ദിലീപ് തികഞ്ഞ സായി ഭക്തന്‍, കാരണം മീരാ ജാസ്മിന്‍!

ചൊവ്വ, 14 ഓഗസ്റ്റ് 2012 (15:45 IST)
PRO
ദിലീപ് ഇപ്പോള്‍ തികഞ്ഞ സായിബാബ ഭക്തനാണ്. അത് സത്യസായി ബാബയായി അഭിനയിക്കാനൊരുങ്ങുന്നതു കൊണ്ട് മാത്രമല്ല. വര്‍ഷങ്ങള്‍ക്കുമുമ്പ്, ബാബയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതുമുതല്‍ ദിലീപ് ഭക്തനായി മാറുകയായിരുന്നു. സത്യസായി ബാബയെക്കുറിച്ച് ദിലീപിന് ഏറെക്കാര്യങ്ങള്‍ പറഞ്ഞുകൊടുത്തത് മറ്റാരുമല്ല, മീരാ ജാസ്മിനാണ്.

ബ്ലെസി സംവിധാനം ചെയ്ത കല്‍ക്കട്ടാ ന്യൂസിന്‍റെ ചിത്രീകരണവേളയിലാണ് സത്യാസായി ബാബയുടെ ജീവിതകഥകളും ബാബയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മീരാ ജാസ്മിന്‍ ദിലീപിന് വിവരിച്ചുകൊടുത്തത്. ബാബയുടെ ആശ്രമത്തെയും ആരാധനകളെയും മീര ദിലീപിന് പരിചയപ്പെടുത്തി.

അതോടെ താന്‍ സായിബാബ ഭക്തനായി മാറുകയായിരുന്നു എന്ന് ദിലീപ് വ്യക്തമാക്കുന്നു. സത്യസായി ബാബ ട്രസ്റ്റിന്‍റെ കീഴിലുള്ള ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ സൗജന്യമായാണ്‌ ചെയ്യുന്നത്‌. എന്‍റെ അച്ഛന്‍റെ പേരിലുള്ള ട്രസ്റ്റിലേക്ക്‌ ഹൃദയ ശസ്ത്രക്രിയക്ക്‌ സഹായം ചോദിച്ച്‌ വരുന്നവരെ ഞങ്ങള്‍ സത്യസായി ബാബ ആശുപത്രിയിലേക്ക് വിടുകയാണ് ചെയ്യുന്നത്. അവിടെ ചാരിറ്റിക്കായി നല്‍കേണ്ടിവരുന്ന ചെറിയ തുക ട്രസ്റ്റ് അടയ്ക്കും - ദിലീപ് അറിയിച്ചു.

പണം കൈപ്പറ്റാതെ നടത്തുന്ന സേവനങ്ങളെ ആദരിക്കേണ്ടതാണ്. സഹജീവികള്‍ക്ക് ബാബ നടത്തിയ സഹായങ്ങളും മറ്റും തന്നെ ബാബയിലേക്ക് അടുപ്പിക്കുകയായിരുന്നു എന്നും ദിലീപ് പറയുന്നു. “ബാബയിലേക്ക് ജനലക്ഷങ്ങള്‍ അടുക്കുന്നു എന്ന സത്യം നമുക്ക് തള്ളിക്കളയാനാവില്ല. ആര്‍ക്കും നിഷേധിക്കാനാവാത്ത ഒരു കരിസ്മയുണ്ടായിരുന്നു അദ്ദേഹത്തിന്. ഏതൊരു ചോദ്യത്തിനും വിശദമായ ഉത്തരങ്ങള്‍ ബാബയ്ക്കുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകളോടും അദ്ദേഹം കാഴ്ചവച്ചിട്ടുള്ള അത്ഭുതങ്ങളോടും എനിക്ക് ആദരവാണ്. അദ്ദേഹത്തെ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ ഏറെ ഹോം‌വര്‍ക്ക് ആവശ്യമുണ്ട്. ആ മാനറിസങ്ങള്‍ വീഡിയോകളിലൂടെ ഞാന്‍ പഠിച്ചുവരികയാണ്” - ദിലീപ് വെളിപ്പെടുത്തി.

തെലുങ്കിലെ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകന്‍ കോടിരാമകൃഷ്ണയാണ് സത്യസായി ബാബയായി അഭിനയിക്കാന്‍ ദിലീപിനെ ക്ഷണിച്ചത്. ദിലീപ് ക്ഷണം സ്വീകരിച്ചു. മലയാളത്തിലെ ഒരു താരം വാങ്ങിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിനാണ് ദിലീപ് ഈ ചിത്രത്തിലേക്ക് കരാറായിരിക്കുന്നത്. ബാബയുടെ 25 മുതല്‍ 85 വയസ്സുവരെയുള്ള ജീവിതമാണ്‌ ദിലീപ്‌ അവതരിപ്പിക്കുന്നത്‌. തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്ക ഷെട്ടി ഈ ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജയപ്രദ ഈ ചിത്രത്തില്‍ ദിലീപിന്‍റെ മാതാവായി അഭിനയിക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും ഈ സിനിമയ്ക്ക് ലൊക്കേഷനായിരിക്കും. സെപ്റ്റംബര്‍ അവസാനം ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.

വെബ്ദുനിയ വായിക്കുക