മണ്ടയ്ക്കാട്‌ കൊട ചൊവ്വാഴ്ച

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട്‌ ഭഗവതി ക്ഷേത്രത്തിലെ കൊട മഹോത്സവം ചൊവ്വാഴ്ച നടക്കും. കുംഭ മാസത്തിലെ അവസാന ചൊവ്വാഴ്ചയാണ്‌ കൊട. ഇതിന്‌ പത്തു ദിവസം മുമ്പുള്ള ഞായറാഴ്ചയാണ്‌ കൊടിയേറ്റ്‌.

ചൊവ്വാഴ്ച വെളൂപ്പിന്‌ ആരംഭിക്കുന്ന ഉത്സവച്ചടങ്ങുകള്‍ രാത്രി ഒരു മണിക്ക്‌ നടക്കുന്ന കുരുതി തര്‍പ്പണത്തോടെയാണ്‌ അവസാനിക്കുക. ഈ വര്‍ഷം ക്ഷേത്രത്തിലെ കൊടിയേറ്റു മുതല്‍ എല്ലാ ദിവസവും ക്ഷേത്ര പരിസരത്ത്‌ പൊങ്കാല അര്‍പ്പിക്കാന്‍ സ്ത്രീകളുടെ വന്‍ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌.

പൊങ്കാലയിടാനായി 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിയും കെട്ടി എത്തുന്ന സ്ത്രീകളാണ്‌ ഇവിടെ പൊങ്കാലയിടുന്നത്‌.

ഒരു കാലത്ത് തിരുവിതാം‌കൂറിന്‍റെ ഭാഗമായിരുന്ന ഈ പ്രദേശത്തെ ക്ഷേത്രത്തില്‍ ഇപ്പോഴും കേരളത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക്‌ അനുസൃതമായാണ്‌ പൂജയും മറ്റ് ചടങ്ങുകളും നടക്കുന്നത്‌. കന്യാകുമാരി ജില്ലയിലെ കല്‍ക്കുളം താലൂക്കില്‍ കടല്‍ തീരത്തോടടുത്താണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌.

മണ്ടയ്ക്കാട്ട്‌ വരുന്ന ഭക്തരില്‍ അധികവും കൊല്ലം ജില്ലയിലുള്ള മലയാളികളാണ്.കഴിഞ്ഞ ഞായറാഴ്ച മുതല്‍ മണ്ടയ്ക്കാട്ട്‌ അഭൂത പൂര്‍വമായ തിരക്കാണനുഭവപ്പെടുന്നത്‌. തീര്‍ത്ഥാടകരുടെ സൌകര്യാര്‍ത്ഥം തിരുവനന്തപുരത്തു നിന്ന് മണ്ടയ്ക്കാട്ടേക്ക്‌ നേരിട്ട്‌ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സര്‍വീസുകള്‍ നടത്തുന്നുണ്ട്‌.

വെബ്ദുനിയ വായിക്കുക