ഹനുമദ് ജയന്തി

PRO
ശ്രീരാമ ഭക്തനായ ഹനുമാന്‍റെ ജന്മദിനമാണ്‌ ഹനുമദ് ജയന്തിയായി ഹിന്ദുക്കള്‍ ആഘോഷിക്കുന്നത്‌. ഭഗവാന്‍ ശിവന്‍റെ അവതാരമാണ്‌ ഹനുമാന്‍‍.

ചൈത്ര ശുക്ല പക്ഷ പൗര്‍ണ്ണമി ദിനത്തിലാണ്‌ ഹനുമാന്‍ ജനിച്ചതെന്നാണ്‌ വിശ്വാസം. മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളില്‍ ആണ്‌ സാധാരണയായി ഈ ദിവസം വരാറുള്ളത്‌. ഈ ദിവസത്തില്‍ ഭക്തര്‍ ഹനുമദ് പ്രീതിക്കുവേണ്ടി വൃതം നോറ്റ്‌ രാമനാമ ജപവുമായി കഴിയുന്നു.

വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍റെ ഏറ്റവും വലിയ ഭക്തനാണ്‌ ഹനുമാന്‍‍. അതുകൊണ്ടുതന്നെ ഹനുമാന്‍റെ‍ പ്രീതിക്കുവേണ്ടി ശ്രീരാമചന്ദ്രനെ ഈ ദിവസം ഭജിക്കുന്നത്‌ ഏറ്റവും ഉത്തമമാണ്‌. മികവുറ്റ സംഗീതജ്ഞന്‍ കൂടിയാണ്‌ ചിരംജീവിയായ ഹനുമാന്‍ .

ഹനുമാന്‍

അഞ്ജനയുടെ പുത്രനായ ഹനുമാന്‍റെ ജനനകാരണത്തെപ്പറ്റി വ്യത്യസ്തകഥകള്‍ പ്രചാരത്തിലുണ്ട്‌. വായു ആ ശിശുവിന്‍റെ പിതൃത്വം ഏറ്റെടുത്തതിനാല്‍ ഹനുമാന്‍ വായു പുത്രനായി വളര്‍ന്നു.

ദേവഗുരുവായ ബൃഹസ്പതിയുടെ ശാപംമൂലം വാനരസ്ത്രീയായി പിറന്ന അഞ്ജന ഹനുമാനെ പ്രസവിച്ചു കഴിഞ്ഞപ്പോള്‍ തന്നെ ശാപമോചനം നേടി ലോകം വെടിഞ്ഞു.

അപ്പോള്‍തന്നെ ജ്വലിക്കുന്ന സൂര്യനെക്കണ്ട്‌ ആകൃഷ്ടനായി സൂര്യബിംബത്തിനു നേര്‍ക്കും അവിടെനിന്ന്‌ ഇന്ദ്രവാഹനമായ ഐരാവതത്തിന്‍റെ നേര്‍ക്കും കുതിച്ചു ചാടിയ ശിശു ഇന്ദ്രന്‍റെ വജ്രായുധമേറ്റു താടി മുറിഞ്ഞു നിലംപതിച്ചു. ആ മുറിവിന്‍റെ പാട്‌ താടിയില്‍ അവശേഷിച്ചതിനാല്‍ ഹനുമാന്‍ എന്ന പേരുണ്ടായി എന്നും കഥയുണ്ട്‌.

രാവണന്‍ സീതയെ അപഹരിച്ചതിനെത്തുടര്‍ന്ന്‌ ദുഃഖിതനായി കാട്ടില്‍ അലഞ്ഞുതിരിഞ്ഞ രാമനെ സുഗ്രവനുമായി സഖ്യം ചെയ്യിച്ചതും സമുദ്രം ചാടിക്കടന്നു ലങ്കയില്‍ ചെന്ന്‌ സീതയെ കണ്ടെത്തിയതും ഹനുമാനാണ്.

അന്ന്‌ തൊട്ട്‌ രാമന്‍റെ വിശ്വസ്തമിത്രമായിത്തീര്‍ന്ന ഹനുമാനൊപ്പമാണ് ഹിന്ദുക്കള്‍ രാമനെ സ്മരിക്കുകയും ആരാധിക്കുകയും ചെയ്തുവരുന്നത്‌.

ഹനുമാന്‍റെ അസാമാന്യമായ ബലം, അത്ഭുതകൃത്യങ്ങള്‍, പാണ്ഡിത്യം തുടങ്ങിയവയെക്കുറിച്ചുള്ള അനവധി പുരാണ കഥകള്‍ നിലവിലുണ്ട്.

വെബ്ദുനിയ വായിക്കുക