ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം ബിഹാറിലെ ഈസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ നിര്‍മ്മിക്കുന്നു. എന്നാല്‍ ലോകപ്രശസ്ത ക്ഷേത്രമായ കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും ഇതിന്റെ നിര്‍മ്മാണം. ബിഹാറിലെ മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി ആചാര്യ കിഷോര്‍ കുനാലാണ് ഇക്കാര്യം അറിയിച്ചത്.
ഹിന്ദു വാസ്തുവിദ്യ പ്രകാരം നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന് ‘ഗോ-മുഖ്‘ ആകൃതിയായിരിക്കും. അങ്കോര്‍ വാട്ട് ക്ഷേത്രത്തിന്റേത് പോലുള്ള ശിഖരമാണ് പുതിയ ക്ഷേത്രത്തിനു രൂപകല്പന ചെയ്യുന്നത്. എന്നാല്‍ ഗോപുരങ്ങള്‍ മിക്കതും ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളുടെ ശൈലിയിലാണ്.
ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി ട്രസ്റ്റിനു 160 ഏക്കറോളം സ്ഥലം ലഭ്യമായിട്ടുണ്ട്. ഇതില്‍ 90 ഏക്കറില്‍ ക്ഷേത്രം നിര്‍മ്മിക്കും. 2800 അടി നീളത്തിലും 1400 അടി വീതിയിലുമാണ് നിര്‍മ്മാണം. ഇതിലെ പ്രധാന ക്ഷേത്രത്തിന് 1250 അടി നീളവും 1150 അടി വീതിയുമുണ്ടാവും. 270 അടി ഉയരത്തിലായിരിക്കും പ്രധാന ക്ഷേത്രത്തിന്റെ ശിഖരം നിര്‍മ്മിക്കുക.
ഏഴോ എട്ടോ വര്‍ഷങ്ങള്‍ കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് ട്രസ്റ്റ് പറയുന്നത്.