കേരളം ഭരിച്ചിരുന്ന അസുരരാജാവായ മഹാബലിയെ വാമനാവതാരം പൂണ്ട മഹാവിഷ്ണു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ മഹാവിഷ്ണു ബലിക്ക് വരം നല്‍കി. മഹാബലി നാടുകാണാനെത്തുന്ന ദിവസമാണ് തിരുവോണം. ഇതാണ് ഓണത്തിന്റെ പുരാവൃത്തവും ഐതീഹ്യവും. ഈ യുഗത്തിലെ ഇന്ദ്രന്റെ സ്ഥാനം ഒഴിയുമ്പോള്‍ അടുത്ത ഇന്ദ്രനായി അവരോധിക്കപ്പെടാനുള്ള അനുഗ്രഹവും വിഷ്ണു മഹാബലിക്ക് നല്‍കിയിട്ടുണ്ട്.
പരിണാമ സിദ്ധാന്തമനുസരിച്ച് മനുഷ്യന്റെ ബോധതലം ഉരുത്തിരിയുന്ന പ്രാക്തനാവസ്ഥയെയാണ് വാമനന്‍ പ്രതിനിധീകരിക്കുന്നത് എന്നൊരു വാദമുണ്ട്. പരിണാമ സിദ്ധാന്തത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ അതു ശരിയാണ്. എന്നാല്‍ എല്ലാത്തരത്തിലും പൂര്‍ണ്ണതയും കായികശക്തിയും ഉള്ള മഹാബലി എങ്ങനെ ഉണ്ടായി? എല്ലാം കഥയല്ലേ എന്നു കരുതി സമാധാനിക്കാം.
ഓണത്തിന് പ്രജകളെ കാണാന്‍ മഹാബലിയെത്തുമ്പോള്‍ മനോദുഃഖമുളവാക്കുന്നതൊന്നും അദ്ദേഹം ദര്‍ശിക്കരുതെന്ന് മലയാളികള്‍ ആഗ്രഹിക്കുന്നു. എല്ലാ ദുരിതങ്ങള്‍ക്കുമവധി കൊടുത്ത്, മലയാളികള്‍ ഓണമാഘോഷിക്കുന്നതിന് കാരണവും അതാണ്. കാണം വിറ്റും ഓണമുണ്ണണം എന്ന പ്രയോഗത്തിന്റെ അടിസ്ഥാനവുമിതാണ്.