ്ങിയിരിക്കുന്ന ദിനം.
ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 22ന് വെള്ളിയാഴ്ച നടക്കും. സര്‍വ്വമംഗളമംഗല്യയായ ആറ്റുകാല്‍ഭഗവതിയുടെ അനുഗ്രഹം തേടി ലക്ഷക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയര്‍പ്പിക്കും. ഗുരുതി തര്‍പ്പണത്തോടെയാവും പൊങ്കാല മഹോത്സവത്തിന് തിരശീല വീഴുക.
ഗിന്നസ് റെക്കോഡില്‍ സ്ഥാനംപിടിച്ച ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഈ വര്‍ഷം 25 ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഭക്തജന സുരക്ഷയ്ക്കായി 2000 പൊലീസുകാരെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നു. ഒപ്പം 5000 സന്നദ്ധ സേവാ പ്രവര്‍ത്തകരും ഉണ്ടാവും.
രാവിലെ 10.50 ന് ക്ഷേത്രം മേല്‍ശാന്തി പണ്ടാര അടുപ്പില്‍ തീകത്തിക്കുന്നതോടെ പൊങ്കാല ആരംഭിക്കും. ക്ഷേത്ര തന്ത്രിയും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. വൈകുന്നേരം നാലിനാണ് പൊങ്കാല നൈവേദ്യം.
കൂടുതല്‍ പേര്‍ക്ക് ക്ഷേത്ര പരിസരത്തുതന്നെ പൊങ്കാലയര്‍പ്പിക്കാനായി ക്ഷേത്രത്തിനുനേരെ എതിര്‍വശത്തായി അഞ്ചേക്കര്‍ സ്ഥലം നി കത്തിയെടുത്തിട്ടുണ്ട്. ഇവിടെ ഏകദേശം 60,000 പേര്‍ക്ക് പൊങ്കാല ഇടാനാകും. ഇതുകൂടാതെ ക്ഷേത്രത്തിന് സമീപത്തായി ഒന്നര ഏക്കര്‍ സ്ഥലവും സജ്ജീകരിച്ചിട്ടുണ്ട്.
WD
WD
പുരാതനവും പാവനവുമായ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് തെക്കുകിഴക്ക് രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആറ്റുകാല്‍ അതിമനോഹരമായ പ്രദേശമാണ്. കിള്ളിയാറിന്‍റെ തീരത്തുള്ള സ്ഥലം കിള്ളിയാറ്റിന്‍റെ കാല്‍ ആറ്റുകാല്‍ ആയെന്നു ചുരുക്കം. നോക്കെത്താദൂരത്തോളം വയലേലകളും തെങ്ങിന്‍ തോപ്പുകളും കൊണ്ട് മനോഹരമാണ് ഈ പ്രദേശം.
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ അതിപ്രധാനമായ ഉത്സവമാണ് കുംഭമാസത്തിലെ പൊങ്കാല. ദ്രാവിഡ ജനതയുടെ ആചാരവിശേഷമാണ് പൊങ്കാലയെങ്കിലും കേരളത്തിന്‍റെ തെക്കന്‍ നാടുകളില്‍ മാത്രം ആദ്യകാലങ്ങളില്‍ പ്രചരിച്ചിരുന്ന പൊങ്കാല ക്രമേണ മറ്റു സ്ഥലങ്ങളില്‍ കൂടി വ്യാപരിക്കുന്നതായിട്ടാണ് കണ്ടു വരുന്നത്.
കാര്‍ത്തിക നക്ഷത്രത്തില്‍ ആരംഭിക്കുന്ന ഉത്സവപരിപാടികള്‍ കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസം (9- ദിവസം) നടക്കുന്ന പൊങ്കാലയോടും തുടര്‍ന്ന് കുരുതി തര്‍പ്പണത്തോടും കൂടി സമാപിക്കുന്നു.
ഒന്നാം ദിവസം പച്ചപ്പന്തല്‍ കെട്ടി നിശ്ചിതമുഹൂര്‍ത്തത്തില്‍ കണ്ണകി ചരിതം പ്രകീര്‍ത്തിച്ചുകൊണ്ട് പാട്ടുപാടി ദേവിയെ കുടിയിരുത്തുന്നു. കൊടുങ്ങല്ലൂര്‍ ഭഗവതിയെ ആവാഹിച്ചു കൊണ്ടു വന്ന് ഈ പത്തു ദിവസവും കുടിയിരുത്തുന്നതായിട്ടാണ് സങ്കല്പം.
പാട്ടു തുടങ്ങിയാല്‍ പൊങ്കാല വരെ എല്ലാ ദിവസങ്ങളിലും ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമേ വിവിധ കലാപരിപാടികളും അവതരിപ്പിക്കുന്നു.
WD
WD
മിക്കവാറും എല്ലാ ദിവസവും പൂജ കഴിഞ്ഞ് നടയടയ്ക്കുന്നതിന് മുന്‍പ് വിവിധ വര്‍ണക്കടലാസുകളാലും ആലക്തിക ദീപങ്ങളാലും അലംകൃതങ്ങളായ ദേവീ വിഗ്രഹം വഹിച്ചു കൊണ്ടുള്ള നേര്‍ച്ച വിളക്കുകെട്ടുകള്‍ ക്ഷേത്രത്തിനു ചുറ്റും നൃത്തം വയ്ക്കാറുണ്ട്.
WD
WD
ഉത്സവത്തിന്‍റെ ഒന്‍പതാം ദിവസമാണ് വിശ്വപ്രസിദ്ധമായ പൊങ്കാല നടക്കുന്നത്. ക്ഷേത്രത്തിന്‍റെ മുന്‍വശത്ത് പച്ചപന്തലിലിരുന്ന് പാടുന്ന കണ്ണകീ ചരിതത്തില്‍ പാണ്ഡ്യരാജാവിന്‍റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞ ഉടന്‍ തന്നെ പ്രധാന പൂജാരി പണ്ടാര അടുപ്പില്‍ തീ കത്തിക്കുന്നു.
തുടര്‍ന്ന് നടക്കുന്ന ചെണ്ട മേളവും, കതിനാവെടിയും പുറമെയുള്ള പൊങ്കാല അടുപ്പുകളില്‍ തീ കത്തിക്കുന്നതിന് സൂചന നല്‍കുന്നു. പൊങ്കാലക്കളങ്ങളായി മാറിക്കഴിഞ്ഞ ക്ഷേത്രത്തിന് ചുറ്റുപാടില്‍ ഉദ്ദേശം അഞ്ചു കിലോമീറ്റര്‍ ദൂരം അടുപ്പുകൂട്ടി നിര്‍ന്നിമേഷരായി പ്രതീക്ഷിച്ചിരിക്കുന്ന സ്ത്രീജനങ്ങള്‍ കുരവയോടെ തങ്ങളുടെ അടുപ്പില്‍ തീ കത്തിക്കുന്നു.
പൊങ്കാല മഹോത്സവം അതിന്‍റെ സവിശേഷത കൊണ്ട് ലോകശ്രദ്ധ ആകര്‍ഷിച്ച് കഴിഞ്ഞു. ലക്ഷക്കണക്കിന് സ്ത്രീകള്‍ നിറഞ്ഞ ഭക്തിയോടെയും ശ്രദ്ധയോടെയും പൊങ്കാലയിട്ട്, തോളോട് തോളുരുമി മുന്നില്‍ ദേവിക്ക് പരിദേവനങ്ങള്‍ സമര്‍പ്പിച്ച് അനുഗൃഹങ്ങള്‍ ഏറ്റ് വാങ്ങി, സംതൃപ്തിയോടെ സ്വഗൃഹങ്ങളിലേക്ക് മടങ്ങുന്നു.
ഇതൊരു അപൂര്‍വ്വ കാഴ്ചയാണ്. ക്ഷേത്രത്തിന്‍റെ കിലോമീറ്റര്‍ കണക്കിന് ചുറ്റളവുകളില്‍ വരെ പൊങ്കാലയടുപ്പുണ്ടാകും. അന്ന് പുരുഷന്മാര്‍ക്ക് പ്രവേശനമില്ല.ശര്‍ക്കരയും അരിയും പഴവും ചേര്‍ത്ത പൊങ്കാലപ്പായസമാണ് ദേവിക്ക് ഭക്തകള്‍ ആദരപൂര്‍വം സമര്‍പ്പിക്കുന്നത്. കൂടാതെ മണ്ടപ്പുറ്റ്, വയണയിലയില്‍ അപ്പം തുടങ്ങിയതും അമ്മയ്ക്ക് പിയങ്കരമാണ്.
രാവിലെ കുളിച്ച് ശുദ്ധമായി, ശുഭ്രവസ്ത്രധാരിണികളായി അടുപ്പു കൂട്ടുവാന്‍ വേണ്ട സാമഗ്രികളുമായി സ്ത്രീകള്‍ ക്ഷേത്ര നടയിലെത്തുന്നു. അമ്പലത്തിന് വെളിയില്‍ പൊങ്കാലയടുപ്പില്‍ നിന്ന് കത്തിക്കുന്ന അഗ്നിയില്‍ നിന്ന് പകര്‍ന്ന് പൊങ്കാലയടുപ്പുകള്‍ കത്തിക്കുന്നു .
WD
WD
പൊങ്കാല വെന്തു കഴിയുമ്പോള്‍ അത് ദേവിക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് നടക്കുന്നു. തീര്‍ത്ഥം തളിച്ച് ദേവി അത് സ്വീകരിക്കുന്നതോടെ, പൂര്‍ണ്ണതൃപ്തമായ മനസ്സോടെ സ്ത്രീകള്‍ വീടുകളിലേക്ക് തിരിക്കുന്നു.
എഴുന്നെള്ളത്ത്
WD
WD
ഒന്‍പതാം ദിവസം ശാസ്താം കോവിലിലേയ്ക്കുള്ള ഭഗവതിയുടെ എഴുന്നെള്ളത്തു നടക്കുന്നു. ഏഴുന്നെള്ളത്തു നടക്കുന്ന രാജവീഥിയില്‍ ഉടനീളം കമീനയമായി അലങ്കരിച്ച പന്തലുകളില്‍ നിറപറയും താലപ്പൊലിയും അഷ്ടമംഗല്യവുമായി ഭക്തജനങ്ങള്‍ ദേവിയെ സ്വീകരിക്കുവാനായി അണി നിരക്കുന്നു.
ശാസ്താം കോവിലിലേയ്ക്കുള്ള ഒന്നര കിലോമീറ്റര്‍ അലങ്കരിച്ച വാഹനങ്ങളും ആകര്‍ഷണീയമായ കലാപരിപാടികളും കുത്തിയോട്ടക്കാരും കുത്തിയോട്ടത്തിന് അകമ്പടി സേവിക്കുന്ന ബാന്‍ഡുമേളം, കലാപരിപാടികള്‍, തെയ്യം, പഞ്ചവാദ്യം, മയില്‍പ്പീലി നൃത്തം, കോല്‍ക്കളി, കുമ്മാട്ടിക്കളി തുടങ്ങി വൈവിധ്യമാര്‍ന്ന പ്രകടനങ്ങളും ഉണ്ടായിരിക്കും
കുത്തിയോട്ടം
ഉത്സവത്തിന്‍റെ മൂന്നാം ദിവസം 12 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികളെ നടയില്‍ പള്ളിപ്പലകയില്‍ പണം വച്ച് ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്ന ചടങ്ങ് നടക്കുന്നു. ഒറ്റത്തോര്‍ത്തുടുത്ത്, കുട്ടികള്‍ ഓലക്കീറില്‍ കിടന്നുറങ്ങും.ഉത്സവത്തിന്‍റെ അവസാനദിവസം ഈ കുട്ടികളെ അലങ്കരിച്ച് വേഷമിട്ട് "ചൂരലൂത്തുക' എന്ന ചടങ്ങ് നടക്കുന്നു.
WD
WD
എളിയില്‍ കെട്ടുന്ന ചൂരലിന്‍റെ അറ്റത്തുള്ള കൊളുത്ത് കൊണ്ട് ചോര വരുത്തുകയാണ് ചൂരലൂത്തല്‍. അവസാന ദിവസം ഗുരുസി നടക്കുന്നു.ഗുരുസി കഴിഞ്ഞാല്‍ അടുത്ത ദിവസം വൈകിമാത്രമേ നട തുറക്കുകയുള്ളു.
WD
WD
നിരത്തായ നിരത്തൊക്കെ, വീടായ വീടൊക്കെ പൊങ്കാലയടുപ്പുകള്‍ കൊണ്ട് നിറയും. ഇടവഴികളില്‍ നടവഴികളില്‍ നാലു കെട്ടില്‍ എല്ലായിടവും ആറ്റുകാലമ്മയെ മനസാ സ്മരിച്ചു കൊണ്ട് ഭക്തിയില്‍ നിറയുന്ന മനസും ശരീരവുമായി വ്രതം നോറ്റെത്തുന്ന അംഗനമാര്‍ മാത്രമാവും . അതേ ഇത് കേരളക്കരയുടെ ഉത്സവം. സ്ത്രീകളുടെ മാത്രമായ കോവിലില്‍ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന മഹോത്സവം.
തിരുവനന്തപുരത്ത് കിഴക്കേക്കോട്ട മുതല്‍ ആറ്റുകാല്‍ അമ്പലം വരെയുള്ള സ്ഥലങ്ങളെല്ലാം ഭക്തിസാന്ദ്രമാണിപ്പോള്‍. മൈക്കുകള്‍ കെട്ടിയുയര്‍ത്തി അതിലൂടെ അമ്മയുടെ വരദാനങ്ങളെ നാടുമുഴുവന്‍ പാടികേള്‍പ്പിക്കുകയാണ് ഭക്തര്‍. എല്ലാ വഴികളും ആറ്റുകാലിലേയ്ക്ക്.എല്ലാ മനസും അമ്മയുടെ അപദാനങ്ങള്‍ വാഴ്ത്താന്‍. എല്ലാ കണ്ണുകളും ആ ദര്‍ശന സായൂജ്യത്തിന്. എല്ലാവര്‍ക്കും ഒരേ ലക്ഷ്യം.
ഓരോ വര്‍ഷവും പൊങ്കാലയിടാനെത്തുന്നവരുടെ തിരക്ക് കൂടിവരികയാണ്. എല്ലാ വര്‍ഷവും പൊങ്കാലയിടാനെത്തുന്ന പുതുമുഖങ്ങള്‍ ആയിരക്കണക്കിനാണ്. സര്‍വ്വാഭീഷ്ടദായിനിയായ അമ്മയുടെ കഥ കേട്ട് പൊങ്കാലയുടെ ആധ്യാത്മിക വിശുദ്ധി നേരിലറിയാന്‍, അതില്‍ പങ്കു ചേരാന്‍ പുതുതായെത്തുന്നവര്‍ എത്രയെങ്കിലുമാണ്.
WD
WD
പൊങ്കാല ദിനത്തില്‍ ആറ്റുകാല്‍ പരിസരത്ത് വിപണി സജീവമാവും. പൊങ്കാലയടുപ്പിനുള്ള കല്ലുകള്‍ മുതല്‍ വൈകുന്നേരത്തെ താലപ്പൊലിയ്ക്കണിയാനുള്ള കിരീടങ്ങള്‍ വരെ സര്‍വ്വതും തയാര്‍.വില പലതാണെങ്കിലും നിറത്തിലും വര്‍ണത്തിലും വ്യത്യാസം ഉണ്ടെങ്കിലും എല്ലായിടവും തിരക്കോടുതിരക്ക് ആയിരിക്കും. കലം വാങ്ങാന്‍, ശര്‍ക്കര വാങ്ങാന്‍, അരിമാവിന്, വയണയിലയ്ക്ക്, പയറുപൊടിച്ചതിന് എല്ലാത്തിനും വന്‍ തിരക്ക്.