പടത്തിന് പേര് 30 വെള്ളിക്കാശ്, ചെലവ് 35 കോടി!

ബുധന്‍, 6 ജൂണ്‍ 2012 (14:54 IST)
PRO
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം അണിയറയിലൊരുങ്ങുന്നു. 35 കോടി രൂപ ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം ബൈബിള്‍ കഥയെ ആധാരമാക്കിയാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന് പേര് ‘മുപ്പത് വെള്ളിക്കാശ്’. ജോണി സാഗരിക നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥയും സംവിധാനവും കുര്യന്‍ വര്‍ണശാല.

ജൂണ്‍ ഒടുവില്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന ‘മുപ്പത് വെള്ളിക്കാശ്’ ഇന്ത്യയിലും ഇസ്രയേലിലുമായി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ബൈബിളിനെ ആധാരമാക്കി നിര്‍മിക്കുന്ന ആദ്യ മലയാള 3ഡി ചിത്രമായിരിക്കും ഇത്.

സ്റ്റീഫന്‍ ദേവസി സംഗീതം നല്‍കുന്ന ചിത്രത്തില്‍ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പടെ മലയാളത്തിലെ പ്രമുഖര്‍ അണിനിരക്കും. ചിത്രത്തിന്‍റെ ലൈറ്റിംഗ്‌ സെറിമണി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കെ സി ബി സി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ അധ്യക്ഷനായിരുന്നു.

ആര്‍ച്ച് ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ തിരക്കഥയുടെ ആശീര്‍വാദം നിര്‍വഹിച്ചു. ഫാസില്‍, സിബി മലയില്‍, നടന്‍ മധു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്താ ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം, ആര്‍ച്ച് ബിഷപ്പുമാരായ ഡോ. എം സൂസപാക്യം, തോമസ്‌ മാര്‍ കൂറിലോസ്‌ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.

വെബ്ദുനിയ വായിക്കുക