പ്രവാചകവൈദ്യവും ചികിത്സാ രീതികളും

WD
ആരോഗ്യ പരിപാലനത്തെയും രോഗചികിത്സയെയും സംബന്ധിക്കുന്ന പ്രവാചക വചനങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. അതെല്ലാം സമാഹരിക്കപ്പെട്ടിട്ടുണ്ട്‌. ബുഖാരി, മുസ്ലിം, അബൂദാവൂദ്‌, തിര്‍മുദി തുടങ്ങിയ പ്രസിദ്ധരായ ഹദീസ്‌ സമാഹര്‍ത്താക്കള്‍ 'കിതാബുത്വിബ്ബ്‌' (വൈദ്യപുസ്തകം) എന്ന തലക്കെട്ട് നല്‍കി ഇത്തരം ഹദീസുകള്‍ ക്രോഡീകരിച്ചിരിച്ചിട്ടുണ്ട്. 'ത്വിബ്ബുന്നബി' (പ്രവാചകവൈദ്യം) എന്നപേരിലാണ്‌ നബിയുടെ ചികിത്സാരീതി അറിയപ്പെടുന്നത്‌.

പ്രവാചകവൈദ്യവുമായി ബന്ധപ്പെട്ട നാനൂറോളം ഹദീസുകള്‍ ഉണ്ട്. അബൂബകറുബ്നുസാനി, അബൂനുഐം, ഇബ്നുല്‍ഖയ്യിം അല്‍ ജൗസി, അബൂ അബ്ദില്ലാഹിദ്ദഹബി , അബ്ദുറഹ്മാനുസ്സുയൂത്വി എന്നിവര്‍ ത്വിബ്ബുന്നബി സംബന്ധമായ ഹദീസുകളില്‍ പ്രത്യേക പഠനം നടത്തിയ പ്രമുഖരാണ്‌. ഇംഗ്ലീഷ്‌ ഉള്‍പ്പെടെയുള്ള നിരവധി വിദേശ ഭാഷകളിലേക്ക്‌ ത്വിബ്ബുന്നബി ഹദീസ്‌ സമാഹാരങ്ങള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്‌.

ഒരിക്കല്‍ തിരുനബിയോട്‌ ഒരു ശിഷ്യന്‍ ചോദിച്ചു: 'മരുന്ന്‌ കൊണ്ട്‌ വല്ല ഉപയോഗവുമുണ്ടോ?' നബി ഇങ്ങനെ പറഞ്ഞു: 'അതെ.' 'ദൈവദാസരേ, ഔഷധമുപയോഗിക്കുക, മരുന്ന്‌ സൃഷ്ടിക്കാതെ അല്ലാഹു രോഗത്തെ സൃഷ്ടിച്ചിട്ടില്ല.' എന്ന്‌ നബി പറഞ്ഞു. രോഗം ദൈവകോപമല്ല എന്നു പ്രവാചകന്‍ അനുയായികളെ ബോധ്യപ്പെടുത്താറുണ്ടായിരുന്നു. ദൈവദൂതന്മാര്‍ക്കും രോഗങ്ങള്‍ പിടിപെട്ടിട്ടുണ്ടെന്ന്‌ നബി ഓര്‍മിപ്പിച്ചു.

WD
ഡഗ്ലാസ്‌ ഗുഥ്‌രി തന്‍റെ 'എ ഹിസ്റ്ററി ഓഫ്‌ മെഡിസിനില്‍' അഭിപ്രായപ്പെടുന്നത്‌ മുഹമ്മദ്‌ നബിയുടെ വചനങ്ങളാണ്‌ വൈദ്യമേഖലയില്‍ വന്‍പുരോഗതി കൈവരിക്കാന്‍ മധ്യകാലഘട്ടത്തിലെ മുസ്ലിം ഭിഷഗ്വരന്മാര്‍ക്ക്‌ പ്രേരണയായത്‌ എന്നാണ്‌. രോഗികളെ സന്ദര്‍ശിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുക എന്നത്‌ ഒരു വ്യക്തിക്ക്‌ മറ്റൊരു വ്യക്തിയോടുള്ള ആറു കടപ്പാടുകളില്‍ ഒന്നായാണ്‌ മുഹമ്മദ് നബി എണ്ണിയിരിക്കുന്നത്‌.

രോഗികളെ സന്ദര്‍ശിക്കുമ്പോള്‍ ശരിയായ വൈദ്യോപദേശം തേടാനും മുഹമ്മദ് നബി രോഗികളോട്‌ ആവശ്യപ്പെടുക പതിവായിരുന്നു.

രോഗികളെ ശ്രദ്ധയോടെ പരിചരിക്കണമെന്ന്‌ നബി വൈദ്യന്മാരെ ഉപദേശിക്കാറുണ്ടായിരുന്നു. ഔഷധ പ്രയോഗത്തില്‍ വൈദഗ്ധ്യമുള്ളവര്‍ മാത്രമേ ചികിത്സിക്കാവൂ എന്നും നബി ഉപദേശിച്ചിരുന്നു. നബി പല രോഗങ്ങള്‍ക്കും ചികിത്സ നിര്‍ദേശിക്കുകയുണ്ടായിട്ടുണ്ട്‌. തേന്‍, സുന്നാമാക്കി, കാരക്ക, ഒലീവ്‌, കരിഞ്ചീരകം, ഉലുവ, കറിവേപ്പ്‌, ഇഞ്ചി, കുങ്കുമം, പെരിഞ്ചീരകം, കറ്റുവാഴ തുടങ്ങിയവ നബി നിര്‍ദേശിച്ച ഔഷധങ്ങളില്‍ പെടുന്നു.

പ്ലേഗ്‌ ബാധിച്ച സ്ഥലത്തേക്ക്‌ പോകരുതെന്നും പ്ലേഗ്‌ ബാധിച്ച സ്ഥലത്തു നിന്ന്‌ മറ്റു നാടുകളിലേക്ക്‌ ഓടിപ്പോകരുതെന്നുമുള്ള പ്രവാചകന്‍റെ ഉപദേശം സാംക്രമിക രോഗങ്ങള്‍ക്കെതിരെയുള്ള ശാസ്ത്രീയമായ മുന്‍കരുതലിനെ സൂചിപ്പിക്കുന്നു. രോഗങ്ങളെക്കുറിച്ച്‌ അറബികള്‍ വെച്ചുപുലര്‍ത്തിയിരുന്ന അന്ധവിശ്വാസങ്ങളെ പ്രവാചകന്‍ തിരുത്തി. പുതിയൊരു വൈദ്യശാസ്ത്ര വിപ്ലവത്തിന്‌ ഇതുവഴി പ്രവാചകന്‍ തുടക്കം കുറിച്ചു.