ബുധനാഴ്ച ബദര്‍ ദിനം

മുഹമ്മദ് നബി സ്വന്തമായി നയിച്ച ആദ്യത്തെ വിശുദ്ധ യുദ്ധമാണ് ബദര്‍. ഈ യുദ്ധത്തിലെ വിജയത്തോടെയാണ് മദീനയില്‍ ഇസ്ലാമിക രാഷ്ട്രം ശക്തമായിത്തീര്‍ന്നത്. ഈ ദിവസത്തിന്‍റെ വിജയത്തിന്‍റെ ഓര്‍മ്മ പുതുക്കുന്ന ദിനമാണ് റംസാന്‍ പാതിയില്‍ വരുന്ന ബദര്‍ ദിനം.

ഈ ദിവസം ആഘോഷിക്കാനായി മക്കയിലും മദീനയിലും ഇസ്ലാമിക വിശ്വാസികള്‍ വന്നു നിറഞ്ഞിരിക്കുകയാണ്. സൌദിയില്‍ നിന്നും മെക്കയിലേക്കും മദീനയിലേക്കും പാക്കേജ് ടൂറുകളും നടക്കുന്നുണ്ട്. ഈ വിശുദ്ധ നഗരങ്ങളില്‍ ബുധനാഴ്ചയോടെ തീര്‍ത്ഥാടകരുടെ വന്‍ തിരക്കായിരിക്കും അനുഭവപ്പെടുക.

മെക്കയിലെയും മദീനയിലെയും ഹറമുകളുടെ അകത്തും പുറത്തും തീര്‍ത്ഥാടകര്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ തന്നെ.

സ്വന്തം നാടായ മക്കയില്‍ നിന്ന് മദീനയിലെത്തിയ മുഹമ്മദ് നബി അബു ജഹാലിന്‍റെ നേതൃത്വത്തോടുള്ള സൈന്യത്തോടാണ് ബദറില്‍ ഏറ്റുമുട്ടിയത്. ജിദ്ദയില്‍ നിന്നും മദീനയിലേക്ക് ഉണ്ടായിരുന്ന പഴയ വഴിയിലാണ് ബദര്‍ എന്ന സ്ഥലം. യുദ്ധം നടന്ന സ്ഥലവും ജീവന്‍ ബലി നല്‍കിയ വിശ്വാസികളുടെ കബറിടങ്ങളും സൌദി പ്രത്യേകം സംരക്ഷിച്ച് പരിപാലിച്ചു വരുന്നുണ്ട്.

റംസാന്‍റെ രണ്ടാം പത്തില്‍ ബദര്‍ ദിനം കൂടാതെ ആയിരം മാസത്തേക്കാള്‍ പുണ്യമായ ലൈലത്തുല്‍ ഖദര്‍ രാവ് ഉള്‍പ്പെടുന്നു.

വെബ്ദുനിയ വായിക്കുക