രുദ്രാക്ഷം ധരിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ !

ബുധന്‍, 11 ഒക്‌ടോബര്‍ 2017 (14:41 IST)
ശിവചൈതന്യവുമായി ബന്ധപ്പെടുത്തിയാണ് രുദ്രാക്ഷത്തിന് ഹിന്ദുക്കള്‍ ആത്മീയപരമായും ജ്യോതിഷപരമായും ഉയര്‍ന്ന സ്ഥാനം നല്‍കിയിരിക്കുന്നത്. രുദ്രാക്ഷം ധരിക്കുന്നത് മൂലം ഗ്രഹ ദോഷങ്ങള്‍ അകലുകയും സമ്പത്ത്, സമാധാനം, ആരോഗ്യം എന്നിവ ഉച്ചസ്ഥായിയില്‍ എത്തുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
 
രുദ്രാക്ഷം തെരഞ്ഞെടുക്കുന്നത് പോലെതന്നെ ധരിക്കുന്നതിനും ചില നിയമങ്ങള്‍ ഉണ്ട്. രുദ്രാക്ഷം ധരിക്കുന്ന സമയത്ത് ശുദ്ധവൃത്തികള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. പ്രാര്‍ത്ഥനയും മന്ത്രോച്ചാരാണവും നടത്തി ഐശ്വര്യദായക ദിവസങ്ങളില്‍ വേണം രുദ്രാക്ഷ ധാരണം നടത്തേണ്ടത്. 
 
ധരിക്കുന്ന ആള്‍ ദിവസവും രുദ്രാക്ഷമന്ത്രം ഉരുക്കഴിക്കേണ്ടതുമുണ്ട്. ഋതുമതികളായിരിക്കുന്ന സമയത്ത് രുദ്രാക്ഷം ധരിക്കാന്‍ പാടില്ല. ഉറങ്ങാന്‍ പോവുമ്പോള്‍ രുദ്രാക്ഷം ധരിക്കാന്‍ പാടില്ല. രുദ്രാക്ഷം വിശുദ്ധമായ സ്ഥലത്ത് വേണം സൂക്ഷിക്കേണ്ടത്‍. ദിവസവും രാവിലെ സ്നാനം കഴിഞ്ഞ ശേഷം മന്ത്രം ഉരുക്കഴിച്ച് ധരിക്കണം.
 
രാത്രിയില്‍ കിടക്കുന്നതിനു മുമ്പായി അത് ഊരി വയ്ക്കുമ്പോഴും മന്ത്രോച്ചാരണം നടത്തണം. ലൈംഗിക ബന്ധം നടത്തുമ്പോള്‍ രുദ്രാക്ഷം അണിയരുത്. ശവദാഹത്തില്‍ പങ്കെടുക്കുമ്പോഴും പ്രസവം നടന്ന വീട്ടില്‍ വാലായ്മ കഴിയുന്നതിന് മുമ്പ് സന്ദര്‍ശനം നടത്തുമ്പോഴും രുദ്രാക്ഷം അണിയരുത് എന്നാണ് വിദഗ്ധമതം.
 
മരണസമയത്ത് രുദ്രാക്ഷം ധരിച്ചിരുന്നാല്‍ അവന് മോക്ഷം ഉറപ്പാണെന്ന് പുരാണങ്ങള്‍ പറയുന്നു. രുദ്രാക്ഷം കഴുത്തിലോ കൈയിലോ കെട്ടിക്കൊണ്ട് ഒരാള്‍ മരിച്ചാല്‍ അവന്‍ രുദ്രപദം പ്രാപിക്കും. പുനര്‍ജന്മമുണ്ടാവില്ല. തന്റെ കുലത്തിലെ 21 തലമുറയെ ഉദ്ധരിക്കുവനായി രുദ്രലോകത്ത് വസിക്കും എന്നാണ് വിശ്വാസം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍